ദാവൂദിന്‍െറ ഹോട്ടല്‍ ബാലകൃഷ്ണന്‍ സ്വന്തമാക്കി

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍െറ ഹോട്ടല്‍ മുംബൈയിലെ മലയാളി പത്രപ്രവര്‍ത്തകന്‍ എസ്. ബാലകൃഷ്ണന്‍ ലേലത്തില്‍ പിടിച്ചു. ദക്ഷിണ മുംബൈ ഭിണ്ടി ബസാറിലെ പാക്മോഡിയ സ്ട്രീറ്റിലുള്ള ‘ഡല്‍ഹി സൈക’ ഹോട്ടലാണ് 4.28 കോടി രൂപക്ക് ലേലത്തില്‍ പിടിച്ചത്. 1.18 കോടി രൂപയായിരുന്നു അടിസ്ഥാന വില. ബാലകൃഷ്ണനെ കൂടാതെ ദാവൂദി ബുര്‍ഹാനി അപ്ലിഫ്റ്റ്മെന്‍റ് ട്രസ്റ്റും 45.16 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ഹോട്ടലിനായി രംഗത്തുണ്ടായിരുന്നു. 4.27 ലക്ഷം രൂപവരെയാണ് ബുര്‍ഹാനി ട്രസ്റ്റ് വിളിച്ചത്. അതോടെ ലേലം ബാലകൃഷ്ണന് ഉറപ്പിച്ചു. ബുധനാഴ്ച ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള ഹോട്ടല്‍ ഡിപ്ളോമാറ്റിലായിരുന്നു ലേലം. ലേലത്തില്‍നിന്ന് വിട്ടുനില്‍ക്കാനാവശ്യപ്പെട്ട് ഛോട്ടാ ശക്കീല്‍ ഭീഷണിസന്ദേശം അയച്ചെങ്കിലും ബാലകൃഷ്ണന്‍ വഴങ്ങിയില്ല. ഹോട്ടല്‍ ഡല്‍ഹി സൈക്കിയ അടക്കം 1993ലെ മുംബൈ സ്ഫോടന പരമ്പരക്കു ശേഷം സര്‍ക്കാര്‍ പിടിച്ചെടുത്ത ദാവൂദിന്‍െറ ഏഴ് സ്വത്തുക്കളാണ് ലേലംചെയ്തത്. 19 പേര്‍ ലേലത്തില്‍ പങ്കെടുത്തു.
ദാവൂദ് ഉപയോഗിച്ചിരുന്ന പച്ച ഹ്യുണ്ടായ് കാറിന്‍െറ ലേലമാണ് ശ്രദ്ധിക്കപ്പെട്ട മറ്റൊന്ന്. 15,700 രൂപ അടിസ്ഥാന മൂല്യമിട്ട കാര്‍ 3.32 ലക്ഷത്തിന് സ്വാമി ചക്രപാണിയാണ് പിടിച്ചത്. സ്വാമിയെ കൂടാതെ നാലുപേര്‍കൂടി കാറിനായി ലേലം വിളിച്ചിരുന്നു. ഹിന്ദു മഹാസഭാ പ്രസിഡന്‍റാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളാണ് സ്വാമി ചക്രപാണി. എന്നാല്‍, ഹിന്ദു മഹാസഭ വിലക്കിയ ആളാണ് സ്വാമി ചക്രപാണിയെന്നും സഭയുടെ പരിപാടികള്‍ക്ക് പങ്കെടുക്കാറുണ്ടെന്നും ഹിന്ദു മഹാസഭാ രാഷ്ട്രീയ കാര്യ സെക്രട്ടറി സന്തോഷ് റായ് പറഞ്ഞു. കത്തിച്ചുകളയാനാണ് കാര്‍ വാങ്ങിയതെന്ന് സ്വാമി ചക്രപാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

37 വര്‍ഷമായി കുറ്റാന്വേഷണ, രാഷ്ട്രീയ പത്രപ്രവര്‍ത്തന രംഗത്ത് സജീവമായ ബാലകൃഷ്ണന്‍െറ കുടുംബവേര് പാലക്കാട്ടാണ്. മുംബൈയിലാണ് ജനിച്ചുവളര്‍ന്നത്. 36 വര്‍ഷം ടൈംസ് ഓഫ് ഇന്ത്യയിലും ഒരു വര്‍ഷം ഡി.എന്‍.എയിലും റിപ്പോര്‍ട്ടറായിരുന്നു. ഇപ്പോള്‍ ദേശ സേവാ സമിതി എന്ന സന്നദ്ധ സംഘടന നടത്തുവന്നു. ദേശ സേവാ സമിതിക്ക് വേണ്ടിയാണ് ഹോട്ടല്‍ ലേലത്തില്‍ പിടിച്ചത്. പാവപ്പെട്ട കുട്ടികള്‍ക്ക് കമ്പ്യൂട്ടറിലും ഇംഗ്ളീഷ് ഭാഷയിലും പരിശീലനം നല്‍കുന്ന കേന്ദ്രമാക്കും ഹോട്ടലെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. 4.28 കോടി രൂപ കൈവശമില്ളെന്നും തന്‍െറ സന്നദ്ധ സംഘടന സംഭാവന തേടുമെന്നും കൂട്ടിച്ചേര്‍ത്തു.

മുമ്പ് ലേലം കൊണ്ടവര്‍ക്ക് ദാവൂദിന്‍െറ സ്വത്ത് ഇനിയും സ്വന്തമായില്ല

മുംബൈ: 14 വര്‍ഷം മുമ്പ് ലേലത്തില്‍ പിടിച്ച ദാവൂദ് ഇബ്രാഹിമിന്‍െറ സ്വത്ത് കൈവശപ്പെടുത്താന്‍ കഴിയാതെ മൂന്ന് പേര്‍. അതിലൊന്ന് ഡല്‍ഹിയില്‍ അഭിഭാഷകനായ അജയ് ശ്രീവാസ്തവയാണ്്. ശിവസേന ഡല്‍ഹി ഘടകം നേതാവാണ് അദ്ദേഹം. മറ്റ് രണ്ടുപേരുടെ വിവരം ലഭ്യമല്ല. ഇക്കുറിയും ഹോട്ടല്‍ ഡല്‍ഹി സൈക ലേലത്തില്‍ പിടിക്കാന്‍ ഒരുക്കമായിരുന്നു ശ്രീവാസ്തവ. എന്നാല്‍, സ്വത്ത് ലേലം കൊണ്ടയാള്‍ക്ക് അനുഭവിക്കാന്‍ കഴിയുമെന്നതില്‍ സര്‍ക്കാറിന് ഉറപ്പുനല്‍കാന്‍ കഴിയുന്നില്ളെന്നുകണ്ട് അവസാന നിമിഷം പിന്മാറുകയായിരുന്നു.
2001 മാര്‍ച്ച് 28ന് നടന്ന ലേലത്തില്‍ നാഗ്പാഡയിലുള്ള ദാവൂദിന്‍െറ മുറി 2.5 ലക്ഷം രൂപക്കാണ് ശ്രീവാസ്തവ ലേലം കൊണ്ടത്. മറ്റാരും ഇല്ലാത്തതിനാല്‍ അടിസ്ഥാന വിലക്ക് ലേലം ഉറപ്പിക്കുകയായിരുന്നു. ദാവൂദിന്‍െറ സഹോദരി അസീന പാര്‍ക്കറിന്‍െറ നിയന്ത്രണത്തിലായിരുന്നു മുറി. എന്നാല്‍, ഇതുവരെ ആ മുറിയില്‍ കാലുകുത്താന്‍ ശ്രീവാസ്തവയെ ‘ഡി കമ്പനി’ അനുവദിച്ചിട്ടില്ല. ഹസീനക്കെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിട്ടും ഫലമുണ്ടായില്ല. ഹസീന മേല്‍കോടതിയെ സമീപിച്ചു. ഹസീന മരിച്ചതോടെ അവരുടെ മക്കളാണ് ഇപ്പോള്‍ കേസ് നടത്തുന്നത്.
ലേലം ചെയ്ത് വിറ്റ വസ്തു കൈവശപ്പെടുത്താന്‍ ലേലംകൊണ്ടയാള്‍ക്ക് കഴിഞ്ഞോ എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നില്ല. ദാവൂദിന്‍െറ സ്വത്ത് ലേലത്തില്‍ പിടിക്കാന്‍ ബാങ്കുകള്‍ വായ്പ തരില്ളെന്ന് ശ്രീവാസ്തവ പറഞ്ഞു. ഹോട്ടല്‍ ഡല്‍ഹി സൈക ലേലത്തില്‍ പിടിക്കാന്‍ പണം വായ്പ തരാന്‍ ആദ്യം തയാറായ ബാങ്ക്് ദാവൂദിന്‍െറ പേര് കേട്ടപ്പോള്‍ പിന്മാറുകയായിരുന്നുവെന്ന് ശ്രീവാസ്തവ ആരോപിച്ചു. സ്വത്ത് അനുഭവിക്കാന്‍ ലേലംകൊണ്ട ആള്‍ക്ക് കഴിയാതെ വരുന്നതും തിരിച്ചടക്കാന്‍ കടക്കാരന് കഴിഞ്ഞില്ളെങ്കില്‍ സ്വത്ത് പിടിച്ചെടുക്കാന്‍ ബാങ്കിന് കഴിയാതാകുന്നതുമാണ് കാരണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.