പ്രളയഭൂമിയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിക്ക് ഹൃദയപൂര്‍വം വിട

ചെന്നൈ: രക്ഷാപ്രവര്‍ത്തനത്തിന്‍െറ തൃപ്തി നുകര്‍ന്ന് മലയാളികളുടെ സ്വന്തം കെ.എസ്.ആര്‍.ടി.സിയും  നാല് അണിയറ പ്രവര്‍ത്തകരും പ്രളയഭൂമി വിട്ടു. മലയാളികളുടെ അവസാന സംഘത്തെയും വഹിച്ച്  കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ്  ഇന്നലെ ഉച്ചകഴിഞ്ഞ് കോയമ്പേട് സ്റ്റാന്‍ഡ് വിട്ടപ്പോള്‍ തമിഴ്മക്കളടക്കം നൂറുകണക്കിന് പേര്‍ യാത്ര അയക്കാനത്തെി.
പ്രളയഭൂമിയില്‍നിന്ന് മലയാളികളെ രക്ഷിക്കാന്‍ ചെന്നൈയിലേക്കയക്കുന്ന സര്‍വിസുകളുടെ ഏകോപനത്തിന് ബംഗളൂരു ഓപറേറ്റിങ് സെന്‍റിലെ നാല് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയത്.  അഞ്ചിന് പുലര്‍ച്ചെയോടെ കാറില്‍ ഇവര്‍ ചെന്നൈയിലത്തെി. നഗരത്തിലേക്ക് പ്രവേശിക്കുംതോറും ധൈര്യം ചോരുന്നതുപോലെ തോന്നിയെന്ന് ബംഗളൂരു സെന്‍റര്‍ ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് കോഴിക്കോട് സ്വദേശി ടി. ജയരാജ് പറഞ്ഞു. കോര്‍പറേഷന്‍ എം.ഡി ആന്‍റണി ചാക്കോ ദിവസവും നേരിട്ട് ഫോണിലൂടെ നല്‍കിയ ധൈര്യം അവസാന നിമിഷം വരെ പിടിച്ചുനിര്‍ത്തിയെന്ന് മറ്റൊരു ഇന്‍സ്പെക്ടര്‍ സി.കെ ബാബു, കണ്ടക്ടര്‍ ജിനു ബാനര്‍ജി, ഡ്രൈവര്‍ എം.ബി ജയരാജ് എന്നിവര്‍ സാക്ഷ്യപ്പെടുത്തുന്നു. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലുള്ള ഇവരെല്ലാം ബംഗളൂരു ഓപറേറ്റിങ് സെന്‍ററിലാണ്  ജോലിചെയ്യുന്നത്.  
ചെന്നൈയിലെ അനുഭവം മറക്കാനകാത്തതാണെന്ന് നാലുപേരും പറഞ്ഞു. മൂന്നുദിവസം ഭക്ഷണവും വെള്ളവും കിട്ടാന്‍ ബുദ്ധിമുട്ടി. തിങ്കളാഴ്ചയാണ് ഹോട്ടലില്‍നിന്ന് ഉച്ചയൂണ് കിട്ടിയത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരും മറ്റും നാട്ടില്‍നിന്ന് യാത്രക്കാര്‍ക്ക് അയക്കുന്ന പഴവര്‍ഗങ്ങളും ബ്രെഡും ബിസ്കറ്റും വെള്ളവുമായിരുന്നു ആഹാരം. ജീവനുവേണ്ടി കേഴുന്ന മലയാളികളുടെ ദൈന്യത മനസ്സില്‍നിന്നും മായുന്നില്ല.
യു.എ.ഇയില്‍നിന്ന് വിളിച്ച കോഴിക്കോട് സ്വദേശിയായ മലയാളി വീട്ടമ്മ കോളജില്‍ പഠിക്കുന്ന തന്‍െറ മകള്‍ കിലോമീറ്ററുകള്‍ക്കകലെ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നത് തേങ്ങിക്കൊണ്ടാണ് അറിയിച്ചത്. ഇരുപതിലധികം തവണ ഇവരുടെ ഫോണ്‍  വന്നു. നോര്‍ക്കയും മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് കുട്ടിയെ രക്ഷപ്പെടുത്തി നാട്ടിലേക്ക് അയച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ബംഗളൂരു യൂനിറ്റിന് ഇത് രണ്ടാം ദൗത്യമാണ്. ബംഗളൂരു ആനായിക്കല്‍ ബംഗളൂരു -എറണാകുളം ട്രെയിന്‍ മറിഞ്ഞപ്പോള്‍ മലയാളികളെ 16 ബസുകളില്‍ നാട്ടിലേക്ക് അയക്കാന്‍ നേതൃത്വം കൊടുത്തത് ഒന്നരവര്‍ഷം മുമ്പാണ്.
 കേരളത്തിലെ ഡിപ്പോകളില്‍നിന്ന് മുപ്പത്തിനാല് സര്‍വിസുകളാണ് പ്രവര്‍ത്തനത്തിനിറങ്ങിയത്. സൗജന്യ നിരക്കില്‍ 1800 മലയാളികളെ നാട്ടിലത്തെിച്ചു. അവസാന ദിവസം കോട്ടയം, എറണാകുളം റൂട്ടിലേക്ക് രണ്ട് ബസുകളാണ് ഓടിയത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.