അന്തരീക്ഷ മലിനീകരണം: നിരത്തുകളില്‍ ഒറ്റ-ഇരട്ട വാഹന ഫോര്‍മുലയുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: തലസ്ഥാനാന്തരീക്ഷത്തെ ഗുരുതരമായി ബാധിച്ച മലിനീകരണം നിയന്ത്രിക്കാന്‍ പുതിയ വാഹന നയവുമായി ഡല്‍ഹിയിലെ ആപ് സര്‍ക്കാര്‍. ഇനി സ്വന്തം വാഹനങ്ങളുമായി റോട്ടിലിറങ്ങുന്നവര്‍ ഒന്നാലോചിക്കേണ്ടിവരും. വാഹനങ്ങളുടെ ഒറ്റ,ഇരട്ട നമ്പറുകള്‍ തരാതരം നോക്കി മാത്രമേ കാറുകള്‍ റോട്ടിലിറക്കാവൂ. അഥവാ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉള്ള  സ്വകാര്യ വാഹനങ്ങള്‍ ഒരു ദിവസവും ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന നമ്പര്‍ ഉള്ള വാഹനങ്ങള്‍ അടുത്ത ദിവസവും എന്ന രീതിയില്‍ മാത്രമേ  ഉപയോഗിക്കാവൂ. ജനുവരി ഒന്നു മുതല്‍ ഇത് നിലവില്‍ വരും.
എന്നാല്‍,  ഇത് പൊതു വാഹനങ്ങള്‍ക്ക് ബാധകമല്ല. ഈ രീതി നിലവില്‍ വരുന്നപക്ഷം ബീജിങ് കഴിഞ്ഞാല്‍ ഇത് പരീക്ഷിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായിരിക്കും ഡല്‍ഹി.
അതീവ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടത്തിലേക്ക് ദേശീയ തലസ്ഥാനത്തിന്‍റെ അന്തരീക്ഷം മലിനീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് ഡല്‍ഹി ഹൈകോടതിയുടെ ഗൗരവമായ നിരീക്ഷണം വന്നതിന് തൊട്ടുടന്‍ ആണ് ഡല്‍ഹി സര്‍ക്കാറിന്‍റെ ഈ നീക്കം. ഡല്‍ഹി സര്‍ക്കാറിന്‍റെ പരിസ്ഥിതി മന്ത്രാലയം മലിനീകരണം നേരിടുന്നതിന് സമര്‍പിച്ച കര്‍മ പദ്ധതികള്‍ അപര്യാപ്തമാണെന്നും അത് കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പൊടിപടലങ്ങളും വാഹനങ്ങളില്‍ നിന്നുള്ള പുകയും ആണ് മലിനീകരണത്തിന്‍റെ പ്രധാന കാരണങ്ങളായി കോടതി ചൂണ്ടിക്കാണിച്ചത്.  കെട്ടിട നിര്‍മാണത്തിന്‍റെ ആധിക്യത്തെകുറിച്ചും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പൊതു സ്ഥലത്ത് മാലിന്യവും മറ്റും കത്തിക്കുന്നത് സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇന്ത്യയിലെ ഏറ്റവും അന്തരീക്ഷ മലിനീകരണം സംഭവിച്ചു കഴിഞ്ഞ നഗരമാണ് ഡല്‍ഹി. ഭൂമിക്കു മുകളിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡല്‍ഹി ആണെന്ന് യു.എന്നും പറഞ്ഞിരുന്നു. തണുപ്പു കാലാവസ്ഥകളില്‍ വന്‍തോതില്‍ പുക ഉയരുന്നത് ഇവിടെ പതിവു കാഴ്ചയാണ്.  മെട്രോ റെയില്‍ സര്‍വീസുകള്‍ വന്നിട്ടും ഡല്‍ഹിയിലെ കാറുകളുടെ പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. പൊതു വാഹനങ്ങള്‍ക്കു പുറമെ പ്രതിദിനം 1400 റിലേറെ കാറുകള്‍ ആണ് നഗരത്തില്‍ ഓടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.