ആശ സമരത്തിൽ ബി.ജെ.പിയുടെ ഇരട്ടത്താപ്പ്: ഗുജറാത്തിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന 2,000 പേരെ ബി.ജെ.പി സർക്കാർ പിരിച്ചുവിട്ടു; ഇവിടെ പിന്തുണ, അവിടെ പിരിച്ചുവിടൽ​

ഗാന്ധി നഗർ: കേരളത്തിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് സമാനമായി ഗുജറാത്തിൽ ശമ്പള വർധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ചെയ്യുന്ന 2,000 ആരോ​ഗ്യ പ്രവർത്തകരെ സർക്കാർ പിരിച്ചുവിട്ടു. കൂടാതെ അയ്യായിരത്തിലധികം ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സമരക്കാരായ ആരോഗ്യ പ്രവർത്തകർക്കെതിരെ സർക്കാർ അവശ്യ സേവന പരിപാലന നിയമം ചുമത്തിയാണ് നടപടി സ്വീകരിക്കുന്നതെന്ന് ഗുജറാത്ത് സമാചാർ റിപ്പോർട്ട് ചെയ്തു.  കേരളത്തിൽ ശമ്പള വർധന ആവശ്യ​പ്പെട്ട് സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണയുമായി ബി.ജെ.​പി സംസ്ഥാന നേതൃത്വം വരെ സജീവമായി രംഗത്തിറങ്ങുമ്പോഴാണ് പാർട്ടി ഭരിക്കുന്ന ഗുജറാത്തിൽ സമരക്കാരെ പിരിച്ചുവിടുന്നത്. 

11,000ത്തോളം ജീവനക്കാർ പ​ങ്കെടുക്കുന്ന സമരം മാർച്ച് 12 നാണ് ആരംഭിച്ചത്. എന്നാൽ, സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സർക്കാർ തീർത്തും നിരുത്തരവാദപരമായ സമീപനമാണ് ഇവരോട് സ്വീകരിക്കുന്നത്. പണിമുടക്ക് സമരം പിൻവലിച്ചാൽ മാത്രമേ ചർച്ച പോലും ഉള്ളൂ എന്നാണ് ആരോഗ്യമന്ത്രി ഋഷികേഷ് പട്ടേലി​ന്റെ നിലപാട്. ‘പണിമുടക്ക് സംസ്ഥാനത്തുടനീളമുള്ള ആരോഗ്യ സേവനങ്ങളെ ബാധിച്ചു. സമരം പിൻവലിച്ച ശേഷം മാത്രമേ പരിഹാരം കണ്ടെത്താൻ സർക്കാർ ചർച്ചകൾ നടത്തുകയുള്ളൂ’ -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യ സേവനം ചെയ്യുന്ന കമ്മ്യൂണിറ്റി ഹെൽത്ത് ഓഫിസർമാരും ആശാ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) വർക്കർമാരുമാണ് സമരം നടത്തുന്നത്. 2022 സെപ്റ്റംബറിൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇവർ തലസ്ഥാനത്ത് വൻ പ്രതിഷേധം നടത്തിയിരുന്നു. അന്ന് സമരം ഒത്തുതീർക്കാൻ ബിജെപി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും ഇതുവരെ നിറവേറ്റിയിട്ടില്ലെന്ന് സമരക്കാർ പറഞ്ഞു.

“ആവർത്തിച്ച് അറിയിപ്പുകൾ നൽകിയിട്ടും സമരം നിർത്തി ജോലിയിൽ പ്രവേശിക്കാത്ത 2000ത്തോളം പേരെ സർവിസിൽ നിന്ന് പുറത്താക്കി. 5,000 തൊഴിലാളികൾ മാത്രമാണ് ഇപ്പോഴും പണിമുടക്കുന്നത്” -സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു​. സമാധാനപരമായ പരിഹാരത്തിലെത്താൻ സാധ്യമായ എല്ലാ വഴികളും സർക്കാർ പരിഗണിക്കുന്നുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

കോവിഡ് മഹാമാരിയെ അതിജീവിക്കാൻ നിർണായക പങ്ക് വഹിച്ച തൊഴിലാളികളെ അവകാശങ്ങൾ ചോദിച്ചതിന്റെ പേരിൽ ശിക്ഷിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അമിത് ചാവ്ദ ചൂണ്ടിക്കാട്ടി. അവകാശ സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിടുന്ന സർക്കാർ തീരുമാനത്തെ അദ്ദേഹം അപലപിച്ചു. “ഈ ജീവനക്കാർ സാമ്പത്തികവും മറ്റുമായ ആവശ്യങ്ങൾ ഏറെക്കാലമായി ഉന്നയിക്കുന്നു. സർക്കാർ നിരവധി ചർച്ചകൾ നടത്തിയെങ്കിലും സ്വന്തം കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കാൻ പോലും തയ്യാറാകുന്നില്ല’ -അദ്ദേഹം പറഞ്ഞു.

സബർകാന്ത ജില്ലയിൽ മാത്രം 400ലധികം പേരെ പിരിച്ചുവിട്ടു. സമരം നിർത്താൻ നോട്ടീസ് നൽകിയ ശേഷം സബർകാന്തയിൽ ആരോഗ്യ സബ് സെന്ററുകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഏകദേശം 115 ആരോഗ്യ പ്രവർത്തകർ ജോലിയിൽ തിരിച്ചെത്തിയെന്നും സമരം തുടർന്ന ഏകദേശം 405 പേരെ പിരിച്ചുവിട്ടെന്നും ഉന്നത ഉ​ദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ, 55 സൂപ്പർവൈസർമാർ വകുപ്പുതല അന്വേഷണം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - 2000 healthcare workers sacked as protest continues in Gujarat Gandhinagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.