രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരിശീലനത്തിനെത്തിയ വിദ്യാർഥി ആത്മഹത്യ ചെയ്തു; ഈ വർഷം 28ാമത്തേത്

ജെയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരീക്ഷാ പരിശീലനത്തിനെത്തിയ 20കാരനായ ബംഗാൾ സ്വദേശി ആത്മഹത്യ ചെയ്തു. ഫരീദ് ഹുസൈൻ എന്ന വിദ്യാർഥിയാണ് മരിച്ചത്. മത്സരപരീക്ഷ പരിശീലനത്തിന് പേരുകേട്ട നഗരമായ കോട്ടയിൽ ഈ വർഷം 28ാമത്തെ ആത്മഹത്യയാണിത്.

കോട്ടയിലെ വഖഫ് നഗർ മേഖലയിൽ താമസിച്ചുകൊണ്ടായിരുന്നു ഫരീദ് ഹുസൈൻ മെഡിക്കൽ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷക്ക് തയാറെടുത്തുകൊണ്ടിരുന്നത്. ഇന്നലെ വൈകീട്ടോടെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യാകുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മരണത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഫരീദിന്‍റെ ബന്ധുക്കൾ രാജസ്ഥാനിലേക്ക് പുറപ്പെട്ടു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും.

നൂറുകണക്കിന് മത്സരപരീക്ഷ പരിശീലന കേന്ദ്രമുള്ള കോട്ടയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളെത്തുന്നുണ്ട്. ഈ വർഷം 28ാമത്തെ വിദ്യാർഥിയാണ് ആത്മഹത്യ ചെയ്യുന്നത്. മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികളുടെ മാനസികാരോഗ്യം സംബന്ധിച്ച് വലിയ ആശങ്കയുയർത്തുന്നതാണ് ഈ കണക്ക്.

കുട്ടികൾ താമസിക്കുന്ന സ്ഥലത്തെ സീലിങ് ഫാനുകളിൽ ആത്മഹത്യ തടയുന്ന ഉപകരണം സ്ഥാപിക്കാൻ പൊലീസ് നിർദേശം നൽകിയിരിക്കുകയാണ്. രണ്ട് മാസത്തേക്ക് പരിശീലന പരീക്ഷകൾ നടത്തരുതെന്ന് സ്ഥാപനങ്ങളോടും നിർദേശിച്ചിട്ടുണ്ട്.

വിദ്യാർഥി ആത്മഹത്യകൾ വർധിച്ചതോടെ കുട്ടികളുടെ ദിനചര്യയിൽ മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്താനും പഠന സമയം കുറയ്ക്കാനും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും കോച്ചിങ് കേന്ദ്രങ്ങൾക്ക് നേരത്തെ ഉന്നതതല കമ്മിറ്റി നിർദേശം നൽകിയിരുന്നു. വിദഗ്ധരും സാമൂഹിക ക്ഷേമ സംഘടനകളുടെയും ആത്മീയ യോഗ കൂട്ടായ്മകളുടെയും പ്രതിനിധികളുമായി സംസ്ഥാനതല കമ്മിറ്റി നടത്തിയ യോഗത്തിന് ശേഷമായിരുന്നു ഈ നിർദേശം. നഗരത്തിലെ എല്ലാ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും അധികൃതർ ആരോഗ്യ സർവേ നടത്തുന്നുണ്ട്. അതിന്‍റെ അടിസ്ഥാനത്തിൽ സംശയാസ്പദമായ പ്രവണതകളുള്ള വിദ്യാർഥികളെ കണ്ടെത്തി കൗൺസലിങ്ങിന് അയക്കുന്നുമുണ്ട്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056, 0471-2552056)

Tags:    
News Summary - 20-year-old NEET aspirant dies by suicide in Kota, 28th this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.