മുംബൈ: മെട്രോ ട്രെയിനിൽ നിന്നും അബദ്ധത്തിൽ പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ രണ്ടുവയസുകാരൻ രക്ഷപ്പെട്ടത് ജീവനക്കാരന്‍റെ വിവേക പൂർണമായ ഇടപെടൽ കൊണ്ട്. ഞായറാഴ്ച ബാങ്കുർ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. സങ്കേത് ചോദൻകർ എന്ന ജീവനക്കാരന്‍റെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ അത്യാഹിതം ഒഴിവായത്.
കുട്ടി അബദ്ധത്തിൽ ചാടിയിറങ്ങിയ ഉടനെ ട്രെയിനിന്‍റെ വാതിലുകളടഞ്ഞു. ട്രെയിനിന്‍റെ ഡോറിൽ പിടിച്ച് നിസഹായതയോടെ കുട്ടി നിൽക്കുന്നത് വിഡിയോയിൽ കാണാം. പുറത്തുനിന്ന കുട്ടിയും അകത്തിരുന്ന് മാതാപിതാക്കളും വേവലാതിയോടെ നിന്നു. സംഭവം ശ്രദ്ധയിൽ പെട്ട സ്റ്റേഷൻ അറ്റൻഡന്‍റ് സങ്കേത് ഉടൻ തന്നെ ട്രെയിൻ നിർത്താനും വാതിലുകൾ തുറക്കാനും ഡ്രൈവർക്ക് നിർദേശം നൽകിയ ശേഷം കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തി.
വാതിലുകൾ തുറന്നയുടനെ കുട്ടിയെ വാരിയെടുത്തുകൊണ്ട് പിതാവ് അകത്തേക്ക് കയറുന്നത് വിഡിയോയയിൽ കാണാം.
മഹാ മുംബൈ മെട്രോ ഓപറേഷൻ കോർപറേഷൻ ലിമിറ്റഡ് ഒഫിഷ്യൽ ഹാൻഡിലിൽ തങ്ങളുടെ ജീവനക്കാരെ വാനോളം പ്രശംസിച്ചുകൊണ്ട് പോസ്റ്റിട്ടിട്ടുണ്ട്.
'നമ്മുടെ സ്റ്റേഷൻ അറ്റൻഡന്‍റ് സാങ്കേത് ചോദ്ക്കറിന്‍റെ കണിശമായ ദൃഷ്ടികൾക്കും ഉത്തരവാദിത്ത ബോധത്തിനും നന്ദി. രണ്ടുവയസുകാരൻ തനിയെ സ്റ്റേഷനിൽ പെട്ടുപോകുകയും വാതിലുകൾ അടയുകയും ചെയ്തതിനെ തുടർന്ന് ഉണ്ടാകുമായിരുന്ന വലിയ അപകടമാണ് അദ്ദേഹം ഒഴിവാക്കിയത്.'
യാത്രക്കാരോടുള്ളസമർപ്പണ മനോഭാവവും ഇത്തരം മനസാന്നിധ്യവുമാണ് മുംബൈ മെട്രോ യാത്ര സുരക്ഷിതമാക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.