പുൽവാമയിൽ ഏറ്റുമുട്ടൽ; ലഷ്ക്കറെ, ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പ്രാദേശിക ലശ്കറെ ത്വയിബ, ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അവന്തിപോരയിലെ രാജ്‌പോര ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയെ തുടർന്ന് അവന്തിപോര പൊലീസും സി.ആർപി.എഫും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇരുവരും കൊല്ലപ്പെട്ടത്. പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരർ സംയുക്ത തിരച്ചിൽ സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.തുടർന്നുള്ള ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരും കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീർ പൊലീസ് വക്താവ് പറഞ്ഞു. ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ത്രാലിലെ ഷാഹിദ് അഹമ്മദ് റാഥർ, ലശ്കർ ബന്ധമുള്ള ഷോപ്പിയാനിലെ ഉമർ യൂസഫ് എന്നിവരെയാണ് വധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. സുരക്ഷാസേനക്കെതിരായ ആക്രമണങ്ങൾ, സിവിലിയൻ അതിക്രമങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഭീകര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് കൊല്ലപ്പെട്ടവരെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം അരിപ്പാലിലെ ഷക്കീല എന്ന സ്ത്രീയെയും ലുർഗാം ത്രാലിലെ ജവൈദ് അഹമദ് എന്ന സർക്കാർ ജീവനക്കാരനെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഷാഹിദിന് പങ്കുണ്ടായിരുന്നു. പ്രാദേശിക യുവാക്കളെ തീവ്രവാദ നിരയിൽ ചേരാൻ പ്രേരിപ്പിക്കുന്നതിലും റിക്രൂട്ട് ചെയ്യുന്നതിലും ഷാഹിദ് ഉൾപ്പെട്ടിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് രണ്ട് എ.കെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിച്ചതായും സുരക്ഷസേന അറിയിച്ചു.

കഴിഞ്ഞ നാല് ദിവസത്തിനിടെ ദക്ഷിണ കശ്മീരിലെ പുൽവാമ, അനന്ത്നാഗ് ജില്ലകളിലായി ആറ് ഭീകരരെ വ്യത്യസ്ഥ ഓപ്പറേഷനുകളിൽ സുരക്ഷസേന വധിച്ചിരുന്നു. മെയ് 28ന് അനന്ത്‌നാഗിലെ ബിജ്‌ബെഹറ ഏരിയയിലെ ഷിതിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രി പുൽവാമയിലെ ഗുണ്ടിപോറ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനും കൊല്ലപ്പെട്ടു. പൊലീസ് കോൺസ്റ്റബിൾ റിയാസ് അഹമ്മദിന്റെ കൊലപാതകവുമായി ബന്ധമുള്ള രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെയും ഇവിടെനിന്ന് െെസന്യം പിടികൂടി.

ക‍ഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീരിലും പരിസര പ്രദേശങ്ങളിലും നിരവധി ഭീകരാക്രമണങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ മാസം നാല് തവണയാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. മെയ് ഏഴിന് അഞ്ചാർ പ്രദേശത്തിന് സമീപമുള്ള ഐവ പാലത്തിൽ ഭീകരർ ഒരു പൊലീസുകാരനെ വെടിവച്ചു കൊന്നിരുന്നു. പുൽവാമ ജില്ലയിൽ കോൺസ്റ്റബിൾ റിയാസ് അഹമ്മദും ഭീകരരുടെ വെടിയേറ്റ് മരിച്ചു. ജമ്മു കശ്മീർ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ ഏറ്റുമുട്ടലിലും ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. മൂന്ന് പാക് ഭീകരരെ സുരക്ഷാ സേനയും വധിച്ചു.

മെയ് 24ന് ശ്രീനഗറിലെ വീടിന് പുറത്ത് െെസഫുള്ള ഖാദ്രിയെന്ന പൊലീസുകാരനേയും ഭീകരർ വെടിവെച്ച് കൊന്നു. വീടിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാൻ ഓടിയെത്തിയ ഏഴുവയസുകാരി മകൾക്കും പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലശ്കറെ ത്വയ്യിബയുടെ പോഷക സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ആണ് ഏറ്റെടുത്തത്. ബുദ്ഗാം ജില്ലയിൽ ടെലിവിഷൻ താരമായ അമ്രീൻ ഭട്ട് എന്ന യുവതിയും കഴിഞ്ഞ ബുധനാഴ്ച ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ലശ്കറെ ത്വയ്യിബയാണ് ആക്രമണം നടത്തിയത്.

Tags:    
News Summary - 2 terrorists shot dead in Pulwama encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.