ജയ്പൂർ: 1993ലെ മുബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ അറസ്റ്റ് ചെയ്ത ലഷ്‍കറെ ത്വയ്യിബ നേതാവ് അബ്ദുൽ കരീം തുണ്ടയെ ടാഡ കോടതി വെറുതെവിട്ടു. തുണ്ടക്കെതിരെ തെളിവില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാനിലെ ടാഡ കോടതി കുറ്റമുക്തനാക്കിയത്. ഇർഫാൻ, ഹമിദുദിൻ എന്നീ പ്രതികളെ ടാഡ കോടതി ജഡ്ജി മഹാവീർപ്രസാദ് ഗുപ്ത ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികത്തോടനുബന്ധിച്ച് അഞ്ച് ട്രെയിനുകളിൽ നടന്ന സ്ഫോടന പരമ്പരകളിൽ രണ്ടുപേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുംബൈ-ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ്, ന്യൂഡൽഹി-ഹൗറ രാജധാനി എക്‌സ്പ്രസ്, ഹൗറ-ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ്, സൂറത്ത്-ബറോഡ ഫ്ലൈയിങ് ക്വീൻ എക്‌സ്പ്രസ്, ഹൈദരാബാദ്-ന്യൂഡൽഹി എ.പി എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലായിരുന്നു സ്ഫോടനം. പ്രതികളെ ടാഡ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. സി.ബി.ഐക്കായിരുന്നു അന്വേഷണ ചുമതല.
1996 ലെ ബോംബ് സ്ഫോടനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഇപ്പോൾ 84 വയസ്സുള്ള തുണ്ട. ശിക്ഷിക്കപ്പെട്ട പ്രതികളും വർഷങ്ങളായി ജയിലിലാണ്. നിരവധി ബോംബ് സ്ഫോടനക്കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട് തുണ്ട. ചില കേസുകളിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് അഭിഭാഷകൻ ഷഫ്ഖത്തുല്ല സുൽത്താനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തുണ്ടക്കെതിരെ നേരിട്ട് തെളിവുകളോ കുറ്റസമ്മത മൊഴിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.