ഓപ്പറേഷൻ സിന്ദൂറിനിടെ റഫേൽ വിമാനം വെടിവച്ചിട്ടു: 36 പോർവിമാനങ്ങളും പൂർണ സജ്ജമെന്ന് ഇന്ത്യൻ വ്യോമസേന; വീണ്ടും വെട്ടിലായി പാകിസ്താൻ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേനയുടെ റഫേൽ പോർവിമാനങ്ങൾ തകർത്തു എന്ന പാകിസ്താന്റെ വ്യാജ അവകാശവാദങ്ങൾക്കെതിരെ വീണ്ടും തെളിവുകൾ പുറത്ത്. ഇന്ത്യ സ്വന്തമാക്കിയ 36 റഫേൽ വിമാനങ്ങളും പൂർണ്ണമായി പ്രവർത്തനക്ഷമമാണെന്ന് ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക രേഖകൾ സ്ഥിരീകരിക്കുന്നു. പാകിസ്താനും അവരെ പിന്തുണക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളും നടത്തിയ ദുഷ്പ്രചാരണങ്ങൾക്കുള്ള വ്യക്തമായ മറുപടിയാണിത്.

വ്യോമസേനാ ആസ്ഥാനത്തെ രേഖകൾ പ്രകാരം, റഫേൽ വിമാനങ്ങളുടെ എൻജിൻ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി 'സഫ്രാൻ എയർക്രാഫ്റ്റ് എൻജിൻസി' യോട് (Safran Aircraft Engines) ഒരു 'ബ്രിഡ്ജ് സപ്പോർട്ട്' പാക്കേജിനായി ഇന്ത്യൻ വ്യോമസേന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യ വാങ്ങിയിട്ടുള്ള 36 റഫേൽ വിമാനങ്ങളും സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഈ രേഖയിൽ വ്യക്തമാക്കുന്നു. 2026 സെപ്റ്റംബറിന് ശേഷവും റഫേൽ വിമാനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ ആവശ്യമായ സാങ്കേതിക-പരിപാലന പിന്തുണ തേടിക്കൊണ്ടാണ് ഈ നീക്കം.

പുതിയ ടെൻഡർ രേഖകൾ പ്രകാരം, അടുത്ത അഞ്ച് മാസത്തേക്ക് 36 റഫേൽ വിമാനങ്ങളുടെയും പ്രവർത്തനപരമായ ആവശ്യങ്ങൾ മുൻനിർത്തിയാണ് പിന്തുണ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ വിമാനവും പ്രതിവർഷം ശരാശരി 150 മണിക്കൂർ പറക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ കണക്കുകൾ പ്രകാരം, അഞ്ച് മാസത്തെ 'ബ്രിഡ്ജ് പീരിയഡിൽ' ഏകദേശം 2,250 പറക്കൽ മണിക്കൂറുകൾ ഈ ഫ്ലീറ്റ് പൂർത്തിയാക്കും. റഫേൽ വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന പാകിസ്താന്റെ വാദങ്ങളെ ഈ ഔദ്യോഗിക കണക്കുകൾ പൂർണ്ണമായും തള്ളിക്കളയുന്നു.

2025ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ തിരിച്ചടിയായിരുന്നു 'ഓപ്പറേഷൻ സിന്ദൂർ'. ഈ ഓപ്പറേഷന്റെ ഭാഗമായി ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരെ കൃത്യമായ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിൽ വിറളിപൂണ്ട പാകിസ്താൻ, ഇന്ത്യയുടെ പ്രതിരോധ കരുത്തിനെ തകർക്കാൻ സൈബർ ഇടങ്ങളിൽ വലിയ തോതിലുള്ള വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ടിരുന്നു. റഫേൽ വിമാനങ്ങൾ നഷ്ടപ്പെട്ടെന്ന രീതിയിലുള്ള നുണക്കഥകൾ ആ സമയത്ത് പാക് അനുകൂല അക്കൗണ്ടുകൾ വ്യാപകമായി പ്രചരിപ്പിച്ച് പോന്നു. എന്നാൽ, വ്യോമസേനയുടെ പുതിയ രേഖകൾ ഈ നുണകളെ വീണ്ടും തുറന്നുകാട്ടുകയാണ്.

റഫേൽ പോർവിമാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം, കൂടുതൽ റഫേലുകൾ ഇന്ത്യ വാങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്. 114 പുതിയ റഫേൽ വിമാനങ്ങൾക്കായി ഇന്ത്യ ഫ്രാൻസുമായി ചർച്ചകൾ നടത്തുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഇതിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാറിന്റെ പുതിയ നീക്കങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ആകാശ കരുത്തിനെ കൂടുതൽ ശക്തിപ്പെടുത്തും.

Tags:    
News Summary - Rafale jet shot down during Operation Sindoor: Indian Air Force says all 36 fighter jets are fully prepared; Pakistan strikes again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.