ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനും ഉദ്ധവ് പക്ഷ ശിവസേനക്കും പിന്നാലെ ശരദ് പവാറിന്റെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻ.സി.പി) പിളർപ്പിലേക്കെന്ന് റിപ്പോർട്ടുകൾ. എൻ.സി.പിയുടെ എട്ട് ലോക്സഭാ എം.പിമാരിൽ അഞ്ചുപേർ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയിലേക്ക് മാറാൻ തയാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാർട്ടി പിളർപ്പിലേക്കെന്ന അഭ്യൂഹം ശരദ് പവാറിന്റെ എൻ.സി.പിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നതായാണ് വിവരം.
എൻ.സി.പി എം.പിയായ സുനേത്ര പവാർ അടുത്തിടെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അഭ്യൂഹങ്ങളുടെ തുടക്കം. ഏകീകൃത സിവിൽ കോഡ്, ഡീലിമിറ്റേഷൻ ബിൽ തുടങ്ങി പ്രധാന ഭരണഘടനാ പരിഷ്‍കാരങ്ങൾ പാസാക്കുന്നതിന് എൻ.ഡി.എ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ സജീവമായി ശ്രമിക്കുന്നതിനിടെയാണ് വിവിധ പാർട്ടികളിലെ എം.പിമാരുടെ കൂറുമാറ്റം.
അതേസമയം, കൂറുമാറ്റ ഭീഷണിയെ തുടർന്നും പാർട്ടിയുടെ ഐക്യം നിലനിർത്തുന്നതിനും ശരദ് പവാർ ജൂൺ 19ന് ഉന്നതതല നേതാക്കളുടെ അടിയന്തര യോഗം ചേർന്നിരുന്നു. കൂടാതെ, ഓപ്പറേഷൻ ടൈഗർ കൂറുമാറ്റ ഭീഷണിയെ നേരിടുന്നതിനും മഹാരാഷ്ട്രയിലെ സഖ്യത്തിന്റെ തന്ത്രങ്ങൾ ഏകോപിപ്പിക്കുന്നതിനും എൻ.സി.പി, കോൺഗ്രസ്, ശിവസേന ഉദ്ധവ് പക്ഷം എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത സഖ്യമായ മഹാ വികാസ് അഘാഡിയുടെ നിയമസഭാംഗങ്ങളുടെ പൊതുയോഗം ജൂൺ 24ന് മുംബൈയിൽ ചേരാനും തീരുമാനിച്ചിട്ടുണ്ട്. കൂറുമാറ്റ അഭ്യൂഹങ്ങൾക്കിടയിൽ എൻ.സി.പി ശരദ് പവാർ വിഭാഗത്തെ കോൺഗ്രസുമായി ലയിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്.
കോൺഗ്രസിൽനിന്ന് വിട്ടുപിരിഞ്ഞ ചെറുപാർട്ടികളെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ ശരദ് പവാർ നേതൃത്വം നൽകണമെന്ന് ശിവസേന യു.ബി.ടി നേതാവ് സഞ്ജയ് റാവുത്ത് അടുത്തിടെ പറഞ്ഞിരുന്നു. കോൺഗ്രസിന്റെയും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളുടെയും ഭാഗമായിരുന്ന നേതാക്കളുണ്ട്, അവർ ഇപ്പോഴും അതേ പ്രത്യയശാസ്ത്രം തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രത്യയശാസ്ത്രം ഒന്നിച്ചുവന്നാൽ അത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്നും അതിന് ശരദ് പവാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ശിവസേന എം.പിമാരുടെ കൂറുമാറ്റത്തിൽ നിർണായക പങ്കുവഹിച്ച ശ്രീകാന്ത് ഷിൻഡെ കൂടുതൽ രാഷ്ട്രീയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചിപ്പിച്ചിരുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും പ്രധാന ഭാഗം വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.