ഭോപാൽ: ശിവരാജ് സിങ് ചൗഹാനു ശേഷം മധ്യപ്രദേശ് ബി.ജെ.പി സർക്കാറിനെ നയിക്കാൻ നിയോഗിക്കപ്പെട്ട മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും വൻ ഭൂമി കുംഭകോണക്കേസ് വിവാദത്തിൽ. തീർഥാടനകേന്ദ്രങ്ങളുടെ വികസന പ്രവർത്തനങ്ങൾ മുൻകൂട്ടിയറിഞ്ഞ് വൻതോതിൽ ഭൂമി വാങ്ങി, പദ്ധതി പ്രഖ്യാപനത്തിനുശേഷം അനേക മടങ്ങ് ലാഭത്തിൽ വിറ്റഴിച്ചുവെന്നുമാണ് ആരോപണം.
ഉജ്ജയിൻ നഗരത്തിൽ മുഖ്യമന്ത്രിയും കുടുംബവും വൻ റിയൽ എസ്റ്റേറ്റ് കുംഭകോണം നടത്തിയെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ ആണ് റിപ്പോർട്ട് ചെയ്തത്. 2023 ഡിസംബർ 13നാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് അധികാരമേറ്റത്. അതിനുമുമ്പ് അദ്ദേഹത്തിന് ഉജ്ജയിൻ എന്ന പുണ്യ നഗരത്തിന്റെ വിനോദസഞ്ചാരത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ചെറുതല്ലാത്ത പങ്കാളിത്തമാണുണ്ടായിരുന്നത്.
ഈ അവസരങ്ങൾ ഉപയോഗപ്പെടുത്തി മോഹൻ യാദവും കുടുംബവും സംസ്ഥാനത്തെ തീർഥാടന നഗരമായ ഉജ്ജയിനിലും പരിസരത്തും വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്താണ്. മധ്യപ്രദേശിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ഉജ്ജയിൻ മാസ്റ്റർ പ്ലാൻ 2035 നടപ്പാക്കുന്ന പ്രദേശങ്ങളിലെ കണ്ണായ സ്ഥലങ്ങളെല്ലാം ഇന്ന് മോഹൻ യാദവിന്റെയും കുടുംബത്തിന്റെയും കൈവശമാണ്.
പദ്ധതി പ്രഖ്യാപിച്ച ശേഷം നഗരത്തിൽ ഭൂമിയുടെ വിപണി മൂല്യം കുതിച്ചുകയറിയത് മുതലെടുത്ത് വൻ ലാഭത്തിൽ വിൽക്കുകയായിരുന്നുവെന്നും റിപ്പോർട്ട് ആരോപിക്കുന്നു.
മുഖ്യമന്ത്രിയായ ശേഷം, മോഹൻ യാദവിന്റെ കുടുംബവും അവരുടെ റിയൽ എസ്റ്റേറ്റ് കമ്പനികളും കുറഞ്ഞത് 137 പ്ലോട്ടുകളെങ്കിലും 45 കോടി രൂപക്ക് വാങ്ങിയിട്ടുണ്ടെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക ഭൂമി രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിൽ കാലതാമസം വരുമെന്നതിനാൽ 2026ലെ കുടുംബത്തിന്റെ ഭൂമി ഇടപാടുകൾ ഈ കണക്കിൽ ഉൾപ്പെട്ടിട്ടില്ല. ഉജ്ജയിനിലെ മിക്കവാറും എല്ലാ മേഖലകളിലും കുടുംബം ഉടമസ്ഥാവകാശം വ്യാപിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഭാര്യ സീമ, മകൻ വൈഭവിന്റെ ഭാര്യ ശാലിനി യാദവ്, സഹോദരന്മാരായ നന്ദലാൽ, നാരായൺ യാദവ്, നാരായണന്റെ ഭാര്യ രേഖ, അവരുടെ മകൻ അഭയ് യാദവ്, അടുത്ത ബന്ധുക്കളായ ഗോവിന്ദ്, നിലേഷ് യാദവ് എന്നിവരുടെയോ ഇവർ നടത്തുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെയോ പേരിലാണ് ഭൂമി ഇടപാടുകൾ. ഈ പ്ലോട്ടുകളിൽ ഭൂരിഭാഗവും ഉജ്ജയിനിലും പരിസരത്തും പ്രഖ്യാപിച്ച പുതിയ റോഡ് പദ്ധതികൾക്ക് സമീപമോ അല്ലെങ്കിൽ മാസ്റ്റർ പ്ലാൻ പദ്ധതി പ്രദേശങ്ങളിലോ ആണ്.
168 ഏക്കറിൽ ഏകദേശം 111 ഏക്കറും യാദവ് സർക്കാർ പ്രഖ്യാപിച്ച ഹൈവേ, റോഡ് പദ്ധതികൾക്ക് സമീപമാണ്. യാദവ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടൻ തന്നെ, സംസ്ഥാന സർക്കാർ ഈ പ്രദേശങ്ങളിൽ നിരവധി പുതിയ ലിങ്ക് റോഡുകളും ഹൈവേകളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.