ഗുവാഹത്തി: സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് അതിവേഗം നീതി ഉറപ്പാക്കുന്നതിനായി അസം സംസ്ഥാനത്ത് അത്യാധുനിക 'ഇ-സീറോ എഫ്.ഐ.ആർ' (e-Zero FIR) സംവിധാനം നിലവിൽ വന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ചൊവ്വാഴ്ച പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് ഇത്തരമൊരു ഡിജിറ്റൽ പരിഷ്കാരം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നായി അസം മാറി.
നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴിയോ, 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലൂടെയോ ജനങ്ങൾ നൽകുന്ന യോഗ്യമായ പരാതികൾ സ്വയമേ എഫ്.ഐ.ആർ ആയി മാറുന്ന സംവിധാനമാണിത്. സൈബർ കുറ്റകൃത്യങ്ങൾക്കുളള എഫ്.ഐ.ആറുകൾ അധികാരപരിധിയില്ലാത്തതും തടസരഹിതവുമായ രീതിയിൽ രജിസ്റ്റർ ചെയ്യാൻ ഇത് സഹായിക്കുമെന്നും പൊലിസ് നടപടികൾ വേഗത്തിലാകുമെന്നും ശർമ്മ പറഞ്ഞു.
10 ലക്ഷം രൂപക്ക് മുകളിൽ പണം നഷ്ടപ്പെടുന്ന സൈബർ സാമ്പത്തിക തട്ടിപ്പ് പരാതികൾ തനിയെ 'സീറോ എഫ്.ഐ.ആർ' ആയി മാറുന്നു, ഏത് സ്റ്റേഷൻ പരിധിയിലാണെങ്കിലും പൊലിസ് ഉടൻ തന്നെ മുൻഗണനാ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.സംവിധാനം വേഗത്തിൽ നടപ്പിലാക്കിയതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അസം പൊലിസിനെയും അദ്ദേഹം അഭിനന്ദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സൈബർ സുരക്ഷിത ഭാരതം' എന്ന പദ്ധതിക്ക് കരുത്തുപകരുന്നതാണ് അസം പോലീസിന്റെ ഈ പുതിയ ചുവടുവെപ്പെന്ന് ശർമ്മ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാർഗ്ഗനിർദ്ദേശവും അസം പൊലിസിന്റെ പരിശ്രമവും മൂലമാണ് ഇത് നടപ്പിലാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.