ബാർജ് അപകടം: ഇനിയും തിരിച്ചറിയാതെ 17 മൃതദേഹങ്ങൾ

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ അറബിക്കടലിൽ ബാർജ് മുങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും മരിച്ചവരിൽ 17 പേരെ ഇനിയും തിരിച്ചറിഞ്ഞില്ല. ഇവയിൽ 15 മൃതദേഹം മുംബൈയിലെ ജെജെ ആശുപത്രിയിലെ മോർച്ചറിയിലും രണ്ടെണ്ണം വൽസാദിലെ ആശുപത്രി മോർച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. അപകടത്തിൽപ്പെട്ട ബാർജ് പി 305 ന്റെ ക്യാപ്റ്റൻ രാകേഷ് ബല്ലവിന്റെ മൃതദേഹം തിങ്കളാഴ്ച ബന്ധുക്കൾക്ക് കൈമാറി.

കഴിഞ്ഞ 17 നാണ് ചുഴലിക്കാറ്റിൽപെട്ട് 'പി 305' ബാർജും ബാർജ് കെട്ടിവലിക്കാൻ ചെന്ന 'വരപ്രദ' എന്ന വെസലും മുങ്ങി എട്ട് മലയാളികൾ ഉൾപ്പെടെ 86 പേർ മരിച്ചത്. ഓ എൻ ജി സിയുടെ എണ്ണ കിണറുകളിൽ വിവിധ ജോലികളിൽ ഏർപ്പെട്ട കരാർ കമ്പനിയുടെ ജീവനക്കാരാണ് അപകടത്തിൽപെട്ടത്. ജീവനക്കാരുടെ താമസ കേന്ദ്രമായിരുന്നു ബാർജ്. അപകടസമയത്ത് 261 പേരാണുണ്ടായിരുന്നത്. മലയാളികൾ ഉൾപ്പെടെ 184 പേരെ നാവികസേനയും തീരദേശ സേനയും രക്ഷപ്പെടുത്തി.

അപകട മുന്നറിയിപ്പ് ലഭിച്ചിട്ടും കടലിൽ തുടർന്നതിന് ഒഎൻജിസിയും കരാർ കമ്പനിയായ അഫ്‌കോണും തമ്മിൽ പരസ്പരം പഴിചാരുകയാണ്.

ബാർജിലെ ചീഫ് എഞ്ചിനീയർ റഹ്മാൻ ശൈഖിന്റെ പരാതിയിൽ ക്യാപ്റ്റൻ രാകേഷ് ബല്ലവിന് എതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ക്യാപ്റ്റൻ മരിച്ചതോടെ കമ്പനി അധികൃതരെ പ്രതിചേർത്ത് കേസ് മുന്നോട്ടു കൊണ്ടുപോകുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിക്കുമ്പോൾ കടലിൽ 22 ബാർജുകളുണ്ടായിരുന്നുവെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് പിന്മാറാൻ തങ്ങൾ ആവശ്യപ്പെട്ടതോടെ 19 ബാർജുകൾ അതനുസരിച്ച് കരയടുപ്പിച്ചെന്നും ഒഎൻജിസി പറയുന്നു. അഫ്‌കോൺ കമ്പനിയുടെ മൂന്നു ബാർജുകൾ മാത്രമാണ് കടലിൽ തുടർന്നതെന്നും അതിനാൽ അഫ്‌കോൺ കമ്പനിയാണ് ദുരന്തത്തിന് ഉത്തരവാദിയെന്നും ഒഎൻജിസി അവകാശപ്പെട്ടു.

അതേസമയം, സുരക്ഷാനടപടികൾ ആവശ്യപ്പെട്ടും മാർഗ്ഗനിർദ്ദേശം തേടിയും, അപകടത്തിൽപ്പെട്ട പി 305 മാർജിന്റെ ക്യാപ്റ്റൻ ഒഎൻജിസി അധികൃതർക്ക് അയച്ച ഇമെയിൽ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പെട്രോളിയം മന്ത്രാലയം നിയോഗിച്ച അന്വേഷണ സമിതിയാണ് ഇത് കണ്ടെത്തിയത്. സമിതിയുടെ ശിപാർശയെ തുടർന്ന് 3 എക്സിക്യൂട്ടീവ് ഡയറക്ടർ മാരെ ഒഎൻജിസി സസ്പെൻഡ് ചെയ്തു. നടപടിക്കെതിരെ ഒഎൻജിസി ഉദ്യോഗസ്ഥന്മാരുടെ അസോസിയേഷൻ രംഗത്ത് വന്നിട്ടുമുണ്ട്.

Tags:    
News Summary - 17 dead bodies still unidentified in Mumbai barge accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.