പട്ന: ബിഹാറിൽനിന്ന് മഹാരാഷ്ട്രയിലേക്ക് മനുഷ്യകടത്തിന് വിധേയമാക്കിയ പ്രായപൂർത്തിയാകാത്ത 163 കുട്ടികളെ രക്ഷപ്പെടുത്തി റെയിൽവേ പൊലീസ്. മധ്യപ്രദേശിലെ കട്നി ജില്ലയിൽവെച്ച് ഒരു എക്സ്പ്രസ് ട്രെയിനിലാണ് സംഭവം.
ആറുവയസ്സിനും 13 വയസ്സിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളെ ജോലിക്കായാണ് ബിഹാറിലെ അരാരിയ മേഖലയിൽ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് കടത്തികൊണ്ടുപോയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ഗവൺമെന്റ് റെയിൽവേ പൊലീസും ചേർന്നായിരുന്നു സംയുക്ത ഓപറേഷൻ നടത്തിയത്.
കട്‌നി റെയിൽവേ സ്റ്റേഷനിൽ വെച്ച് പട്‌ന-പൂർണ എക്‌സ്‌പ്രസിൽ ശരിയായ ടിക്കറ്റുകളും രേഖകളും ഇല്ലാതെ ആൺകുട്ടികളുമായി യാത്ര ചെയ്ത എട്ട് പേരെ പിടികൂടിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള എട്ട് പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംശയാസ്പദമായ സാഹചര്യത്തിൽ കുട്ടികളെ കൊണ്ടുപോകുന്നതായി ശിശുക്ഷേമ സമിതിക്ക് നേരത്തേതന്നെ വിവരം ലഭിച്ചിരുന്നു. ശിശുക്ഷേമ സമിതി നൽകിയ വിവരത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എക്സ്പ്രസ് ട്രെയിനിനായി പ്ലാറ്റ്‌ഫോമിൽ കാത്തിരുന്നു. ട്രെയിൻ വന്നതോടെ കോച്ചുകളിൽ പരിശോധന നടത്തി കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ അധികൃതർ നടപടി സ്വീകരിച്ചുവെന്നും രക്ഷപ്പെടുത്തിയ കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കുന്നുണ്ടെന്നും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അവരുടെ പ്രായം, യാത്രാ ഉദ്ദേശ്യം എന്നിവ ഉദ്യോഗസ്ഥർ പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കട്നിയിലെയും ജബൽപൂരിലെയും ശിശു സംരക്ഷണ യൂണിറ്റുകളിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.