അനിയത്തിയുടെ ശസ്ത്രക്രിയക്ക് സഹായം തേടി 16കാരൻ; 24 മണിക്കൂറിനുള്ളിൽ അപരിചിതർ സമാഹരിച്ചത് ഒന്നര ലക്ഷത്തിലധികം രൂപ, ശേഷം അക്കൗണ്ട് അപ്രത്യക്ഷം!

ന്യൂഡൽഹി: കണ്ണിലെ ഗുരുതരമായ രോഗാവസ്ഥയെ തുടർന്ന് കാഴ്ചശക്തി നഷ്ടപ്പെടുമെന്ന അവസ്ഥയിലായ 12 വയസ്സുള്ള അനുജത്തിയുടെ ശസ്ത്രക്രിയക്കായി സഹായം അഭ്യർത്ഥിച്ച് 16 കാരനായ ജയ് സിങ് റാത്തോഡ് സോഷ്യൽ മീഡിയയിൽ എത്തിയത് വലിയ തോതിലുള്ള പ്രതികരണങ്ങൾക്ക് ഇടയാക്കിയിരുന്നു. കോവിഡ് മഹാമാരിയിൽ മാതാവിനെ നഷ്ടപ്പെട്ട ജയ് സിങും കുടുംബവും നിലവിൽ ഏറെ പ്രയാസങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്. ഡൽഹിയിലെ പ്രശസ്തമായ ഡോ. ഷ്രോഫ്‌സ് ഐ ഹോസ്പിറ്റലിൽ ചികിത്സയിലുള്ള കുട്ടിക്ക് ഗ്ലോക്കോമയും വിട്രിയസ് ഹെമറേജും ആണെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. ഇതുവരെ രണ്ടര ലക്ഷത്തിലധികം രൂപ ചികിത്സക്കായി ചെലവഴിച്ച കുടുംബത്തിന് അടുത്ത ശസ്ത്രക്രിയക്കായി 1.2 ലക്ഷം രൂപ കൂടി ആവശ്യമായിരുന്നു.

തങ്ങളുടെ കയ്യിലുള്ള സമ്പാദ്യവും ബന്ധുക്കളുടെ സഹായവും ചേർത്ത് 50,000 രൂപ സംഘടിപ്പിക്കാൻ കഴിഞ്ഞെങ്കിലും ബാക്കി തുകക്കായി ജയ് സിങ് നവമാധ്യമങ്ങളുടെ സഹായം തേടുകയായിരുന്നു. പത്തോ ഇരുപതോ രൂപ വെച്ച് നൽകി സഹായിക്കണമെന്ന കുട്ടിയുടെ വികാരാധീനമായ അഭ്യർത്ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വെറും 24 മണിക്കൂറിനുള്ളിൽ 1,58,282 രൂപയാണ് അപരിചിതരായ മനുഷ്യർ ചേർന്ന് സമാഹരിച്ചു നൽകിയത്. ലക്ഷ്യം കണ്ടതോടെ തനിക്ക് ആവശ്യത്തിൽധികം തുക ലഭിച്ചുവെന്നും ഇനി ആരും പണം അയക്കരുതെന്നും അഭ്യർത്ഥിച്ച് ജയ് സിങ് പോസ്റ്റുകൾ പിൻവലിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതിനുപിന്നാലെ കാര്യങ്ങൾ മാറിമറിഞ്ഞു. സോഷ്യൽ മീഡിയയിൽ ഈ കാരുണ്യ അഭ്യർത്ഥന വ്യാജമാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ശക്തമായി ഉയർന്നു വന്നു. ജയ് സിങ് പങ്കുവെച്ച മെഡിക്കൽ രേഖകളിലെ വിവരങ്ങൾ തെറ്റാണെന്നും ആശുപത്രി അധികൃതർ അങ്ങനെയൊരു രോഗി ഇല്ലെന്ന് വ്യക്തമാക്കിയതായും ചില ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചു. ഓൺലൈൻ ഗ്രൂപ്പുകളിലും സ്പേസുകളിലും ഈ വിഷയത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെ സംഭവവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉടലെടുക്കുകയും ഒടുവിൽ ജയ് സിങിന്റെ അക്കൗണ്ട് അപ്രത്യക്ഷമാവുകയും ചെയ്തു.

Tags:    
News Summary - 16 year old seeks help for sister's surgery strangers raise Rs. 1.5 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.