കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ മാഗി നൂഡിൽസ് വാങ്ങാനായി സഹോദരിയുടെ വിവാഹ മോതിരം വിൽക്കാനൊരുങ്ങിയ 13കാരന്‍റെ വാർത്ത വലിയ ചർച്ചക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ജുവലറി ഷോപ്പുടമ മോതിരം തിരികെ വീട്ടുകാർക്ക് നൽകിയെങ്കിലും കുട്ടികളിലെ ഫാസ്റ്റ് ഫുഡ് ആസക്തി എത്രത്തോളം ഉയർന്നുവെന്ന് വ്യക്തമാക്കുന്ന സംഭവമാണിത്.
ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം, കാൺപുരിലെ ശാസ്ത്രിനഗറിലുള്ള ജുവലറിയിലാണ് കുട്ടി മോതിരവുമായെത്തിയത്. കടയുടമ പുഷ്പേന്ദ്ര ജയ്സ്വാൾ ഒരു കൗതുകത്തിനാണ് മോതിരം വിൽക്കുന്നത് എന്തിനാണെന്ന് ചോദിച്ചത്. തനിക്ക് മാഗി നൂഡിൽസ് വാങ്ങാൻ വേണ്ടിയാണെന്ന് കുട്ടി മറുപടി നൽകി. ഇതോടെ അമ്മയെ കടയുടമ വിളിച്ചുവരുത്തി മോതിരം കാണിച്ചു. തന്‍റെ മകളുടെ വിവാഹനിശ്ചയത്തിന് അണിഞ്ഞ മോതിരമാണതെന്ന് അവർ വ്യക്തമാക്കി. വിവാഹത്തിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മോതിരവുമായി കുട്ടി ജുവലറിയിലെത്തിയത്. അത് നഷ്ടമായിരുന്നെങ്കിൽ വലിയ കുടുംബകലഹത്തിനും സാമ്പത്തിക ബാധ്യതക്കും കാരണമാകുമായിരുന്നുവെന്ന് മാതാവ് പറഞ്ഞു. സ്വർണവില കുത്തനെ ഉയരുന്നതിനിടെയാണ് മോതിരവുമായി കുട്ടി ഷോപ്പിലെത്തിയത്.
ജുവലറി ഉടമയുടെ സത്യസന്ധമായ പെരുമാറ്റത്തിന് സമൂഹമാധ്യമങ്ങളിൽ കൈയടി ഉയരുന്നുണ്ട്. കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിയാനുള്ള മനസ് കാണിച്ച പുഷ്പേന്ദ്രയെ അഭിനന്ദിക്കുകയാണ് നെറ്റിസൺസ്. കുട്ടികളുടെ കുഞ്ഞ് ആഗ്രഹങ്ങളെ തിരിച്ചറിഞ്ഞ്, സ്നേഹവും കരുതലും നൽകി കൃത്യമായ ദിശയിൽ തിരിച്ചുവിടണമെന്നും അവർ പറയുന്നു. കുട്ടികളിൽ ഇത്രത്തോളം ആസക്തി വളർത്തുന്ന ഭക്ഷ്യവിഭവങ്ങൾ പരമാവധി നൽകാതിരിക്കണമെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.