ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ തുടരുന്ന പ്രക്ഷോഭം ആറുമാസം തികയുന്ന മേയ് 26 കരിദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച. കരിദിനാചരണത്തിന് 12 പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 2020 നവംബർ 26ന് ആരംഭിച്ച പ്രക്ഷോഭം കർഷകർ തുടരുകയാണ്.
പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി പ്രസ്താവനയിറക്കിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സോണിയഗാന്ധി, ശരദ് പവാർ, എച്ച്.ഡി. ദേവഗൗഡ, സീതാറാം യെച്ചൂരി, മമത ബാനർജി, ഉദ്ധവ് താക്കറെ, എം.കെ സ്റ്റാലിൻ, ഹേമന്ദ് സോറൻ, ഫാറൂഖ് അബ്ദുല്ല, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഡി.രാജ എന്നിവരാണ് പിന്തുണ പ്രഖ്യാപിച്ച് ഒപ്പുവെച്ചത്.
കരിദിനാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കൽ ഉൾപ്പെടെ പ്രതിഷേധ പരിപാടികൾ കർഷകർ സംഘടിപ്പിക്കും. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് കർഷകരുടെ ഉറച്ച നിലപാട്. പ്രധാനമായും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. കേന്ദ്ര സർക്കാറുമായി നിരവധി പ്രാവശ്യം ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പിലെത്താൻ സാധിച്ചിരുന്നില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും മാറ്റങ്ങൾ വരുത്താം എന്നുമാണ് കേന്ദ്ര സർക്കാറിന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.