സി.എ.എ പ്രക്ഷോഭം: മുസ്ലിം ആക്ടിവിസ്റ്റുകളെ വേട്ടയാടുന്നതിൽ പ്രതിഷേധവുമായി ഫെമിനിസ്റ്റുകൾ

ന്യൂഡൽഹി: സി.എ.എ വിരുദ്ധസമരത്തിന്‍റെ പേരിൽ മുസ്ലിം ആക്ടിവിസ്റ്റുകളെ വേട്ടയാടുന്നതിൽ പ്രതിഷേധവുമായി  ഫെമിനിസ്റ്റുകൾ രംഗത്ത്. എഴുത്തുകാർ, മാധ്യമപ്രവർത്തകർ, സിനിമാപ്രവർത്തകർ, വിദ്യാർഥികൾ എന്നിവടരങ്ങുന്ന 1100 പേരാണ് സമാധാനപരമായി സി.എ.എ-എൻ.ആർ.സി, എൻ.പി.ആർ വിരുദ്ധസമരത്തിൽ പങ്കെടുത്തവരെ സർക്കാർ വേട്ടയാടുന്നതിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. സമരത്തിന്‍റെ പേരിൽ ജയിലിലടച്ച വനിതകളടക്കമുള്ള  ആക്ടിവിസ്റ്റുകളെ മോചിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 

ഡൽഹിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങൾ അഴിച്ചുവിടുകയും അറസ്റ്റ് ചെയ്തവരുടെ പേരിൽ യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചേർക്കുകയും ചെയ്തതോടെ ഇവർക്ക് ജാമ്യം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. വർഗീയ ലഹളയുടെ യഥാർഥ കാരണക്കാരായ അനുരാഗ് താക്കൂർ, കപിൽ മിശ്ര, പ്രവേശ് ശർമ എന്നീ ബി.ജെ.പി നേതാക്കൾക്കെതിരെയാണ് വാസ്തവത്തിൽ നടപടിയെടുക്കേണ്ടതെന്നും പ്രസ്താവനയിൽ പറയുന്നു. 

ലോക് ഡൗണിന്‍റെ മറവിൽ ജയിലിലായവരുടെ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ്. ഇവർക്ക് അഭിഭാഷകരെ സമീപിക്കാനോ ഏതെങ്കിലും തരത്തിലുള്ള നിയമസഹായം ലഭിക്കാനോ ഉള്ള സൗകര്യമില്ലാത്ത സമയമാണിത്. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും വേണ്ട വിധത്തിൽ പ്രശ്നത്തിൽ ഇടപെടാനും കഴിയുന്നില്ല. വിഷയത്തിൽ ഡൽഹി പൊലീസ് തയാറാക്കിയ എഫ്.ഐ.ആറുകൾ പുറത്തുവിടണം. കലാപത്തെ തുടർന്നുണ്ടായ അറസ്റ്റുകളിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും യു.എ.പി.എ ചുമത്തിയത് പിൻവലിക്കണമെന്നും ഇവർ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 

സാമൂഹ്യ പ്രവർത്തകരായ ആനി രാജ, മേധ പട്ക്കർ, അരുണ റോയ്, ടീസ്റ്റ സെതൽവാദ്, ദീപ സിഹ്ന, സിനിമാ സംവിധായിക അപർണ സെൻ, എഴുത്തുകാരികളായ മീന കന്ദസ്വാമി, ഗീത ഹരിഹരൻ, അഭിഭാഷകരായ അനുപ രസ്തോഗി, വസുധ നാഗ് രാജ് തുടങ്ങിയവരും  ഫെമിനിസ്റ്റ് ഗ്രൂപ്പുകളായ സഹേലി, നാഷണൽ ഫെഡറേഷൻ ഓഫ് വിമൻ, ആൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിേയഷൻ, ട്രാൻസ്ജെൻഡർ സംഘടനകൾ തുടങ്ങിയവരും പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.

ഗുൽഫിഷ, സഫൂറ സർഗാർ, ഇസ്രത്ത് ജഹാൻ എന്നിവരെക്കുറിച്ച് പ്രസ്താവനയിൽ എടുത്തുപറയുന്നു. എം.ബി.എ വിദ്യാർഥിയായ ഗുൽഫിഷ ഏപ്രിൽ ഒൻപതിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനാൽ ഇതുവരെ കുടുംബാംഗങ്ങളുമായോ അഭിഭാഷകരുമായോ ബന്ധപ്പെടാൻ ഗുൽഫിഷക്ക് കഴിഞ്ഞിട്ടില്ല. കലാപത്തിന്‍റെ മുഖ്യസൂത്രധാര എന്ന പേരിൽ അറസ്റ്റ് ചെയ്തിട്ടുള്ള ജാമിയ കോ ഓഡിനേഷൻ കമ്മിറ്റിയി അംഗമായ സഫൂറ സർഗാർ മൂന്ന് മാസം ഗർഭിണിയാണ്.  ഒരു മാസമായി ജയിലിൽ കഴിയുന്ന മുൻ കൗൺസിലറായ ഇസ്രത്ത് ജഹാന്‍റെ പേരിൽ കൊലപാതകക്കുറ്റമാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. മൂന്ന് പേർക്കും ജാമ്യം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

Tags:    
News Summary - 1100 Feminists Across India Condemn Crackdown On Anti-CAA Women Activists In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.