വോള്‍വോയുടെ ആഢംബരക്കാരന്‍

സ്വന്തമായൊരു വാഹനത്തിന് 50 മുതല്‍ 60 ലക്ഷംവരെ മുടക്കാന്‍ കഴിവുള്ളൊരു ഉപഭോക്താവിനെ സംബന്ധിച്ച് ആദ്യം മുന്നിലത്തെുന്നത് മൂന്ന് ഉല്‍പ്പന്ന നാമങ്ങളാണ്. ബെന്‍സ്, ഓഡി, ബി.എം.ഡബ്ളു. ബെന്‍സ് ഇ-ക്ളാസ്, ഓഡി എ6, ബി.എം.ഡബ്ള്യു 5 സീരീസ് എന്നിവയാണ് ആ വാഹനങ്ങള്‍. എന്നാല്‍ അല്‍പ്പം വേറിട്ട് ചിന്തിക്കുന്നവര്‍ക്ക് മറ്റുചില സാധ്യതകള്‍കൂടി നിലവിലുണ്ട്. അതില്‍ പ്രധാനം വോള്‍വൊ എന്ന സ്വീഡിഷ് കമ്പനിയാണ്. വോള്‍വൊ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ഓര്‍മയിലത്തെുന്നത് കൂറ്റന്‍ ആഢംബര ബസുകളണ്. പക്ഷെ ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള കാറുകളും എസ്.യു.വികളും ഇറക്കുന്നതും വോള്‍വോയാണ്. എയര്‍ബാഗെന്ന ജീവന്‍െറ ബലൂണ്‍ കണ്ടുപിടിച്ചതും ഇവര്‍തന്നെ. സുരക്ഷയുടെ കാര്യത്തില്‍ മറ്റെല്ലാ വമ്പന്‍മാരും മാതൃകയാക്കുന്നതും വോള്‍വോയെ ആണെന്ന് പറയാം. ചുരുക്കത്തില്‍ തികഞ്ഞ ആഢംബരവും മികച്ച സുരക്ഷയും അല്‍പ്പം വ്യത്യസ്തതയും ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന വാഹനങ്ങളാണ് വോള്‍വൊയുടേത്.


നിരവധിവാഹനങ്ങളുള്ള വോള്‍വോയുടെ പതാകവാഹകന്‍ എന്ന് വിശേഷിക്കാവുന്ന മോഡലാണ് S90. 50-55ലക്ഷമാണ് വില. വലുപ്പവും ഭംഗിയും സുഖസൗകര്യങ്ങളുമെല്ലാം ഒത്തിണങ്ങിയ വാഹനം. സ്പാ(SPA) എന്ന് കമ്പനി വിളിക്കുന്ന പ്ളാറ്റഫോമിലാണ് കാറിന്‍െറ നിര്‍മ്മാണം. മികവിന് പേരുകേട്ട വോള്‍വോയുടെ തന്നെ എസ്.യു.വിയായ XC90 നിര്‍മ്മിച്ചിരിക്കുന്നതും ഇതേ പ്ളാറ്റ്ഫോമില്‍ തന്നെ. S80 എന്ന തന്‍െറ മുന്‍ഗാമിയെ അപേക്ഷിച്ച് ബഹുകാതം മുന്നിലാണ് പുതിയ വാഹനം. കമ്പനിയുടെ അടുത്തകാലത്തുണ്ടായ മാറ്റങ്ങള്‍ക്ക് പിന്നിലൊരു ചൈനീസ് ബന്ധമുണ്ട്. വോള്‍വോയുടെ ഇപ്പോഴത്തെ മുതലാളിയൊരു ചൈനക്കാരനാണ്. പണം വാരിയെറിഞ്ഞ് പണം വാരാനുള്ള ഉറച്ച തീരുമാനത്തിലാണ് ഈ ചൈനക്കാന്‍. അതിന്‍െറ മാറ്റം വോള്‍വോയുടെ പുതിയ വാഹനങ്ങളിലെല്ലാമുണ്ട്. വലുപ്പമുള്ള ഗ്രില്ലും കമ്പനി ലോഗോയുമാണ് മുന്നില്‍ നിന്ന് നോക്കിയാല്‍ ആദ്യം കണ്ണില്‍പ്പെടുക. എല്‍.ഇ.ഡി ലൈറ്റുകള്‍ ഏറെ ഭംഗിയുള്ളത്. ഒറ്റനോട്ടത്തില്‍ നല്ല കരുത്തുള്ളതെന്ന് തോന്നിക്കുന്ന ഡിസൈനാണിത്. പിന്നിലും ആരുമായും സാമ്യപ്പെടുത്താനാകാത്ത രൂപമാണ് ഒരുക്കിയിരിക്കുന്നത്. മറ്റെങ്ങും കാണാത്ത ബ്രാക്കറ്റ് ആകൃതിയിലുള്ള ടെയില്‍ ലൈറ്റുകള്‍ രാത്രിയില്‍ ഏറെ ആകര്‍ഷകമായി മിന്നിത്തിളങ്ങും. രൂപഭംഗിയില്‍ എതിരാളികളോടൊപ്പം നില്‍ക്കുന്ന എന്നാല്‍ സ്വന്തം വ്യക്തിത്വമുള്ള വാഹനമാണ് S90 എന്ന് പറയാം. അകവശം വോള്‍വോകളിലെ സ്ഥിരം കാഴ്ച്ചകളെ ഓര്‍മ്മിപ്പിക്കുന്നു. വൃത്തിയുള്ള, ഉറപ്പുള്ള, ഭംഗിയുള്ള, നിലവാരമുള്ള ഉള്‍വശമെന്ന് നിസംശയം പറയാം.

തുകലും തടിയും കൊണ്ടുള്ള മിനുക്കുപണികള്‍ കണ്ണിന് ഇമ്പമുണ്ടാക്കുന്നത്. ഡാഷില്‍ ഘടിപ്പിച്ചിരിക്കുന്ന ഒമ്പത് ഇഞ്ച് ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം ഉപയോഗിച്ച് വാഹനത്തിന്‍െറ മിക്ക നിയന്ത്രണങ്ങളും സാധ്യമാണ്. അതിസുഖകരമാണ് സീറ്റുകള്‍. നന്നായി അമര്‍ന്നിരുന്ന് ഒരല്ലലും ഇല്ലാതെ വാഹനം ഓടിക്കാം. സ്റ്റിയറിങ്ങ് വീലിന്‍െറ സ്ഥാനം ക്രമീകരിക്കാന്‍ ഇലക്ട്രിക് സംവിധാനമില്ല എന്നത് പോരായ്മ. ഉയര്‍ന്ന മോഡലില്‍വരെ ഇത് കൈകൊണ്ട് ചെയ്യേണ്ടിവരും. പിന്നിലും സൗകര്യങ്ങളുടെ അതിപ്രസരമാണ്. അതിനൊരു കാരണവുമുണ്ട്. S90 വാങ്ങുന്നവരിലധികവും പിന്നിലിരുന്ന യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. ലെഗ് സ്പേയ്സും ഹെഡ്സ്പേസും വേണ്ടുവോളം. പക്ഷെ മൂന്നുപേര്‍ക്ക് അത്ര സുഖകരമായി ഇരിക്കാനാകില്ല. മധ്യത്തിലായി വലിയ ടണല്‍ ഉണ്ട് എന്നതാണ് കാരണം. പിന്നിലും ടച്ച്സ്ക്രീനോടുകൂടി എല്ലാം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുണ്ട്. 2.0ലിറ്റര്‍ പെട്രോള്‍,ഡീസല്‍ എഞ്ചിനുകള്‍ വാഹനത്തിനുണ്ട്.

ഇന്ത്യയില്‍ ആദ്യമത്തെുക 190 എച്ച്.പി ഡീസല്‍ മോഡലാകും. തുടര്‍ന്ന് 235 എച്ച്.പി പെട്രോളുമത്തെും. രണ്ടിലും എട്ട് സ്പീഡ് ഗിയര്‍ബോക്സാണ്. സുരക്ഷയെപറ്റിപറഞ്ഞാല്‍ അത്ര എളുപ്പം തീരാത്തതിനാല്‍ ഒറ്റവാക്കില്‍ ഇങ്ങിനെ ചുരുക്കാം. ഇന്ന് ലോകത്തിറങ്ങുന്ന ഏറ്റവും സുരക്ഷിത വാഹനമാണ് വോള്‍വൊ S90. എടുത്ത് പറയാവുന്നൊരു സവിശേഷത പൈലറ്റ് അസിസ്റ്റ് സംവിധാനമാണ്. ഡ്രൈവറില്ലാതെ സ്വന്തമായി വാഹനം ഓടുന്ന രീതിയാണിത്. കൃത്യമായി ലൈനുകള്‍ ഉള്ള ഹൈവേകളില്‍ ഇത് കാര്യക്ഷമമായി പ്രവര്‍ത്തിക്കും. വലിയ ജാഡകളില്ലാതെ സുഖമായി സ്വസ്ഥമായി സുരക്ഷിതമായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് S90 തെരഞ്ഞെടുക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.