മാരുതി സുസുകി ഇഗ്‌നിസ്

ഇഗ്‌നിസ് ഇനിയില്ല! നിർമാണം അവസാനിപ്പിച്ചെന്ന് മാരുതി സുസുക്കി

മാരുതി സുസുക്കിയുടെ കരുത്തുറ്റ ഹാച്ച്ബാക്കായ ഇഗ്‌നിസിന്റെ നിർമാണം അവസാനിപ്പിച്ചതായി മാരുതി സുസുകി. വിതരണ ശൃഖലയായ 'നെക്സ' വഴിയാണ് ഹാച്ച്ബാക്ക് മോഡൽ മാരുതി വിപണയിൽ എത്തിച്ചത്. വാഹന വിതരണക്കാരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ഒരുമാസത്തിലേറെയായി ഇഗ്‌നിസിന്റെ നിർമാണവും ബുക്കിങ്ങും മാരുതി നിർത്തിവെച്ചിരിക്കുകയാണ്. വിപണിയിൽ വിൽപ്പന കുറഞ്ഞതും പുതിയ മലിനീകരണ നിയമങ്ങളുമാണ് നിർമാണം അവസാനിപ്പിക്കാൻ കാരണമെന്നാണ് കരുതുന്നത്. എങ്കിലും മാരുതി ഇഗ്‌നിസ് ഔദ്യോഗിക വെബ്സൈറ്റിൽ വാഹനം ഇപ്പോഴും ലിസ്റ്റ് ചെയ്തിട്ടുണ്ട്.


2017ൽ വിപണിയിൽ എത്തിയ മോഡലിന് 2020ലാണ് ആദ്യ അപ്ഡേറ്റ് കമ്പനി നൽകുന്നത്. 1197 സി.സി, 4 സിലിണ്ടർ വി.വി.ടി 1.2 ലിറ്റർ കെ സീരീസ് പെട്രോൾ എൻജിനാണ് ഇഗ്‌നിസിന്റെ കരുത്ത്. 6000 ആർ.പി.എമിൽ 82 എച്ച്.പി കരുത്തും 4200 ആർ.പി.എമിൽ 113 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിൻ, 5 സ്പീഡ് മാനുവൽ, 5 സ്പീഡ് ഓട്ടോമാറ്റിക് മാനുവൽ ഗിയർബോക്സുമായാണ് ജോടിയിണക്കിയിരിക്കുന്നത്. മാരുതിയുടെ വാഹനങ്ങൾ പല ഉപഭോക്താക്കളും തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം വാഹനത്തിന് ലഭിക്കുന്ന മൈലേജാണ്. ഇഗ്‌നിസ് എ.ആർ.എ.ഐ സാക്ഷ്യപ്പെടുത്തിയതനുസരിച്ച് ഒരു ലിറ്റർ പെട്രോളിൽ 20.89 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. പെട്രോൾ വകഭേദത്തെ കൂടാതെ 1.3 ലിറ്ററിന്റെ ഒരു ഡീസൽ മോഡലും 2017ൽ വിപണിയിൽ എത്തിച്ചിരുന്നെങ്കിലും 2018ൽ മോഡലിന്റെ നിർമാണം മാരുതി അവസാനിപ്പിച്ചിരുന്നു.

സിഗ്‌മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ നാല് വേരിയന്റുകളിലാണ് ഇഗ്‌നിസ് ഇന്ത്യൻ നിരത്തുകളിൽ എത്തിയത്. എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പുകളോട് കൂടിയ എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, റൂഫ് റൈൽസ്, 15 ഇഞ്ച് ഓൾ-ബ്ലാക്ക് അലോയ് വീലുകൾ, ബോഡി നിറത്തോടു കൂടെയുള്ള ഡോർ ഹാൻഡിലുകൾ, ഒ.ആർ.വി.എം എന്നിവ ഇഗ്‌നിസിന്റെ പുറത്തെ പ്രതേകതകളാണ്. ഉൾവശത്തായി ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേയോട് കൂടിയ 7 ഇഞ്ച് സ്മാർട്ട്പ്ലേയ് സ്റ്റുഡിയോ ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, മൾട്ടി ഫങ്ഷനോട് കൂടിയ സ്റ്റിയറിങ് വീൽ എന്നിവയും ഇഗ്‌നിസിൽ സജ്ജീകരിച്ചിട്ടുണ്ട്.


സുരക്ഷക്കായി മുൻവശത്ത് രണ്ട് എയർബാഗുകൾ, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്, റിയർ പാർക്കിങ് സെൻസർ, റിയർവ്യൂ കാമറ (ആൽഫ വേരിയന്റ്), ഐസോഫിക്സ് ചൈൽഡ് സീറ്റ് ആംഗറേജുകൾ എന്നിവയും നൽകിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും മോഡലിന്റെ സ്വീകാര്യതയിൽ വിപണിയിൽ പിടിച്ചുനിൽക്കാൻ ഇഗ്‌നിസിന് സാധിച്ചില്ല. 'അർബൻ എസ്.യു.വി' എന്ന് സൂചിപ്പിക്കാവുന്ന ഇഗ്‌നിസിന്റെ ഡിസൈൻ പല ഉപഭോക്താക്കൾക്കും അത്ര താത്പര്യമില്ലായിരുന്നു. എന്നിരുന്നാലും വിദേശ രാജ്യങ്ങളിൽ ഒരു റേസിങ് മോഡലായി ഇഗ്‌നിസ് വ്യാപകമായി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

Tags:    
News Summary - Ignis is no more; Maruti Suzuki says it has stopped production!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.