ലക്ഷം തികഞ്ഞ് ലക്ഷണമൊത്ത കാര്‍

പതിനൊന്ന് മാസം, ഒരു ലക്ഷം കാര്‍. എലൈറ്റ് ഐ 20 ലോകമെമ്പാടും വിറ്റ കാര്യമാണ് പറയുന്നത്. 2014 ആഗസ്റ്റ്് 11നാണ് ചോക്ളറ്റിന്‍െറ ചേലുള്ള കാര്‍ ഹുണ്ടായി പുറത്തിറക്കിയത്. ‘ഹാച് ബാക് കാറാണ്, ഇപ്പോഴത്തെ ട്രെന്‍ഡനുസരിച്ച് ഓഫ് റോഡ് ഓടിക്കാനൊന്നും കഴിയില്ല. ഫുള്‍ ഓപ്ഷന് ഒമ്പത് ലക്ഷം വിലയുണ്ട്’ എന്നിങ്ങനെ എതിരാളികള്‍ കുറ്റം കുറെ പറയുന്നുണ്ടെങ്കിലും നാട്ടുകാരുടെയടുത്ത് വിലപ്പോവുന്നില്ല. ഒട്ടും പരുക്കനല്ലാത്ത ഡിസൈനും ഉയര്‍ന്ന വീല്‍ബേസും അതിലേറെ മികച്ച സ്റ്റെബിലിറ്റിയും ഐ 20 പ്രീമിയം ഹാച്ബാക്കിന്‍െറ രണ്ടാം തലമുറയുടെ കുറവൊക്കെ മറികടക്കുന്നുണ്ട്. ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ അടക്കം ഇരുപത്തഞ്ചോളം ബഹുമതികള്‍ നേടിയ കാറിന് ഇന്ത്യയിലാണ് ആവശ്യക്കാര്‍ കൂടുതല്‍.

ഹുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ബി.എസ് സിയോ അടക്കമുള്ളവര്‍ ഈ കച്ചവടംകണ്ട് ഞെട്ടി നില്‍ക്കുകയാണ്. ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, റിവേഴ്സ് കാമറ, പിന്നില്‍ എയര്‍ കണ്ടീഷന്‍ വെന്‍റ്, ഓട്ടോമാറ്റിക്കായി മടങ്ങുന്ന വിങ് മിറര്‍, കൈ്ളമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി,  ഇരട്ട എയര്‍ബാഗ്, ആന്‍റി ലോക് ബ്രേക് (എ.ബി.എസ്) എന്നിവയൊക്കെയാണ് ഉയര്‍ന്ന മോഡലിലുള്ളത്. നിലവില്‍ ഇവന് എതിരാളികളില്ലാത്ത സ്ഥിതിയാണ്. പക്ഷേ, ഹോണ്ട ജാസ് വന്നുകഴിയുമ്പോള്‍ സ്ഥിതിയെന്താകുമെന്ന് പറയാനാവില്ല. അതിനുവേണ്ട മുന്‍കരുതലും ഹുണ്ടായി സ്വീകരിക്കുന്നുണ്ട്.

ടച് സ്ക്രീന്‍ സഹിതമുള്ള ഇന്‍ഫോടെയ്ന്‍മെന്‍റ് സംവിധാനം കാറില്‍ ഉള്‍പ്പെടുത്താനാണ് ആദ്യ തീരുമാനം. ജാസില്‍ ഇത് ഉണ്ടാകുമെന്ന് ഏതാണ്ടുറപ്പാണ്. വിപണിയിലിറങ്ങിയത് മുതല്‍ വില്‍പനയേറിയ ആദ്യ 10 കാറുകളുടെ പട്ടികയില്‍ ‘ഐ 20’ ഉണ്ട്. ‘എലീറ്റ് ഐ 20’, ‘ഐ 20 ആക്ടിവ്’ എന്നിവ ചേര്‍ന്ന് ഓരോ മാസവും പതിനായിരത്തിലേറെ യൂനിറ്റ് വില്‍ക്കുന്നുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെയുള്ള മൊത്തം വില്‍പന 55,376 യൂനിറ്റാണ്. സൗന്ദര്യം കാറിനും പ്രധാനമാണെന്ന് ചുരുക്കം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.