മാരുതി സുസുകി ഫ്രോങ്സ്

ബലേനോയെ കൂടാതെ ഫ്രോങ്‌സും തരിപ്പണം; ആസ്ട്രേലിയൻ ക്രാഷ് ടെസ്റ്റിൽ മോശം പ്രകടനം കാഴ്ചവെച്ച് എസ്.യു.വി

രാജ്യത്തെ മികച്ച വാഹനനിർമാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ വിൽപ്പനയും കയറ്റുമതിയും രേഖപ്പെടുത്തിയ സബ്കോംപാക്ട് ക്രോസ്ഓവർ എസ്.യു.വിയായ ഫ്രോങ്സ് എസ്.യു.വി ആസ്ട്രേലിയൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (എ.എൻ.സി.എ.പി) ക്രാഷ് ടെസ്റ്റിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ലാറ്റിൻ ക്രാഷ് ടെസ്റ്റിൽ രണ്ട് സ്റ്റാർ നേടിയ ബലേനോയെക്കാൾ കുറഞ്ഞ പോയിന്റാണ് ഫ്രോങ്സ് നേടിയത്. ക്രാഷ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയപ്പോൾ കേവലം ഒരു സ്റ്റാർ സുരക്ഷ റേറ്റിങ്ങാണ് ഫ്രോങ്സ് നേടിയത്. ഇതേ മോഡൽ ജാപ്പനീസ് ക്രാഷ് ടെസ്റ്റിലും ആസിയാൻ ക്രാഷ് ടെസ്റ്റിലും നാലും അഞ്ചും സുരക്ഷ റേറ്റിങ് സ്വന്തമാക്കിയിരുന്നു.

സുസുകി ഫ്രോങ്സ് സുരക്ഷ റേറ്റിങ്

പ്രധാനമായും നാല് പ്രാഥമിക മേഖലകളിലാണ് വാഹനത്തിന്റെ സുരക്ഷ പരിശോധന നടത്തിയത്. അതിൽ മുതിർന്നവരുടെ സുരക്ഷയിൽ 48 ശതമാനം പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 40 ശതമാനം പോയിന്റും കാൽനടക്കാരുടെ സുരക്ഷയിൽ 65 ശതമാനം പോയിന്റും മൊത്തത്തിലുള്ള പ്രകടനത്തിൽ 55 ശതമാനത്തിന്റെ സുരക്ഷ പോയിന്റുമാണ് ഫ്രോങ്സ് എസ്.യു.വി നേടിയത്. ചില പരീക്ഷണങ്ങളിൽ വാഹനം സ്വീകാര്യമായ ഫലങ്ങൾ കാണിച്ചുവെങ്കിലും, പരിശോധനയ്ക്കിടെ ഉണ്ടായ ഒരു ഗുരുതരമായ പരാജയം അതിന്റെ സുരക്ഷ റേറ്റിങ്ങിനെ ഗണ്യമായി ദുർബലപ്പെടുത്തി.

ഫുൾ-വിഡ്ത്ത് ഫ്രണ്ടൽ ക്രാഷ് ടെസ്റ്റിനിടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ഉയർന്നുവന്നത്. പിൻവശത്തെ പാസഞ്ചർ സീറ്റ് ബെൽറ്റിലെ ഒരു തകരാർ മൂലം ബെൽറ്റ് ടെസ്റ്റിനിടെ അപ്രതീക്ഷിതമായി അഴിഞ്ഞുപോയി. ഇത് പിൻ ക്രാഷ് ടെസ്റ്റ് ഡമ്മി നിയന്ത്രണമില്ലാതെ മുന്നോട്ട് നീങ്ങാനും മുൻ സീറ്റിൽ ഇടിക്കാനും കാരണമായി.

കുട്ടികളുടെ സുരക്ഷ

കുട്ടികളുടെ സുരക്ഷയിൽ പിൻ സീറ്റിലെ സീറ്റ് ബെൽറ്റിന്റെ മോശമായ പ്രകടനം 40 ശതമാനം പോയിന്റ് മാത്രമേ ഫ്രോങ്സ് എസ്.യു.വിക്ക് നേടികൊടുത്തൊള്ളൂ. ഫ്രണ്ടൽ, സൈഡ് ഇംപാക്ട് വിലയിരുത്തലുകളിൽ ചൈൽഡ് ഡമ്മികൾക്ക് വേണ്ടത്ര സുരക്ഷ നൽകിയിട്ടില്ലെന്ന് എ.എൻ.സി.എ.പി നിരീക്ഷിച്ചു. കുട്ടികളുടെ തലയ്ക്കും നെഞ്ചിനുമുള്ള സംരക്ഷണം മോശമാണ്, ഇത് നിരവധി പരീക്ഷണ സാഹചര്യങ്ങളിൽ കുറഞ്ഞ സ്കോറുകൾക്ക് കാരണമായി. പിൻ സീറ്റുകൾക്ക് ISOFIX ആങ്കറേജുകളും ടോപ്പ് ടെതർ പോയിന്റുകളും ഉണ്ടെങ്കിലും, സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകളുടെയും ചൈൽഡ് പ്രെസെൻസ് ഡിറ്റക്ഷൻ സിസ്റ്റത്തിന്റെയും അഭാവം സ്കോറിനെ കൂടുതൽ കുറച്ചു.

കാൽനടയാത്രക്കാരുടെ സംരക്ഷണം

കാൽനടയാത്രക്കാരും സൈക്ലിസ്റ്റുകളും ഉൾപ്പെടുന്ന മിക്ക സാഹചര്യങ്ങളിലും ഓട്ടോണമസ് എമർജൻസി ബ്രേക്കിങ് സിസ്റ്റം നല്ല ഫലപ്രാപ്തി കാണിച്ചു. എന്നിരുന്നാലും, റിവേഴ്‌സ് ചെയ്യുമ്പോൾ സിസ്റ്റം വേണ്ടത്ര രീതിയിൽ പ്രവർത്തിക്കുന്നില്ല. ഇത് ചില യഥാർത്ഥ സാഹചര്യങ്ങളിൽ വാഹനത്തിന്റെ ഫലപ്രാപ്തിയെ പരിമിതപ്പെടുത്തുന്നു.

Tags:    
News Summary - Fronx SUV performs poorly in Australian crash test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.