വെറുക്കാനാവാത്ത വെന്‍േറാ

അന്നും ഇന്നും പാവപ്പെട്ടവന്‍െറ ആഢംബരമാണ് ഫോക്സ്വാഗണ്‍. അതില്‍തന്നെ അത്താഴപ്പട്ടിണിക്കാരായ പണക്കാര്‍ക്ക് വാങ്ങാന്‍ പറ്റിയ മോഡലാണ് വെന്‍േറാ. വില പത്ത് ലക്ഷത്തിന് ചുറ്റും കിടന്ന് കറങ്ങുകയാണെങ്കിലും ഇരുപത് ലക്ഷത്തിന്‍െറ ബഹുമാനം ജനം ഇതിന് നല്‍കുന്നുണ്ട്. ഒൗഡി എന്ന ഉന്നത കുലജാതന്‍െറ ഘടകങ്ങളില്‍ ചിലത് ഇതില്‍ കയറ്റിയിട്ടുണ്ട് എന്നതാണ് ഇത്ര ബഹുമാനം കിട്ടാന്‍ കാരണം. ഇപ്പോള്‍ കാലത്തിനൊത്ത് കോലം മാറുന്നുവെന്നതാണ് വെന്‍േറായുടെ വിശേഷം. പസാറ്റിനെ അനുകരിച്ച് രൂപകല്‍പന ചെയ്ത ഗ്രില്‍ വെന്‍േറായ്ക്ക് അല്‍പം കൂടി പക്വത തോന്നിപ്പിക്കുന്നുണ്ട്. പുതിയ ബമ്പറും ഫോഗ് ലാമ്പുകളും ഹെഡ്ലാമ്പും ഗ്രില്ലിന്‍െറ ഗമ കുറക്കുന്നില്ല. ഡോര്‍ ഹാന്‍ഡിലുകള്‍ ക്രോമിയത്തില്‍ പൊതിഞ്ഞിട്ടുണ്ട്. സ്വിച്ചിട്ടാല്‍ മടങ്ങുന്ന വിങ് മിററും പുതിയ അലോയ് വീലുകളും കിട്ടി. ത്രീ ഡി ടെയില്‍ ലാമ്പ് പിന്നാമ്പുറത്തിനും ആവശ്യത്തിന് ആഢംബരം നല്‍കുന്നുണ്ട്.

വോയ്സ് കമാന്‍ഡ്, ബ്ളൂ ടൂത്ത് സംവിധാനങ്ങളുള്ള പുതിയ സ്റ്റീരിയോ ഉള്ളിലത്തെിയിട്ടുണ്ട്. സുഖമായി ഇരിക്കാവുന്ന സീറ്റുകള്‍ക്ക് കാര്യമായ വിത്യാസം വന്നിട്ടില്ല. ബീജും ഇളം തവിട്ടും ചേര്‍ത്താണ് ഉള്ളം നിറച്ചിരിക്കുന്നത്. സ്റ്റീയറിങ്ങിലും ഡാഷ് ബോര്‍ഡിലും കറുപ്പ് കലര്‍ത്തി. സ്പോര്‍ട്ടി ഫ്ളാറ്റ്ബോട്ടം സ്റ്റീയറിങ് വീല്‍,  മുന്‍ സീറ്റുകളുടെ മധ്യത്തില്‍ സ്റ്റോറേജ് സ്പേസുള്ള ഹാന്‍റ് റെസ്റ്റ്, രണ്ട് എയര്‍ബാഗുകള്‍ എന്നിവ സാധാരണ ഫിറ്റിംഗായി. എ ബി എസ്, ഇ എസ് പി എന്നിവ കൂടിയ മോഡലില്‍ കിട്ടും. ഓട്ടമാറ്റിക് ഡി.എസ്.ജി മോഡലിന് ഹില്‍ഹോള്‍ഡ് സൗകര്യം നല്‍കിയിട്ടുണ്ട്. ക്രൂസ് കണ്‍ട്രോള്‍ വന്നത് നിസാരമായി കാണേണ്ട. പഴയ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 103.2 ബി.എച്ച്.പി പവറും 250 എന്‍.എം ടോര്‍ക്കും നല്‍കും. ഒരു ലിറ്റര്‍ ഡീസലില്‍  20.4 ലീറ്റര്‍ ഓടും. മികച്ച ടോര്‍ക്കാണ് ഈ എന്‍ജിന്‍െറ ഏറ്റവും വലിയ ഗുണം. സസ്പെന്‍ഷന്‍ മെച്ചപ്പെടുത്തിയതോടെ  കുടുക്കവും ഉലച്ചിലും കുറഞ്ഞു. ഏറ്റവും കൂടിയ ഡീസല്‍ മോഡലിന് 12.50 ലക്ഷം രൂപയും ഓട്ടോമാറ്റിക് മോഡലിന് 14 ലക്ഷം രൂപയുമാണ് വില. 
ടി.ജൂവിന്‍

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.