അഹങ്കരിക്കാന്‍ ആസ്പയര്‍

1929 ഒക്ടോബര്‍ 29ന്, അമേരിക്കയിലെ വാള്‍ സ്ട്രീറ്റില്‍ ഓഹരികള്‍ അടുക്കിവെച്ച അലമാരകള്‍ തലകുത്തിവീണപ്പോള്‍ ലോകത്തിന് ഡിപ്രഷന്‍ പിടിപെട്ടു. ലോകത്ത് ശരാശരി തൊഴിലില്ലായ്മ 33 ശതമാനം കടന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പല രാജ്യങ്ങളിലും സ്തംഭിച്ചു. ധാന്യവിളകള്‍ക്ക് 60 ശതമാനം വരെ വിലയിടിഞ്ഞു. നാണ്യവിളകള്‍, ഖനികള്‍ തുടങ്ങിയ മേഖലകളെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. ഇതിന് മുകളിലേക്കാണ് രണ്ടാം ലോകയുദ്ധം വന്നത്. ഈ ദുരിതമെല്ലാം തരണംചെയ്ത് കാറ് വിറ്റുവളര്‍ന്നവരാണ് നമ്മുടെ ഫോര്‍ഡ്. പക്ഷേ ഇന്ത്യയില്‍ ഇതില്‍ കൂടുതല്‍ ദുരിതമാണ് അവര്‍ നേരിടുന്നത്.

ഫിയസ്റ്റയും ഫിയസ്റ്റ ക്ളാസിക്കും ഫിഗോയും പിന്നെ എക്കോസ്പോര്‍ട്സും ഒക്കെയുണ്ടെങ്കിലും ആളുകള്‍ മാരുതിക്കും ഹ്യുണ്ടായിക്കുമൊക്കെ പുറകെയാണ് പോകുന്നത്.  ഫോര്‍ഡിനെ കുറ്റം പറയുന്നവര്‍ ഒന്നോര്‍ക്കണം. സാക്ഷാല്‍ തോമസ് ആല്‍വാ എഡിസണ്‍ തന്‍െറ ആവിയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് നിയമിച്ചിരുന്ന ആളാണ് ഈ ഫോര്‍ഡിന്‍െറ സ്ഥാപകനായ ഹെന്‍ട്രി ഫോര്‍ഡ്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഇഷ്ടവിഷയം. ഈ കക്ഷിയാണ് സാധാരണക്കാരന് വാങ്ങാന്‍ പറ്റുന്ന കാര്‍, മോഡല്‍ ടി. ഉണ്ടാക്കിയത്, ഇപ്പോള്‍ ലോകത്തുള്ള ഒട്ടുമിക്ക കാറുകമ്പനികളും ഉപയോഗിക്കുന്ന അസംബ്ളി ലൈന്‍ സംവിധാനം ആദ്യം ഫലപ്രദമായി ഉപയോഗിച്ചത്. അതായത് ഒരു ഫ്രോഡ് കമ്പനിയല്ല ഈ ഫോര്‍ഡ്. അത്യാവശ്യം ബഹുമാനമൊക്കെ ആവാം. കാല്‍കാശിന് ഗതിയില്ലാത്തവരെ കാറില്‍ കയറ്റിയ ഫോര്‍ഡ് കാശുകണ്ട് കണ്ണുകഴച്ചവരെ കയറ്റാന്‍ മറ്റൊരു കമ്പനിയും തുടങ്ങി. അതാണ് ലിങ്കണ്‍. കാറിന്‍െറ എല്ലാപണികളും ഫോര്‍ഡിന് പണ്ടുമുതലേ അറിയാമെന്ന് ചുരുക്കം.

ഫോര്‍ഡിന്‍െറ സബ് കോംപാക്ട് സെഡാന്‍ അസ്പയറിന്‍െറ പരീക്ഷണാടിസ്ഥാനത്തിലുള്ള നിര്‍മാണം ഗുജറാത്തിലെ സദാനന്ദിലുള്ള പ്ളാന്‍റില്‍ തുടങ്ങി എന്നതാണ് പുതിയ വാര്‍ത്ത. സ്വിഫ്റ്റ് ഡിസയര്‍, ഹോണ്ട അമേസ്, ടാറ്റാ സെസ്റ്റ്്, ഹ്യുണ്ടായ് എക്സന്‍റ് എന്നിവയുടെ വിപണിയിലേക്കാണ് അസ്പയര്‍ വരുന്നത്. 2014 ലെ ന്യൂഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഇവനെ പ്രദര്‍ശിപ്പിച്ചിരുന്നു. ഫിഗോയ്ക്ക് വാലുവെച്ചതാണ് സംഭവം. പക്ഷേ, സാധാരണ കാറു കമ്പനികള്‍ സെഡാനെ ഹാച്ച്ബാക്ക് ആക്കുമ്പോലെ വെച്ചുകെട്ടല്ല. ആസ്പയറിന്‍െറ മുന്‍ഭാഗം കണ്ടാല്‍ ആസ്റ്റന്‍മാര്‍ട്ടിന്‍െറ രൂപം തോന്നും. നികുതിയിളവിന്‍െറ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുംവിധം നീളം നാലുമീറ്ററില്‍ താഴെ നിര്‍ത്തിയാണ് വാഹനത്തിന്‍െറ നിര്‍മാണം. 1.5 ലിറ്റര്‍ ടി.ഡി.സിഐ ഡീസല്‍ എന്‍ജിനും 1.2 ലിറ്റര്‍ ടി.ഐ.വി.സി.ടി പെട്രോള്‍ എന്‍ജിനുമാണ് ഗമ പകരുക. പെട്രോള്‍ എന്‍ജിന്‍ 70 പി.എസ്. കരുത്തും 102 എന്‍.എം ടോര്‍ക്കും നല്‍കും. ഡീസലിന് 90 പി.എസ് കരുത്തും 204 എന്‍.എം ടോര്‍ക്കുമാണുള്ളത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെക്കുറിച്ച് മിണ്ടിക്കേള്‍ക്കുന്നില്ല. ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിക്കണോ എന്ന കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. സംഗതി കൊള്ളാവുന്ന എന്‍ജിന്‍ ആണെങ്കിലും വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും അപ്പുറം ചെല്ലും. ഫിഗോയിലും മറ്റുമുള്ള എന്‍ജിനാണെങ്കിലും 20 ശതമാനത്തില്‍ അധികം ഇന്ധനക്ഷമത നല്‍കും വിധം മാറ്റിയാണ് ആസ്പയറിന് നല്‍കിയിരിക്കുന്നത്. പെട്രോള്‍ 18 കിലോമീറ്ററും ഡീസല്‍ 22 കിലോമീറ്ററും ഓടുമെന്ന് പ്രതീക്ഷിക്കാം. ഇത്രയെങ്കിലും ഓടിയില്ളെങ്കില്‍ പിന്നെ ഈ മോഡല്‍ ഇവിടെ ഓടുമെന്നും കരുതേണ്ട. യാത്രാസുഖത്തിന്‍െറ കാര്യത്തില്‍ ഫോര്‍ഡ് ഇതുവരെ പേരുദോഷം കേള്‍പ്പിച്ചിട്ടില്ല. പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് സുഖമായി കാലുവെക്കാനുള്ള സൗകര്യം അവര്‍ എപ്പോഴും ഏര്‍പ്പെടുത്താറുണ്ട്.

മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ കാറുമായി ബന്ധിപ്പിക്കുന്ന സിങ്ക് ആപ് സംവിധാനവും ഇക്കോ സ്പോര്‍ട്ടിലുള്ള എമര്‍ജന്‍സി അസിസ്റ്റന്‍സ് സംവിധാനവും അസ്പയറിലുണ്ടാവും. ഇക്കോസ്പോര്‍ട്ടിലും ഫിയസ്റ്റയിലുമുള്ള ഡാഷ്ബോര്‍ഡിന് സമാനമാണ് ഇതിന്‍െറ ഡാഷ്ബോര്‍ഡ്. ഗുജറാത്തിലെ സദാനന്ദിലാവും നിര്‍മിക്കുക. വലിയ താമസമില്ലാതെ വിപണിയിലത്തെും. എതിരാളികള്‍ക്ക് ഒപ്പംതന്നെയായിരിക്കും വില. പെട്രോള്‍ അഞ്ച് മുതല്‍ ഏഴുവരെയും ഡീസല്‍ ആറ് മുതല്‍ എട്ട് വരെയും. ഇവന്‍ ഇറങ്ങുമ്പോള്‍ ഫിയസ്റ്റ ക്ളാസിക് പെട്ടിയിലാകുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം. ഇതോടൊപ്പം പുതിയ ഫിഗോ ഹാച്ച്ബാക്കിന്‍െറ പരീക്ഷണ ഓട്ടവും പുരോഗമിക്കുകയാണ്. എന്തും സംഭവിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.