മേം ഗൂര്‍ഖ ഹൂം

നാട്ടുകാരുടെ ജീവന്‍ രക്ഷിക്കാനായി മാത്രം ജനിച്ച മൂന്ന് കൂട്ടരുണ്ട്. ഡോക്ടറും നഴ്സും പിന്നെ ഫോഴ്സ് മോട്ടോഴ്സും. മറ്റു വണ്ടികള്‍ ഇടിച്ചിടുന്നവരെ മുതല്‍ കള്ളുകുടിച്ച് കരള് പോകുന്നവരെ വരെ ആംബുലന്‍സിന്‍െറ രൂപത്തിലത്തെി ആശുപത്രിയിലാക്കുന്നത് ഫോഴ്സ് മോട്ടോഴ്സാണ്. അതിനായി മാത്രം ജനിച്ച വാഹനമാണ് ട്രാവലര്‍. ചില അരസികന്മാര്‍ ഇതില്‍ കയറി ടൂറുപോകുന്നുണ്ട് എന്നത് ഫോഴ്സിന്‍െറയോ ട്രാവലറിന്‍െറയോ കുറ്റമല്ല.
അപാരമായ യാത്രാ സുഖമാണ് ഫോഴ്സിന്‍െറ ഗുണം. മെഴ്സിഡസിന്‍െറ ആത്മാവ് കുടികൊള്ളുന്ന കമ്പനിയായതിനാലാണ് ഈ ഐശ്വര്യം. കുലുക്കവും വിറയലും തീരെയില്ലാത്തതിനാല്‍ സങ്കീര്‍ണമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വരെ ധൈര്യമായി ഘടിപ്പിക്കാം. ഇതിനാലാണ് നാടുമുഴുവനുള്ള ആംബുലന്‍സുകള്‍ ട്രാവലറായത്. ഫോഴ്സ് ബജാജ് ടെമ്പോ എന്നറിയപ്പെട്ടിരുന്ന കാലത്ത് ഇറക്കിയിരുന്ന മറ്റഡോര്‍ വാനുകളും ഈ കര്‍മം നിര്‍വഹിച്ചിരുന്നു. എന്നുകരുതി മറ്റു വണ്ടിക്കമ്പനികള്‍ക്ക് ആംബലന്‍സ് ഇല്ളെന്നല്ല. അവ ആശുപത്രയില്‍ നിന്ന് തിരിച്ച് പോരാനാണ് കൂടുതലും ഉപയോഗിക്കുന്നത്. ട്രാവലര്‍ ആംബുലന്‍സുകള്‍ അത്യാഹിത വിഭാഗത്തിന് മുന്നില്‍ യാത്ര അവസാനിപ്പിക്കും. മറ്റ് ആംബുലന്‍സുകള്‍ മോര്‍ച്ചറിയില്‍നിന്ന് യാത്ര തുടങ്ങും. അത്രയെയുള്ളൂ വ്യത്യാസം. 1958ല്‍ എന്‍.കെ. ഫിറോദിയയാണ് ഫോഴ്സ് മേട്ടോഴ്സ് സ്ഥാപിക്കുന്നത്. ബജാജ് ടെമ്പോ എന്നായിരുന്നു പേര്. ജര്‍മനിയിലെ ടെമ്പോയുമായി ചേര്‍ന്ന് മുച്ചക്ര വാഹനങ്ങള്‍ ഉണ്ടാക്കിയാണ് ജീവിതം തുടങ്ങിയത്. വണ്ടികളും ഘടകങ്ങളും ഡിസൈന്‍ ചെയ്ത് വികസിപ്പിച്ച് നിര്‍മിക്കാനുള്ള കഴിവ് അവര്‍ക്കുണ്ടായിരുന്നു. 1997ല്‍ സ്വപ്ന തുല്യമായ ഒരു കരാര്‍ അവര്‍ക്ക് കിട്ടി. വേറൊന്നുമല്ല, ഇന്ത്യയിലുണ്ടാക്കുന്ന ബെന്‍സ്കാറുകള്‍ക്ക് എന്‍ജിന്‍ ഉണ്ടാക്കി നല്‍കുക. ഇതുവരെ 42,000 എന്‍ജിന്‍ നല്‍കിക്കഴിഞ്ഞു. സി ക്ളാസ്, ഇ ക്ളാസ്, എസ് ക്ളാസ്, എം ക്ളാസ്, ജി.എല്‍ ക്ളാസ് ബെന്‍സുകള്‍ കാണുമ്പോള്‍ അവയുടെ എന്‍ജിന്‍ മാത്രമല്ല മുന്നിലെയും പിന്നിലെയും ആക്സിലുകളും ഉണ്ടാക്കുന്നത് ഫോഴ്സ് ആണെന്ന് ഓര്‍ക്കണം.
ചലഞ്ചര്‍, ക്രൂയിസര്‍, ഗുര്‍ഖ എന്ന പേരിലൊക്കെ ടാക്സിസ്റ്റാന്‍ഡുകള്‍ നിറച്ച കാലമുണ്ടായിരുന്നു ഫോഴ്സിന്.  ശബരിമലയിലും മലയാറ്റൂരിലുമൊക്കെ തീര്‍ഥാടകര്‍ കഴിഞ്ഞാല്‍ എണ്ണത്തില്‍ കുടുതലുള്ളത് ടെമ്പോ ട്രാക്സിന്‍െറ വകഭേദങ്ങളായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സ്വകാര്യവാഹനങ്ങളുടെ ലോകത്ത് ഫോഴ്സിനെ അധികം കാണാറില്ല. കാശ് മൂത്ത് നില്‍ക്കുന്നവര്‍ ട്രാവലര്‍ എടുത്ത് കാരവന്‍ ആക്കുന്നത് മാത്രമാണ് അപവാദം. ഫോഴ്സ് വണ്‍ എന്ന പേരില്‍ ബെന്‍സിന്‍െറ എന്‍ജിനും വെച്ചിറങ്ങിയ സ്പോര്‍ട്സ് യൂട്ടിലിറ്റികള്‍ക്ക് സമ്പന്നരുടെ പോക്കറ്റിനും പേര്‍ച്ചിനും മാത്രം ഇണങ്ങുന്ന ഡിസൈനാണ്. ഇപ്പോള്‍ ഈ കുറവ് തീര്‍ക്കുകയാണ് ഫോഴ്സ്.
സെപ്റ്റംബര്‍ മുതല്‍ ഫോഴ്സ് ഗുര്‍ഖയെന്ന ചുണക്കുട്ടിയെ കാട്ടി നമുക്ക് അഹങ്കരിക്കാം. എല്ലാം തികഞ്ഞ ഓഫ്റോഡറായിരിക്കും ഈ ഗുര്‍ഖ എന്നാണ് കമ്പനി പറയുന്നത്. മുന്നിലെയും പിന്നിലെയും ആക്സിലുകള്‍ക്ക് ഡിഫറന്‍ഷ്യല്‍ ലോക് നല്‍കിക്കൊണ്ട് ഇത് പ്രഖ്യാപിക്കുന്നുമുണ്ട് അവര്‍. ഏത് ചെരിവിലും പിടിച്ചുകയറാനുള്ള സംവിധാനവും ഇതിനു നല്‍കി.
കുത്തനെയുള്ള കയറ്റത്തില്‍ ത്രോട്ടില്‍ നല്‍കേണ്ടത് എങ്ങനെയെന്ന് അറിയാത്ത ശിശുക്കള്‍ക്കും ഇതു ഓടിക്കാം. കാരണം ഡ്രൈവര്‍ സ്റ്റിയറിങ്ങില്‍ പിടിച്ച് ഭയന്ന് ഇരുന്നാല്‍ മതി ഗൂര്‍ഖ സ്വയം കയറ്റം കയറി മുകളില്‍എത്തിക്കോളും. സഞ്ചരിക്കുന്ന വഴിയുടെ അവസ്ഥ മനസ്സിലാക്കി ഇന്ധനം എന്‍ജിന് നല്‍കാന്‍ സെന്‍സിറ്റീവ് എന്‍ജിന്‍ കണ്‍ട്രോള്‍ യൂനിറ്റ് എന്ന കാര്യസ്ഥനെയും ഇതില്‍ നിയമിച്ചിട്ടുണ്ട്.
ഒറ്റനോട്ടത്തില്‍ കലപ്പയേന്തിയ കര്‍ഷകനെപ്പോലെയോ 303 തോക്ക് പിടിച്ച പട്ടാളക്കാരനെയോ പോലെ തോന്നും ഈ ഗൂര്‍ഖയെ കണ്ടാല്‍.
കാരണം അരമീറ്ററിലധികം ആഴമുള്ള വെള്ളത്തില്‍ ഇറങ്ങിയാലും എന്‍ജിന് ശ്വാസം മുട്ടാതിരിക്കാനുള്ള ക്രോമിയം കുഴല്‍ ഗുര്‍ഖയുടെ മുഖത്തോട് ചേര്‍ന്ന് മുകളിലേക്ക് പൊങ്ങി നില്‍പ്പുണ്ട്. 210 മില്ലീമീറ്റര്‍ എന്ന ഉഗ്രന്‍ ഗ്രൗണ്ട് ക്ളിയറന്‍സ് ഏത് കാട്ടിലും വഴിവെട്ടിപോകാന്‍ സഹായിക്കും.
2.6 ലിറ്ററിന്‍െറ ടര്‍ബോ ഇന്‍റര്‍കൂള്‍ഡ് എന്‍ജിനും അഞ്ച് സ്പീഡ് സിന്‍ക്രോമെഷ് ഗിയര്‍ബോക്സും നല്‍കുന്ന ആത്മവിശ്വാസം കൂട്ടിനുണ്ടാകും. ഫാക്ടറിയില്‍നിന്ന് ഘടിപ്പിച്ച എ.സിയുമായി ഹാര്‍ഡ് ടോപ് ഗൂര്‍ഖ 8.25 ലക്ഷത്തിനും എ.സി ഇല്ലാത്ത സോഫ്റ്റ് ടോപ് 6.25 ലക്ഷത്തിനും കിട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.