മാരുതിയുടെ മാറ്റങ്ങള്‍


മാരുതി സുസുക്കിയുടെ കുടുംബത്തില്‍ ഇപ്പോള്‍ ശാന്തിയും സമാധാനവും കളിയാടുകയാണ്. വില്‍പനയിലെ നഷ്ടക്കണക്കില്‍നിന്ന് അംഗങ്ങള്‍ പതുക്കെ കരകയറിയിരിക്കുന്നു. പഴങ്കഞ്ഞിയും പച്ചമുളകും കഴിച്ചിരുന്ന സ്ഥാനത്ത് ചിക്കന്‍ ബിരിയാണി ആകാവുന്ന നിലയത്തെിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലെയും ഈ വര്‍ഷം ജൂണിലെയും കച്ചവടം താരതമ്യപ്പെടുത്തിയാല്‍ 33.5 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 
കഴിഞ്ഞവര്‍ഷം ജൂണില്‍ വിറ്റ മൊത്തം വണ്ടികളുടെ എണ്ണം 84,455 ആണെങ്കില്‍ ഇക്കുറി അത് 1,12,773 ആയിട്ടുണ്ട്. ജൂണില്‍ തീര്‍ന്ന ആറ് മാസത്തെ കണക്ക് താരതമ്യപ്പെടുത്തിയാല്‍ 12.6 ശതമാനം വില്‍പന കൂടി. എസ്.എക്സ് ഫോറിന്‍െറ കച്ചവടം 63.4 ശതമാനം ഇടിഞ്ഞതാണ് ഏക വ്യസനം. ഇത് അവഗണിക്കാവുന്നതേയുള്ളൂ. 2013ല്‍ ഈ സമയത്ത് മാരുതി കരയുകയായിരുന്നു. 


തൊട്ടു മുമ്പത്തെ വര്‍ഷവുമായുള്ള മാസക്കണക്കില്‍ കച്ചവടം ഇടിഞ്ഞത് 12.6 ശതമാനം. അരവര്‍ഷത്തെ താരതമ്യത്തില്‍ ഇടിവ് 10 ശതമാനം. ആ നിലക്ക് ഇപ്പോഴത്തെ നേട്ടം വലിയ കുഴപ്പം പറയാവുന്നതല്ല. 2013 ജൂണില്‍ എര്‍ട്ടിഗ അടങ്ങുന്ന യൂട്ടിലിറ്റി വണ്ടികളുടെ വില്‍പന 22.9 ശതമാനമാണ് കുറഞ്ഞത്. റിറ്റ്സ് അടമുള്ളവരുടെ ഗ്രൂപ്പായ കോംപാക്ട് കാറുകളുടെ വില്‍പന ഇടിഞ്ഞത് 18.2 ശതമാനവും. ഈ വര്‍ഷം ഇവ യഥാക്രമം 4.4 ശതമാനവും 21.2 ശതമാനവും വര്‍ധിച്ചു. തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമാണ് ഇപ്പോഴും മാരുതിക്ക് ഉള്ളതെന്ന് ചുരുക്കം. ഈ ആഘോഷത്തിനിടയിലാണ് റിറ്റ്സിന്‍െറയും എര്‍ട്ടിഗയുടെയും രണ്ട് പ്രത്യേക പതിപ്പുമായി സുസുക്കി വരുന്നത്. 
ഹോണ്ട മൊബിലിയോ കണ്ട് കണ്ണുമഞ്ഞളിക്കുന്നവരെ പ്രലോഭിപ്പിക്കാന്‍ എര്‍ട്ടിഗക്കാവും. കൊച്ചു കാറുകളുടെ മഹാപ്രളയത്തില്‍ പിടിച്ചുനില്‍ക്കാന്‍ റിറ്റ്സിനും കഴിയും. ഇലേറ്റ് എന്നാണ് പുതിയ റിറ്റ്സിനെ വിളിക്കേണ്ടത്.

വി.എക്സ്.ഐ, വി.ഡി.ഐ എന്നിവ അടിസ്ഥാനമാക്കിയാണ് നിര്‍മാണം. സാധാരണ റിറ്റ്സിനെ അപേക്ഷിച്ച് 20,000 രൂപ കൂടും. നിറപ്പകിട്ടുള്ള ഗ്രാഫിക്സും ഇലേറ്റ് ലോഗോ പതിച്ച ഡോര്‍ പാനലുമാണു പ്രധാന വ്യത്യാസം. സ്പീക്കര്‍ സഹിതമുള്ള ജെ.വി.സിയുടെ ടു ഡിന്‍ മ്യൂസിക് സിസ്റ്റം, ഓറഞ്ച് നിറമുള്ള സീറ്റ് കവര്‍, അസിസ്റ്റിവ് റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ബ്ളൂ ടൂത്ത് കിറ്റ്, ബ്ളാക് ഡോര്‍ വൈസര്‍, കാണാന്‍ ഭംഗിയുള്ള ഡോര്‍ മാറ്റ്, ആംബിയന്‍റ് ലൈറ്റിങ് സംവിധാനം, എര്‍ഗണോമിക് നെക്ക് കുഷ്യനിങ്, കട്ടി കൂടിയ മഡ് ഫ്ളാപ്, പുതിയ സ്റ്റീയറിങ് വീല്‍ കവര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. 1.2 ലിറ്റര്‍, കെ സീരീസ് വി വി.ടി പെട്രോള്‍ എന്‍ജിന്‍ 85 ബി എച്ച്.പി കരുത്തും 113 എന്‍.എം ടോര്‍ക്കും നല്‍കും. 1.3 ലിറ്റര്‍, ഡി.ഡി ഐ.എസ് ഡീസല്‍ എന്‍ജിന് 73 ബി.എച്ച്.പി കരുത്തും 190 എന്‍.എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിവുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്സാണ് രണ്ട് മോഡലുകള്‍ക്കും. റിറ്റ്സ് ഇലേറ്റ് ലിമിറ്റഡ് എഡീഷന്‍ എന്ന സ്റ്റിക്കര്‍ പതിച്ച വലുപ്പമുള്ള ബാഗ് ഫ്രീയായി കിട്ടുകയും ചെയ്യും. 


റിയര്‍ സ്പോയ്ലര്‍, 10 സ്പോക്ക് അലോയ് വീല്‍, ക്രോമിയം സ്പര്‍ശമുള്ള ഗ്രില്‍, ഡോര്‍ ഹാന്‍ഡില്‍, പുത്തന്‍ ബോഡി ഗ്രാഫിക്സ് തുടങ്ങിയവയാണ് എര്‍ട്ടിഗയുടെ പരിമിതകാല പതിപ്പിന്‍െറ വിശേഷങ്ങള്‍. വില്‍പന ഒന്നര ലക്ഷം യൂനിറ്റിലത്തെിയതിന്‍െറ ആഘോഷമാണിത്. അകത്ത് പാര്‍ക്കിങ് സെന്‍സര്‍, മെച്ചപ്പെട്ട ഓഡിയോ സംവിധാനം എന്നിവ ഇടം പിടിച്ചു. ഇന്‍സ്ട്രുമെന്‍റ് പാനലിനും വാതിലിനും ചുറ്റും തടിയുടെ ഭാഗങ്ങള്‍ ഇടം പിടിച്ചു. 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 94 ബി.എച്ച്.പിയും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന് 72 ബി.എച്ച്.പിയും കരുത്തുണ്ട്. 6.75 ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെയാണ് ഏകദേശ വില. 
 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.