നിസാന്‍െറ സണ്ണിച്ചായന്‍

കഴിഞ്ഞ ജന്മത്തില്‍ നിസാന്‍ സണ്ണിയുടെ പേര് ഡാറ്റ്സന്‍ തൗസന്‍ഡ് എന്നായിരുന്നു. നമ്മുടെ മാരുതി തൗസന്‍ഡ് പോലെ അനേകായിരങ്ങളെ കൊതിപ്പിച്ച് 1966 മുതല്‍ ഇവന്‍ ജപ്പാനിലൂടെ പായുകയായിരുന്നു. പിന്നീട് പലരാജ്യങ്ങളില്‍ പല പേരുകളില്‍ പേരുദോഷം കേള്‍പ്പിക്കാതെ സേവനമനുഷ്ടിച്ച് ഈ ലോകത്തോട് വിടവാങ്ങി. ഈ സണ്ണിയുടെ പത്താം തലമുറയാണ് 2011ല്‍ ഇന്ത്യയില്‍ വന്നത്. 
അന്നുതൊട്ട് ഇന്നുവരെ നിസാന്‍ അറിയപ്പെടുന്നത് സണ്ണിയുടെ അപ്പന്‍ എന്ന അഡ്രസിലാണ്. ഒരു കാറിന് ഉള്ളിലെ സ്ഥലസൗകര്യങ്ങള്‍ എത്രയാവാം എന്ന ചോദ്യത്തിന് പുതിയൊരു മറുപടിയായിരുന്നു വിശാല ഹൃദയനായ സണ്ണി. സണ്ണിക്കുട്ടിയായി നാണിച്ചുനിന്നയാള്‍ ഇപ്പോള്‍ സണ്ണിച്ചായനായി നെഞ്ചുവിരിച്ചു നില്‍ക്കുന്നു എന്നതാണ് പുതിയ വിശേഷം. സണ്ണിയുടെ നവീകരിച്ച പതിപ്പ് ജാപ്പനീസ് നിര്‍മാതാക്കളായ നിസ്സാന്‍ വിൽപ്പനക്കത്തെിച്ചു. ഇതോടെ ഹോണ്ട സിറ്റി, ഫോര്‍ഡ് ഫിയസ്റ്റ, ഹുണ്ടായി വെര്‍ണ, ഫിയറ്റ് ലിനിയ എന്നിവക്കൊക്കെ വെല്ലുവിളി കൂടി. പൊടിമീശ നിന്നിടത്തു കട്ടി മീശ മുളച്ചതുപോലെയുള്ള മാറ്റം സണ്ണിച്ചായനുണ്ട്. ടിയാനയില്‍ നിന്ന് എടുത്ത ഹെഡ് ലൈറ്റുകളാണ് ഇതിന് പ്രധാന കാരണം. ഗ്രില്ലില്‍നിന്ന് ബംപറിലേക്ക് ആഴത്തിലിറക്കിയാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. പിന്നില്‍ ഇടംപിടിച്ച കറുത്ത സ്പ്ളിറ്റര്‍ ബൂട്ടിനെ ആകര്‍ഷമാക്കുന്നു. പുത്തന്‍ ടെയ്ല്‍ ലൈറ്റുകളും അലോയ് വീലുകളും കാറിലത്തെി. ഫോഗ് ലാംപുകളുടെ അതിരുകളില്‍ ക്രോമിയം കൊണ്ട് അടയാളമിട്ടു. തുകലില്‍ പൊതിഞ്ഞ സ്റ്റിയറിങ്, സ്റ്റിയറിങ്ങില്‍ ഘടിപ്പിച്ച ഓഡിയോ നിയന്ത്രണ സംവിധാനം, ക്രോം ഡയല്‍, പിയാനോ ബ്ളാക് സെന്‍റര്‍ കണ്‍സോള്‍, സില്‍വര്‍ അക്സന്‍റ് എന്നിവയൊക്കെ അകത്തെ കാഴ്ചകള്‍.
എക്സ് വി പ്രീമിയം വണ്‍, എക്സ്  വി പ്രീമിയം ടു ട്രിമ്മുകളില്‍ ലതര്‍ സീറ്റ്, ലതര്‍ പൊതിഞ്ഞ ഗീയര്‍ നോബ്,  ബ്ളൂ ടൂത്ത് കണക്ടിവിറ്റി സഹിതമുള്ള പുത്തന്‍ ഇരട്ട ഡിന്‍ ഓഡിയോ സിസ്റ്റം, റിവേഴ്സ് കാമറക്ക് ഡിസ്പ്ളേ സ്ക്രീന്‍ എന്നിവയുമുണ്ട്.  സാങ്കേതിക കാര്യങ്ങളില്‍ മാറ്റമൊന്നുമില്ല. പഴയപോലെ 1.5 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച കാറില്‍ ട്രാന്‍സ്മിഷന്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണുള്ളത്. സി.വി.ടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഘടിപ്പിച്ച സണ്ണിയുമുണ്ട്. 
എട്ട് വ്യത്യസ്ത മോഡലുകളിലിറക്കുന്ന സണ്ണിക്ക് 7.30 ലക്ഷം മുതല്‍ 10.30 ലക്ഷം രൂപ വരെയാണ് ഏകദേശ വില. പ്രീമിയം ലതര്‍, പ്രീമിയം സേഫ്റ്റി എന്നീ പേരുകളില്‍ രണ്ടു പ്രീമിയം പാക്കുകളും വാഗ്ദാനം ചെയ്യുന്നുണ്ട്: ഏറ്റവും മുകളിലെ മോഡലായ എക്സ്.വി ക്കൊപ്പം ഓപ്ഷനല്‍ വ്യവസ്ഥയില്‍ ഇവ കിട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.