ഹോണ്ടയുടെ മിത്രകീടം

നമ്മുടെ നാട്ടിലെ ചത്തെുപിള്ളേര്‍ക്ക് തലകുത്തി മറിയാന്‍ പറ്റുന്ന സ്റ്റൈലന്‍ ബൈക്കും സ്കൂട്ടറുമുണ്ടാക്കുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നത് ജപ്പാനിലെ യമഹയും സുസുക്കിയും ഹോണ്ടയുമാണ്. ഇതില്‍ ആരാണ് ഏറ്റവും മികച്ചത് എന്ന് ചോദിക്കരുത്.  അരലക്ഷം മുതല്‍ 30 ലക്ഷംവരെ വിലയുള്ള ബൈക്കുകള്‍ വില്‍ക്കുന്നുണ്ടെങ്കിലും ഈ നാട്ടിലെ പ്രധാന മത്സരം 150 സിസിയെ ചുറ്റിപ്പറ്റിയാണ്. പണ്ട് ഈ വിഭാഗത്തില്‍ ബജാജിന്‍െറ പള്‍സറും ഹീറോ ഹോണ്ട സീബീസീയുമായിരുന്നു നേതാക്കള്‍. പിന്നെ യുണിക്കോണുമായി ഹോണ്ട വന്നു. അപ്പോള്‍ രാജാവ് ഏതാണ് മന്ത്രി ആരാണ് എന്നൊന്നും തിരിച്ചറിയാത്ത സ്ഥിതിയായി.  യമഹയുടെ എഫ്സീയും സുസുക്കി ഗിക്സറും ഡ്യൂക്കും ബജാജ് എഎസ് 150 ഉം ഒക്കെ ചേര്‍ന്ന് കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. ഇതിനിടയിലേക്ക് ബെനെല്ലിയും ബിഎംഡബ്ള്യൂവും വരുന്നു. ചെറിയൊരു ഇഷ്ടക്കേട് മതി പിള്ളേരെല്ലാം അടുത്തവണ്ടി അന്വേഷിച്ച് പോകും.

മുതലാളിമാരുടെ പിള്ളേരുടെ കാര്യം കഷ്ടത്തിലുമാകും. പ്രവര്‍ത്തന മികവിനൊപ്പം കാഴ്ചയില്‍ അഴകപ്പനാവുകയും ചെയ്താലെ ഏത് കൊമ്പത്തെ കമ്പനിയായാലും രക്ഷപ്പെടൂ. ഇക്കാര്യത്തില്‍ യമഹയും സുസുക്കിയും കുറച്ച് മുന്നിലാണോയെന്ന് ഹോണ്ടക്ക് ഒരു സംശയം. ഇന്ത്യയില്‍ ഹോണ്ടയുടെ സെറ്റപ് വെച്ചുനോക്കുമ്പോള്‍ വെറും കീടങ്ങളാണ് മറ്റുള്ളവരെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്. പക്ഷേ കീടബാധ കൂടി കൃഷി നശിക്കുമെന്ന സ്ഥിതിയാണ്. ഏതായാലും ഗിക്സറിനെയും എഫ്സീയെയും നേരിടാന്‍ ഒരു മിത്രകീടത്തെ ഇറക്കിയിരിക്കുകയാണ് ഹോണ്ട. പേര് സി.ബി.ഹോണറ്റ് 160 ആര്‍. കടന്നലിന്‍െറ രൂപവും സ്വഭാവമാണ് ഹോര്‍നെറ്റിന്. മൂളിപ്പറക്കും. വിദ്യാര്‍ഥികളെയും എക്സിക്യൂട്ടിവുകളും ഇവന്‍െറ പിറകെ കൂടുമെന്നാണ് പ്രതീക്ഷ. സി.ബി. ട്വിസ്റ്ററിന് പകരമത്തെിയ ഇവന് സി.ബി യുണിക്കോണ്‍ 160 ല്‍ ഉപയോഗിച്ച 162.71 സി.സി. സിംഗ്ള്‍ സിലിണ്ടര്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. ഇത് 14.5 ബി.എച്ച്.പി. കരുത്തും 14.61 എന്‍.എം. ടോര്‍ക്കും നല്‍കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ്. 1345 എം.എം. വീല്‍ ബേസും 164 എം.എം. ഗ്രൗണ്ട് ക്ളിയറന്‍സുമുണ്ട്. പരമാവധി 110 കിലോമീറ്റര്‍ വേഗത്തില്‍ യാത്ര ചെയ്യാം. കൗണ്ടര്‍ ബാലന്‍സര്‍ ഉപയോഗിക്കുന്നതിനാല്‍ വിറയലും കുറയുമെന്ന് കമ്പനി പറയുന്നു.  

45-50 കിലോമീറ്റര്‍ മൈലേജാണ് മറ്റൊരു വാഗ്ദാനം. ടാങ്കില്‍ 12 ലിറ്റര്‍ പെട്രോള്‍ ഒഴിക്കാം. മുന്‍പില്‍ ടെലിസ്കോപ്പിക്ക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്ക് യൂണിറ്റുമുണ്ട്. മെയ്ന്‍റനന്‍സ് വേണ്ടാത്ത ബാറ്ററി, പതിനെട്ടായിരം കിലോമീറ്റര്‍ ആയുസുള്ള വിസ്ക്കോസ് പേപ്പര്‍ ഫില്‍റ്റര്‍ എന്നിവയൊക്കെ പ്രത്യേകതയായി പറയാം. സാധാരണ മോഡലില്‍ പെറ്റല്‍ ബ്രേക്കും കൂടിയ മോഡലില്‍ ഹോണ്ടയുടെ കമ്പൈന്‍ഡ് ബ്രേക്കിങ് സിസ്റ്റവും ഘടിപ്പിച്ചിരിക്കുന്നു. യുണിക്കോണിന് സമാനമായ ഡിജിറ്റല്‍ സ്പീഡോമീറ്ററാണ്. സ്പോര്‍ട്സ് റെഡ്, പേള്‍ സൈറന്‍ ബ്ളു, നിയോ ഓറഞ്ച് മെറ്റാലിക്, പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ളാക്,  പേള്‍ അമേസിങ് വൈറ്റ് എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ കിട്ടും. 83,500 രൂപയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില. കംബൈന്‍ഡ് ബ്രേക്കിങ് സിസ്റ്റമുള്ളത് കിട്ടണമെങ്കില്‍ 4500 രൂപ അധികം കൊടുക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.