ആള്‍ട്ടര്‍നേറ്റിനെ അറിയാം

അല്‍പം പഴയ വാഹനമാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. സ്റ്റാര്‍ട്ടിങ് പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടോ? രാവിലെ അത്യാവശ്യമായി പുറത്തേക്ക് പോകാനിറങ്ങുമ്പോള്‍ വാഹനം സ്റ്റാര്‍ട്ടാകുന്നില്ളേ?  യാത്രകള്‍ക്കിടയില്‍ എവിടെയെങ്കിലും നിര്‍ത്തിയിട്ടെടുക്കുമ്പോള്‍ വാഹനം പണിമുടക്കുന്നുണ്ടോ? ലൈറ്റുകള്‍, മ്യൂസിക് സിസ്റ്റം തുടങ്ങിയവ പ്രവര്‍ത്തിക്കുന്നില്ളേ. ഇതില്‍ ചിലതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉറപ്പിക്കുക. നിങ്ങളുടെ വാഹനത്തിന് അവശ്യം ചില പരിചരണങ്ങള്‍ ഉടന്‍ ലഭ്യമാക്കേണ്ടിയിരിക്കുന്നു. സാധാരണ ഗതിയില്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒറ്റമൂലി പ്രയോഗമാണ് നാം നടത്താറുള്ളത്. മാര്‍ക്കറ്റില്‍ പോയി വില കൂടിയ പുത്തന്‍ ബാറ്ററി വാങ്ങി സ്ഥാപിക്കും. എന്നാലിതിന് മുമ്പ് പരിശോധിക്കേണ്ട ചെറിയൊരു ഉപകരണമുണ്ട്. അതാണ് ആള്‍ട്ടര്‍നേറ്റര്‍. 
ആള്‍ട്ടര്‍നേറ്റര്‍ എന്ന ജനറേറ്റര്‍ 
ആള്‍ട്ടര്‍നേറ്ററിന് രണ്ട് പ്രധാന ജോലികളാണുള്ളത്. ആദ്യത്തേത് ബാറ്ററിയെ ചാര്‍ജ് ചെയ്യുക. രണ്ടാമത്തേത് എഞ്ചിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഊര്‍ജം സ്വീകരിച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ച് വാഹനത്തിന്‍െറ ഇലക്ട്രിക് സംവിധാനത്തെ നിലനിര്‍ത്തുക. ഇവ തകരാറിലായാല്‍ സ്ഥിതി ഗുരുതരമാകുമെന്ന് ഉറപ്പാണ്. ബാറ്ററി റീചാര്‍ജ് ചെയ്യാനാകാതെ നിശ്ചലമാകും. വാഹനത്തിന്‍െറ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈദ്യുതി ആവശ്യമാണ്. ഇ.സി.യു, സ്റ്റാര്‍ട്ടിങ്ങിന് സഹായിക്കുന്ന സ്പാര്‍ക്ക് പ്ളഗുകള്‍, എന്‍െറര്‍ടെയിന്‍മെന്‍റ് സിസ്റ്റം, പവര്‍ സിറ്റിയറിങ് തുടങ്ങി ലൈറ്റുകളും വൈപ്പറുകളും വരെ നിശ്ചലമാകാന്‍ ആള്‍ട്ടര്‍നേറ്റര്‍ തകരാര്‍ കാരണമാകും. 
നിര്‍മാണവും ഘടനയും 
എ.സി (ആള്‍ട്ടര്‍നേറ്റിങ് കറണ്ട്)യെ ഡി.സി (ഡയറക്ട് കറണ്ട്) ആക്കി മാറ്റുകയാണ് ആള്‍ട്ടര്‍നേറ്റര്‍ പ്രധാനമായും ചെയ്യുന്നത്. ഇതിനുള്ളില്‍ റോട്ടര്‍ എന്നും സ്റ്റേട്ടര്‍ എന്നും രണ്ട് ഭാഗങ്ങളുണ്ട്. റോട്ടര്‍ ഇലക്ട്രിക്കല്‍ വൈന്‍ഡിങ്ങോട്കൂടി കറങ്ങുന്ന ഉപകരണമാണ്. സ്റ്റേട്ടര്‍ നിശ്ചലമായിരിക്കും. ഇവ രണ്ടും നിര്‍മിച്ചിരിക്കുന്നത് അലൂമിനിയം ഉപയോഗിച്ചാണ്. ഭാരം കുറഞ്ഞതും കാന്തശക്തിയില്ലാത്തതുമായ അലൂമിനിയം ശക്തമായ ചൂട് ഉല്‍പാദിപ്പിക്കാന്‍ പ്രാപ്തമാണ്. 


പ്രശ്നങ്ങള്‍ 
ആള്‍ട്ടര്‍നേറ്റര്‍ തകരാറുകള്‍ വിവിധ രൂപത്തില്‍വരാം. ഉള്ളിലെ വൈന്‍ഡിങ്ങുകളില്‍ ഒന്ന് തകരാറിലായാല്‍ യന്ത്രത്തിന്‍െറ പ്രവര്‍ത്തന മികവ് കുറയാം. പൂര്‍ണശേഷിയില്ലാതെ ആള്‍ട്ടര്‍നേറ്റര്‍ ബാറ്ററി ചാര്‍ജിങ് ഭാഗികമായി തുടരും. ഇതിനൊരു കുഴപ്പമുണ്ട്. ആള്‍ട്ടര്‍നേറ്റര്‍ തകരാറാണെന്ന വിവരം വാഹന ഉടമക്ക് മനസിലാകില്ല. ബാറ്ററി പൂര്‍ണമായി ചാര്‍ജാകാതെ പതിയെ സെല്ലുകള്‍ നശിച്ച് കൊണ്ടിരിക്കും. അവസാനം ബാറ്ററിയും ആള്‍ട്ടര്‍നേറ്ററും ചില ഇലക്ട്രിക് ഉപകരണങ്ങളും പണി മുടക്കുമ്പോഴായിരിക്കും നാം സംഗതി മനസ്സിലാക്കുന്നത്. ഇതൊഴിവാക്കാന്‍ അല്‍പം ശ്രദ്ധ ആവശ്യമാണ്. വാഹനത്തിലെ ലൈറ്റുകള്‍ നിരീക്ഷിക്കുക, സ്റ്റാര്‍ട്ടാവാന്‍ താമസമുണ്ടോ എന്ന് നോക്കുക, ഇലക്ട്രിക് ഉപകരണങ്ങളുടെ പ്രവര്‍ത്തനം  കൃത്യമാണോ എന്ന് പരിശോധിക്കുക തുടങ്ങിയവയിലൂടെ പ്രശ്നങ്ങള്‍ കണ്ടുപിടിക്കാം. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മികച്ച ഒരു മെക്കാനിക്കിനെ സമീപിക്കണം. ആള്‍ട്ടര്‍നേറ്ററിന്‍െറ മറ്റൊരു പ്രശ്നം അമിത വോള്‍ട്ടേജ് ഉല്‍പാദനമാണ്. ഇത് ഇലക്ട്രിക് ഉപകരണങ്ങള്‍ നശിക്കാനിടയാക്കും. 
പരിചരണം 
ചില മുന്‍കരുതലുകള്‍ ആള്‍ട്ടര്‍നേറ്ററിന്‍െറ ആയുസ് വര്‍ധിപ്പിക്കുകയും പ്രവര്‍ത്തനം മികച്ചതാക്കുകയും ചെയ്യും. വാഹനം സര്‍വീസ് ചെയ്യുമ്പോള്‍ ഇവ പരിശോധിക്കാന്‍ തീര്‍ച്ചയായും ആവശ്യപ്പെടണം. ആള്‍ട്ടര്‍നേറ്റര്‍ കറക്കാനുപയോഗിക്കുന്ന ബെല്‍റ്റുകളുടെ ടെന്‍ഷന്‍ കൃത്യമാണോയെന്ന് ഉറപ്പാക്കണം. എന്‍ജിന്‍ ഓഫായിരിക്കുമ്പോള്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക. പൂര്‍ണമായും ചാര്‍ജ് നഷ്ടപ്പെട്ട ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ ആള്‍ട്ടര്‍നേറ്ററിന് പകരം ബാറ്ററി ചാര്‍ജറുകള്‍ ഉപയോഗിക്കണം. അവസാനമായി ആള്‍ട്ടര്‍നേറ്ററിനെ കാര്യമായി പരിഗണിക്കുക. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിഹരിക്കുക. അതിന് നല്ല സര്‍വീസ് സെന്‍ററുകളെ ആശ്രയിക്കുക. കാരണം ആള്‍ട്ടര്‍നേറ്റര്‍ വാഹനത്തിന്‍െറ പ്രധാന ഘടകങ്ങളില്‍ ഒന്നാണ്.
ഷബീര്‍ പാലോട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.