ന്യൂഡൽഹി: രാജ്യത്തെ ഇലക്ട്രിക് വാഹന വിൽപനയിൽ വീണ്ടും പ്രതിമാസ റെക്കോഡ്. ജൂലൈയിൽ വിറ്റുപോയ ഇ.വി വാഹനങ്ങളുടെ എണ്ണം 3,27,901 കടന്നു. ഇക്കഴിഞ്ഞ ജൂണിൽ 3,06,220 യൂനിറ്റ് വിൽപനയുമായി റെക്കോഡിട്ടിരുന്നു. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് വിൽപനയിൽ 66 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ (എഫ്.എ.ഡി.എ) കണക്കനുസരിച്ച് നിലവിൽ രാജ്യത്ത് വിറ്റുപോകുന്ന എട്ട് വാഹനങ്ങളിൽ ഒന്ന് ഇ.വി വാഹനമാണ്. ഇരുചക്ര വാഹനങ്ങളാണ് വിൽപനയിൽ മുന്നിൽ. ജൂലൈയിൽ 2,04,362 യൂനിറ്റ് വൈദ്യുത ഇരുചക്ര വാഹനങ്ങളാണ് വിറ്റുപോയത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപന 1,08,516 യൂനിറ്റായിരുന്നു. 88.32 ശതമാനം വർധന. ഇ.വി പാസഞ്ചർ വാഹന വിൽപനയിൽ കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് 83.13 ശതമാനത്തിന്റെ വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്.
2025 ജൂലൈയിലെ വിൽപന 17,981 യൂനിറ്റായിരുന്നുവെങ്കിൽ ഈ വർഷം അത് 32,928 ആയി ഉയർന്നു. മുച്ചക്ര വാഹന വിൽപന രംഗത്ത് 87,055 യൂനിറ്റുകളാണ് വിറ്റത്. 3,556 ഇ.വി വാണിജ്യ വാഹനങ്ങളും ജൂലൈയിൽ വിറ്റുപോയതായി എഫ്.എ.ഡി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.