പ്രതീകാത്മക ചിത്രം
കോഴിക്കോട്: കേരളത്തിലെയും ഇന്ത്യയിലൊട്ടാകെയുമുള്ള വാഹനപ്രേമികൾക്കിടയിൽ കാർ മോഡിഫിക്കേഷൻ ഇന്ന് വളരെ വലിയൊരു ട്രെൻഡായി മാറിയിരിക്കുകയാണ്. ശബ്ദമുള്ള എക്സോസ്റ്റുകൾ, ഫാൻസി നമ്പർ പ്ലേറ്റുകൾ, കറുത്ത വിൻഡോ ഫിലിമുകൾ എന്നിവ ഘടിപ്പിച്ച മോഡിഫൈഡ് കാറുകൾ ഇന്ന് നിരത്തുകളിൽ സാധാരണ കാഴ്ച്ചയാണ്. എന്നാൽ, ഭൂരിഭാഗം ആളുകളും ലക്ഷങ്ങൾ മുടക്കി ചെയ്യുന്ന ഇത്തരം മോഡിഫിക്കേഷനുകളിൽ പലതും നിയമവിരുദ്ധമാണെന്ന കാര്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു.
മോട്ടോർ വാഹന വകുപ്പിന്റെ (എം.വി.ഡി) കർശനമായ പരിശോധനകൾക്കും വൻ തുക പിഴ (ചലാൻ) ഈടാക്കുന്നതിനും കാരണമാകുന്ന ചില പ്രധാന മോഡിഫിക്കേഷനുകൾ താഴെ പറയുന്നു.
കാറുകൾക്ക് സ്പോർട്ടി ലുക്കും ശബ്ദവും നൽകാൻ യുവാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒന്നാണിത്. എന്നാൽ, അനുവദനീയമായ ശബ്ദപരിധി ലംഘിക്കുന്ന തരത്തിലുള്ള ആഫ്റ്റർമാർക്കറ്റ് എക്സോസ്റ്റുകൾ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം വാഹനങ്ങൾക്ക് വലിയ തുക പിഴ ചുമത്താൻ ട്രാഫിക് പൊലീസിന് അധികാരമുണ്ട്.
അക്ഷരങ്ങളുടെ വലിപ്പം മാറ്റുക, ഡിസൈനർ ഫോണ്ടുകൾ ഉപയോഗിക്കുക, വ്യത്യസ്ത നിറങ്ങൾ നൽകുക എന്നിവ ഇക്കാലത്ത് സാധാരണമാണ്. എന്നാൽ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള ഹൈ-സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾക്ക് (എച്ച്.എസ്.ആർ.പി) പകരം ഇത്തരം ഫാൻസി പ്ലേറ്റുകൾ ഉപയോഗിക്കുന്നത് നിയമലംഘനമാണ്.
പ്രഷർ ഹോണുകൾ, എയർ ഹോണുകൾ, മ്യൂസിക്കൽ ഹോണുകൾ എന്നിവ ഉപയോഗിച്ച് കാറുകൾ മോഡിഫൈ ചെയ്യുന്നത് ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതാണ്. നിശ്ചിത ഡെസിബലിൽ കൂടുതൽ ശബ്ദമുള്ള ഹോണുകൾ ഘടിപ്പിച്ച വാഹനങ്ങൾ കണ്ടെത്തിയാൽ അധികൃതർക്ക് പിഴ ഈടാക്കാവുന്നതാണ്.
കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി (Rule 100) അനുസരിച്ച് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് വാഹനങ്ങളിൽ കൂളിങ് ഫിലിം അല്ലെങ്കിൽ 'സേഫ്റ്റി ഗ്ലേസിങ്' (Safety Glazing) ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അനുവദനീയമായ അളവിൽ കൂടുതൽ കൂളിങ് ഫിലിം ഉപയോഗിക്കുന്നത് ട്രാഫിക് പരിശോധനകളിൽ വലിയ പിഴക്ക് കാരണമാകും.
കൂടുതൽ വലിപ്പവും കരുത്തും തോന്നിക്കാൻ എസ്.യു.വി ഉടമകൾ സാധാരണയായി ചെയ്യുന്ന ഒന്നാണിത്. എന്നാൽ അപകടസമയങ്ങളിൽ കാറിലെ എയർബാഗുകൾ കൃത്യസമയത്ത് പ്രവർത്തിക്കുന്നതിന് തടസമാകുന്നതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ബുൾ ബാറുകൾ ഘടിപ്പിക്കുന്നത് സർക്കാർ നിരോധിച്ചിട്ടുണ്ട്.
നിങ്ങൾ ഒരു വാഹന പ്രേമിയാണെങ്കിലും നിങ്ങളുടെ വാഹനം മോഡിഫൈ ചെയ്യാൻ പദ്ധതിയിടുന്നുണ്ടെങ്കിലും, അത് രാജ്യത്തെ മോട്ടോർ വാഹന നിയമങ്ങൾക്ക് വിധേയമാണോ എന്ന് ഉറപ്പുവരുത്തുക. അല്ലാത്തപക്ഷം വലിയ തുക പിഴ അടക്കേണ്ടി വരുമെന്നു മാത്രമല്ല, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.