'ഗ്രാൻഡ് വിറ്റാര ഇ20ക്ക് അനുയോജ്യം, തകരാർ ഇന്ധനത്തിലെ മായം': മറ്റൊരു വാഹനം നൽകണമെന്ന കോടതി ഉത്തരവിനെതിരെ അപ്പീലുമായി മാരുതി

റായ്പൂർ: ഉപഭോക്താവിന്‍റെ ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് വാഹനത്തിന് പകരം ഇ20 (E20)ക്ക് അനുയോജ്യമായ മറ്റൊരു വാഹനം നൽകാൻ നിർദ്ദേശിച്ചുകൊണ്ടുള്ള റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍റെ ഉത്തരവിനെതിരെ മാരുതി സുസുക്കി അപ്പീൽ നൽകും. വാഹനം ഇതിനകം തന്നെ ഇ20 അനുയോജ്യമായതാണെന്നും, വാഹനത്തിന്‍റെ തകരാറിന് കാരണം ഇന്ധനത്തിലെ മായം ആണെന്നുമാണ് കമ്പനിയുടെ വാദം.

ഇ20 പെട്രോൾ അടിച്ചതിന് ശേഷം വാഹനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായതായി കാണിച്ച് ഛത്തീസ്ഗഢിൽ നിന്നുള്ള ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് ഉടമ ഉപഭോക്തൃ കോടതിയെ സമീപിച്ചതാണ് കേസിന്‍റെ പശ്ചാത്തലം. പരാതിക്കാരന് 45 ദിവസത്തിനകം പകരം വാഹനം നൽകാനോ, അല്ലെങ്കിൽ ആർ.ടി.ഒ ഇൻഷുറൻസ് ചെലവുകൾ ഉൾപ്പെടെ 20.5 ലക്ഷം രൂപ പൂർണമായി തിരികെ നൽകാനോ ജൂലൈ 14ലെ ഉത്തരവിലൂടെ കമീഷൻ മാരുതി സുസുക്കിയോട് നിർദ്ദേശിച്ചു. 2023 ജനുവരിയിൽ നിർമിച്ച ഈ കാർ 2024 ജൂണിലാണ് ഉപഭോക്താവിന് വിറ്റത്.

ഈ കേസിൽ ഉൾപ്പെട്ട വാഹനം ഇ20 ഇന്ധനം ഉപയോഗിക്കാൻ പൂർണമായും സജ്ജമാണെന്നും ഇത് വാഹനത്തിന്റെ ഓണേഴ്സ് മാനുവലിലും വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് കമ്പനി വാദം.  ഉപഭോക്താവിന്‍റെ വാഹനത്തിൽ നിന്ന് ശേഖരിച്ച ഇന്ധനത്തിൽ മായം കലർന്നതിന്‍റെ വ്യക്തമായ തെളിവുകളുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

Tags:    
News Summary - maruthi suzuki to give appeal against raipur court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.