കൊച്ചി: കൊച്ചിക്കാരുെട ഫാൻസി നമ്പർ ഭ്രമത്തിലൂടെ പ്രതിവർഷം സംസ്ഥാന സർക്കാറിന്റെ ഖജനാവിലേക്കെത്തുന്നത് കോടികൾ. അഞ്ചു വർഷത്തിനിടെ എറണാകുളം ആർ.ടി ഓഫിസിൽ മാത്രം ഫാൻസി നമ്പർ ലേലത്തിലൂടെ ലഭിച്ചത് 33 കോടി രൂപയാണ്. അഞ്ച് വർഷത്തിനിടയിൽ 2024-25 സാമ്പത്തിക വർഷത്തിലാണ് ഏറ്റവും ഉയർന്ന വരുമാനം ലഭിച്ചത്. ഇതേ വർഷം എറണാകുളം ആർ.ടി ഓഫിസിനു കീഴിലുള്ള ഫാൻസി നമ്പർ പ്രേമികൾ പത്തു കോടിക്കു മുകളിൽ തുക ചെലവഴിച്ചതായി വിവരാവകാശ രേഖ ചൂണ്ടിക്കാട്ടുന്നു. രാജു വാഴക്കാലയുടെ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് കോടികളുടെ കണക്ക് വ്യക്തമാക്കുന്നത്.
ലക്ഷപ്രഭുവായ 0001
ഫാൻസി നമ്പറുകൾ ഒത്തിരിയുണ്ട്. ഓരോ നമ്പറിനും അടിസ്ഥാന മൂല്യം വ്യത്യസ്തമാണ്. ഒരു ലക്ഷം രൂപ മുതൽ 3000 രൂപ വരെ വിലയുള്ള ഫാൻസി നമ്പറുകൾ നമ്മുടെ നിരത്തുകളിലൂടെ ഓടുന്ന വാഹനങ്ങളിൽ ശ്രദ്ധിച്ചാൽ കാണാം. 0001 എന്ന ഫാൻസി നമ്പറിനാണ് ഏറ്റവും ഉയർന്ന മൂല്യമുള്ളത്-ഒരു ലക്ഷം രൂപ. ലേലത്തിൽ ആവശ്യക്കാർ കൂടുന്നതനുസരിച്ച് ഇതിന്റെ വിലയും കൂടും. 50000 രൂപ അടിസ്ഥാന വിലയുള്ള നമ്പറുകൾ എട്ടെണ്ണമുണ്ട്. 0777, 7777, 0999, 9999, 3333, 4444, 5000, 5555 എന്നിവക്കാണ് അര ലക്ഷം രൂപ നൽകേണ്ടത്. 1111, 5050, 1000, 7007, 9090 തുടങ്ങി 16 നമ്പറുകൾക്ക് 25,000 രൂപയും 0011,0100, 1001, 2222, 2000,8118, 6000 തുടങ്ങി 29 സംഖ്യകൾക്ക് 10,000 രൂപയും നൽകണം. 72 വ്യത്യസ്ത നമ്പറുകൾക്ക് നൽകേണ്ടത് 5000 രൂപയാണ്. ഇതിനു പുറമേയുള്ള ചില നമ്പറുകൾക്ക് 3000 രൂപയും അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുണ്ട്.
പ്രിയം താരങ്ങൾക്ക്...
സിനിമ, കായിക താരങ്ങൾക്കും ബിസിനസുകാർക്കുമാണ് ഫാൻസി നമ്പറിനോട് ഏറ്റവും ഭ്രമമുള്ളത്. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തന്നെയാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. 369 എന്ന തന്റെ ലക്കി നമ്പർ സ്വന്തമാക്കാൻ മമ്മൂട്ടിയും 2255 എന്ന ഭാഗ്യനമ്പർ തന്നെ വണ്ടിക്ക് ചാർത്താൻ മോഹൻലാലും വൻതുകകളാണ് ചെലവഴിക്കുന്നത്. പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ താരങ്ങളും ഫാൻസി നമ്പർ ഫാൻസാണ്.
ബിസിനസുകാരാണ് വാശിയേറിയ ഫാൻസി നമ്പർ ലേലങ്ങളിൽ പങ്കെടുത്ത് ഉയർന്ന തുകക്ക് ലേലമുറപ്പിച്ച് സംസ്ഥാന സർക്കാറിന്റെ വരുമാനം കൂട്ടുന്ന മറ്റൊരു കൂട്ടർ.
അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വിലകൂടിയ നമ്പർ സ്വന്തമാക്കിയത് കൊച്ചിയിലെ പ്രമുഖ ഐ.ടി സ്ഥാപനമായ 'ലിറ്റ്മസ് സിസ്റ്റംസ് കൺസൾട്ടിങ്' കമ്പനിയാണ്. തങ്ങളുടെ ആഡംബര വാഹനത്തിന് 'കെഎൽ 7 ഡിജി 0007' എന്ന നമ്പർ കിട്ടാൻ വേണ്ടി കമ്പനി ചെലവഴിച്ചത് 45.99 ലക്ഷം രൂപയാണ്. പ്രിയതാരങ്ങളുടെ നമ്പർ തങ്ങളുടെ വണ്ടിക്ക് ചാർത്തിക്കിട്ടാനായി ലേലത്തിൽ പങ്കെടുത്ത് ഉയർന്ന തുക വിളിക്കുന്ന ആരാധകരും ഇക്കൂട്ടത്തിലുണ്ട്. ഫാൻസി നമ്പർ ലേലത്തിലുടെ നേടുന്ന വ്യക്തി ലേല തുക അഞ്ചു ദിവസത്തിനുള്ളിലാണ് ആർ.ടി ഓഫിസിൽ അടക്കേണ്ടത്. കൂടാതെ, ഫാൻസി നമ്പർ ലേലത്തിൽ പങ്കെടുക്കുമ്പോൾ 3000 രൂപ ആദ്യം തന്നെ കെട്ടിവയ്ക്കേണ്ടതുമാണ്. ലേലത്തുക അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ നമ്പർ റദ്ദാക്കി വീണ്ടും ലേലത്തിന് വെക്കുകയാണ് ചെയ്യേണ്ടത്.
ഓരോ വർഷവും കിട്ടിയത് വർഷം വരുമാനം
2021 - 2022 1.43 കോടി
2022 - 2023 5.84 കോടി
2023 - 2024 7.70 കോടി
2024 - 2025 10.16 കോടി
2025 - 2026 7.99 കോടി
ആകെ 33.15 കോടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.