ഹീറോ വിഡ ഇലക്ട്രിക് സ്കൂട്ടർ
പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ 'ഹീറോ മോട്ടോർകോർപ്' അവരുടെ ഇ.വി സ്കൂട്ടറായ 'വിഡ' ഇലക്ട്രികിന്റെ ഉപഭോക്താക്കൾക്ക് പുതിയ മൂല്യവർധിത സേവനങ്ങളുടെ പദ്ധതി അവതരിപ്പിച്ചു. ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ സ്വന്തമാക്കുന്നതിൽ കൂടുതൽ വിശ്വസ്ഥതയും എളുപ്പവും ഗുണഭോക്താക്കൾക്ക് നൽകുകയെന്ന ഉദ്ദേശം മുൻനിർത്തിയാണ് കമ്പനി പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. പദ്ധതി പ്രകാരം ഇ.വി ഉടമകൾക്ക് മികച്ച ബാറ്ററി പാക്ക്, ഉറപ്പായ പുനർവിൽപ്പന മൂല്യം, 24/7 റോഡ്സൈഡ് അസിസ്റ്റൻസ് എന്നിവക്ക് പുറമെ കൂടുതൽ കണക്റ്റഡ് ഫീച്ചറുകളും ഹീറോ വിഡ സ്കൂട്ടറിന് നൽകുന്നുണ്ട്.
സാമ്പത്തിക ഉറപ്പ് നൽകുന്ന ബൈബാക്ക് പ്ലാനുകൾ മുതൽ വിപുലമായ ഡിജിറ്റൽ കണക്റ്റിവിറ്റിയും പരിധിയില്ലാത്ത ഫാസ്റ്റ് ചാർജിങ് ആനുകൂല്യങ്ങളും ഹീറോ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 3,600ലധികം ചാർജിങ് സ്റ്റേഷനുകളും ഹീറോ ഉപഭോക്താക്കൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഇത് വിഡ ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യമായ യാത്ര അനുഭവം നൽകുമെന്നും കമ്പനി അവക്ഷപെടുന്നു.
പുതിയ പദ്ധതി പ്രകാരം 'ബാറ്ററി ആസ് എ സർവീസ്' (ബി.എ.എ.എസ്) സബ്സ്ക്രിപ്ഷനും ഹീറോ, വിഡ സ്കൂട്ടറുകൾക്ക് നൽകും. ഇത് പ്രകാരം 'പേ-ആസ്-യു-ഗോ' മോഡൽ ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്തി സ്കൂട്ടർ ഷാസിക്കും ബാറ്ററിക്കും കൂടുതൽ ആനുകൂല്യം ഉൾപ്പെടുത്തിയുള്ള പ്രതിമാസ പേയ്‌മെന്റ് ഓപ്ഷനുകൾ ഉടമകൾക്ക് തെരഞ്ഞെടുക്കാം.
പുതിയ മൂല്യവർധിത പദ്ധതി പ്രകാരം വിഡ ഇലക്ട്രിക് സ്കൂട്ടറിന് അഞ്ച് വർഷം/75,000 കിലോമീറ്റർ ഹീറോ വാറന്റി നൽകുന്നുണ്ട്. ഇതോടൊപ്പം അഞ്ച് വർഷം/60,000 കിലോമീറ്റർ എന്ന സമർപ്പിത ബാറ്ററി വാറന്റിയും കമ്പനി നൽകുന്നുണ്ട്.
വിഡ ഇ.വി ഉപഭോക്താക്കൾക്ക് എക്സ്റ്റൻഡഡ് ബാറ്ററി വാറന്റിയും പുതിയ പദ്ധതി പ്രകാരം ഹീറോ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് ബാറ്ററിയുടെ ശോഷണം, പ്രകടന പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന അപ്രതീക്ഷിത ചെലവുകളിൽ നിന്നും ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകും.
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നായ പുനർവിൽപ്പന മൂല്യത്തിന്റെ ആത്മവിശ്വാസം പരിഹരിക്കുന്നതിന്റെ ഭാഗമായി വിഡ ഉറപ്പുള്ള ബൈബാക്ക് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മൂന്ന് വർഷത്തെ ഉടമസ്ഥാവകാശത്തിന് ശേഷം ഉപഭോക്താക്കൾക്ക് അവരുടെ വിഡ സ്കൂട്ടർ തിരികെ നൽകാനും യാഥാർത്ഥവും ഫലപ്രദവുമായ എക്സ്-ഷോറൂം വിലയുടെ 67.5% വരെ നേടാനും ഇത് പ്രകാരം സാധിക്കും.
സ്മാർട്ടും കൂടുതൽ സൗകര്യപ്രദവുമായി ഓരോ റൈഡും ഉപഭോക്താക്കൾക്ക് ഒരുക്കുന്നതിന്റെ ഭാഗമായി മികച്ച കണക്ടിവിറ്റിയും ഫാസ്റ്റ് ചാർജിങ് സബ്സ്ക്രിപ്ഷനും ഹീറോ വിഡ ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ മൊബൈൽ അപ്ലിക്കേഷൻ വഴി ഒരു പുതിയ ഇന്റലിജന്റ് സ്യൂട്ടും ഉപഭോക്താക്കൾക്ക് നൽകുന്നു.
വാഹനത്തിന്റെ വിശ്വസ്തത ഉറപ്പാക്കുന്നതിന്റെ ഭാഗമായി 24/7 റോഡ്സൈഡ് അസിസ്റ്റൻസ് സർവീസും ഹീറോ ഉപഭോക്താക്കൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. സ്കൂട്ടറിന്റെ ടയറുകൾ പഞ്ചറായാൽ, ബാറ്ററിയിൽ ചാർജ് തീരുക എന്നിവ കൂടാതെ വാഹനത്തിന്റെ മെക്കാനിക്കൽ പ്രശ്നങ്ങളും പരിഹരിക്കാൻ സജ്ജരായ ടീമിനെ രാജ്യവ്യാപകമായി തയ്യാറാക്കിയിരിക്കുകയാണ് ഹീറോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.