വൈദ്യുത വാഹനങ്ങളുടെ ഡിമാൻഡ് കൂടിക്കൊണ്ടിരിക്കുന്നു ഇന്ത്യൻ വാഹന വിപണിയിൽ പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനൊരുങ്ങി വിയറ്റ്‌നാമീസ് വാഹന നിർമാതാക്കൾ. 'വിൻഫാസ്റ്റ്' എന്ന കമ്പനിയാണ് മൂന്ന് പുതിയ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. വിൻഫാസ്റ്റിന്റെ വിഎഫ് 3, വിഎഫ് 6, വിഎഫ് 7 എന്നീ വാഹനങ്ങളാണ് തമിഴ്നാട്ടിലെ പുതിയ പ്ലാന്റിൽ നിർമ്മിക്കുകയെന്ന് കമ്പനി അറിയിച്ചു. കാർ ബാറ്ററിയും ഇന്ത്യയിൽ തന്നെയാകും നിർമിക്കുക. പ്രീമിയം മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവിയാണ് വിഎഫ് 7. അതേസമയം കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ പെടുത്താവുന്ന വാഹനമാണ് വിഎഫ് 6.
ഇതിൽ നിന്നും വ്യത്യസ്തമായ കുഞ്ഞൻ കോംപാക്ട് എസ്‌യുവിയാണ് വിഎഫ് 3. 2025 ഓട്ടോ എക്സ്പോയിൽ ഈ വാഹനം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കുന്നത് വിഎഫ് 7 ഇലക്ട്രിക് എസ്‌യുവിയാണ്. വരുന്ന ദീപാവലി സീസണിൽ എത്തുന്ന വിഎഫ് 7 ന് പിന്നാലെ വിഎഫ് 6 ഉം എത്തും. 2026ലായിരിക്കും ബജറ്റ് കാറായ വിഎഫ് 3, വിൻഫാസ്റ്റ് പുറത്തിറക്കുക.
3,190 എം.എം നീളവും, 1,676 എം.എം. വീതിയും, 1,622 എം.എം. ഉയരവുമുള്ള കുഞ്ഞൻ എസ്.യു.വി ഒറ്റ ചാർജിൽ 200 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും. കഴിഞ്ഞ വർഷമാണ് വിയറ്റ്നാം വിപണിയിൽ വാഹനം ആദ്യമായി അവതരിപ്പിച്ചത്. ആദ്യ വർഷം തന്നെ 25,000 യൂനിറ്റുകൾ വിറ്റു. 8 ലക്ഷം രൂപയായിരുന്നു പ്രാരംഭ വില. 40 ബിഎച്ച്പി കരുത്തും 110 എൻഎം ടോർക്കും നൽകുന്ന മോട്ടറാണ് വാഹനത്തിനുള്ളത്. എംജി യുടെ ഇലക്ട്രിക് വാഹനമായ കോമറ്റിന് ഒരു എതിരാളിയായിട്ടാകും വിൻഫാസ്റ്റിന്റെ വിഎഫ് 3 ഇന്ത്യയിൽ കമ്പനി അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.