വിൻഫാസ്റ്റ് സ്കൂട്ടർ​ ‘ക്ലാര എസ്’​ ഇന്ത്യയിലേക്ക്​; റേഞ്ച്​ 194 കിലോമീറ്ററെന്ന്​

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിയറ്റ്​നാം കമ്പനിയായ വിൻഫാസ്റ്റ് വരുന്നുവെന്ന വാർത്തകളെല്ലാം നേരത്തേ പുറത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്ത്​ 16,000 കോടിയോളം രൂപയുടെ നിക്ഷേപവും നടത്തിയിരുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് വിൻഫാസ്റ്റ് തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹന നിർമാണ ഫാക്ടറി ആരംഭിക്കുന്നത്.

2017ൽ പ്രവർത്തനം ആരംഭിച്ച വിൻഫാസ്റ്റ് ഇലക്ട്രിക് കാറുകൾക്ക് പേരെടുത്തവരാണെങ്കിലും മാതൃരാജ്യത്ത് നിരവധി ഇലക്ട്രിക് സ്കൂട്ടറുകളും പുറത്തിക്കി വിജയം കൊയ്‌തവരാണ്. കാറുകൾക്ക് പുറമെ സ്‌കൂട്ടറുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ വിൻഫാസ്റ്റിന് പദ്ധതിയുണ്ടെന്നതാണ് പുറത്തുവരുന്ന വിവരം. നിലവിൽ ഒലയും ഏഥർ എനർജിയും പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ അരങ്ങുവാഴുന്നിടത്തേക്കാണ് വിയറ്റ്നാമീസ് കമ്പനിയുടെ വരവ്.

സ്കൂട്ടറുകളിൽ ഇന്ത്യയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഡിസൈൻ ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്‌തിരിക്കുകയാണ് വിൻഫാസ്റ്റ്. വിയറ്റ്നാമിൽ വലിയ വിജയമായ ക്ലാര S എന്ന ഇ.വിയാണ് ബ്രാൻഡ് നമ്മുടെ നിരത്തുകളിലേക്കും എത്തിക്കുന്നത്. പരമ്പരാഗതവും ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഘടകങ്ങളും സംയോജിപ്പിച്ചാണ്​ ക്ലാരയുടെ നിർമാണം. മനോഹരവുമായ എൽഇഡി ലൈറ്റിംഗാണ് അടുത്തതായി എടുത്തു പറയേണ്ട കാര്യം. ബൂമറാങ് ആകൃതിയിലുള്ള ബ്ലിങ്കറുകൾ ആകർഷകമാണ്​.

ഇലക്ട്രിക് സ്‌കൂട്ടറിന് മൊത്തത്തിൽ 1895 മില്ലീമീറ്റർ നീളം, 678 മില്ലീമീറ്റർ വീതി, 1,130 മില്ലീമീറ്റർ ഉയരം, 1,313 മില്ലീമീറ്റർ വീൽബേസ് എന്നിവയാണുള്ളത്. പേൾ വൈറ്റ്, ഗ്രീൻ, ബ്ലൂ വയലറ്റ്, ഡാർക്ക് റെഡ്, റഫ് ബ്ലാക്ക് എന്നിങ്ങനെ 6 വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഇപ്പോൾ ആഗോള വിപണിയിൽ എത്തുന്നത്. ഒരു ഹബ് മോട്ടോറുമായി ജോടിയാക്കിയ 3.5kWh ശേഷിയുള്ള LFP ബാറ്ററി പായ്ക്കാണ് ക്ലാരയിൽ വിയറ്റ്നാമീസ് ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്. ലിഥിയം അയോണിന് പകരം LFP ബാറ്ററി വരുന്ന ചുരുക്കം ചില ടൂവീലറുകളിൽ ഒന്നാണിത്.

ഹബ് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററി പായ്ക്കിന് പരമാവധി 1.8kW നോമിനൽ പവർ, 3kW പീക്ക് പവർ എന്നിങ്ങനെ ഉത്പാദിപ്പിക്കാനാവും. 30 കിലോമീറ്റർ വേഗതയിൽ 65 കിലോഗ്രാം ഭാരം വരുന്ന റൈഡർ സഞ്ചരിക്കുമ്പോൾ 194 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന്​ കമ്പനി അവകാശപ്പെടുന്നത്. LFP ബാറ്ററികൾ ലിഥിയം അയോൺ യൂനിറ്റിനേക്കാൾ ഭാരമുള്ളവയാണ്. 122 കിലോഗ്രാം ആണ്​ സ്കൂട്ടറിന്‍റെ ഭാരം.

ക്ലാര S ഇ.വിക്ക് 14 ഇഞ്ച് ഫ്രണ്ട് വീലും മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ലഭിക്കും. ബൂട്ട് വലിപ്പം 23 ലിറ്ററും 760 മില്ലീമീറ്ററിന്റെ കുറഞ്ഞ സീറ്റ് ഹൈറ്റുമാണ് ഇലക്ട്രിക് സ്കൂട്ടറിൽ കമ്പനി അവകാശപ്പെടുന്നത്. വിൻഫാസ്റ്റ്​ ഇലക്ട്രിക് സ്‌കൂട്ടറിന് വിയറ്റ്‌നാമിൽ 1.18 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ വിലയുണ്ട്.

Tags:    
News Summary - VinFast Klara S electric scooter patented in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.