ലഡാക്ക് കയറി കരുത്ത് കാട്ടി മാരുതി ജിംനി; ചിത്രങ്ങൾ പുറത്ത്

ഇന്ത്യക്കാർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന എസ്.യു.വിയാണ് മാരുതി സുസുക്കി ജിംനി. വാഹനപ്രേമികൾ സ്വന്തമാക്കാൻ കൊതിക്കുന്ന ജിംനി 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കുമെന്നാണ് നിലവിലെ റിപോർട്ട്. ഡൽഹിയിലെയടക്കം രാജ്യത്തെ വിവിധയിടങ്ങളിലെ ജിംനിയുടെ പരീക്ഷണ ഓട്ടവും നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ ലഡാക്കിൽ പരീക്ഷയോട്ടം നടത്തുന്ന 5 ഡോർ ജിംനിയുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ലഡാക്കിലെ മലനിരകളിലൂടെ മൂടികെട്ടിയ നിലയിൽ പോകുന്ന ജിംനിയും തൊട്ട് പിന്നിലായിയുള്ള മാരുതി ഗ്രാന്‍റ് വിറ്റാരയുമാണ് ചിത്രങ്ങളിലുള്ളത്. രണ്ട് വാഹനങ്ങൾക്ക് പിന്നിലായി മഹീന്ദ്ര ഥാറിനേയും കാണാം.

ഹൈആൾട്ടിറ്റ്യൂഡ് ടെസ്റ്റ് നടത്തുന്നതിനാണ് ലഡാക്കിലേക്ക് ജിംനിയെത്തിയത്. പ്രതികൂല കാലാവസ്ഥയിലും മോശം റോഡുകളിലും വാഹനം എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഇതിലൂടെ അറിയാം. വാഹനത്തിനുള്ളിലെയും എഞ്ചിനിലേയും താപനിലയിലുണ്ടാവുന്ന മാറ്റങ്ങൾ മനസിലാക്കാം. ഇത്തരം പഠനങ്ങൾക്ക് ശേഷമാവും വാഹനം വിപണിയിലെത്തുക.


മാരുതി ഗ്രാന്‍റ് വിറ്റാരയിലുള്ള ഓൾ വീൽ ഓൾ ഗ്രിപ്പ് സംവിധാനത്തേക്കാൾ ഒരുപടി ഉയർന്നുള്ള ഓൾ ഗ്രിപ്പ് പ്രോ എന്നതാവും ജിംനിയിൽ ഉണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ 3 ഡോർ പതിപ്പാണ് ഉള്ളതെങ്കിലും ഇന്ത്യയിലിത് അഞ്ച് ഡോർ പതിപ്പ് മാത്രമായിരിക്കുമെന്നാണ് വിവരം. 3 ഡോർ മോഡലിനേക്കാൾ ഇതിന് വീൽബേസ് 300 എം.എം കൂടുമെന്നാണ് കരുതുന്നത്. 3850 എം.എം നീളം, 1645 എം.എം വീതി, 1730 എം.എം ഉയരം, 2550 എം.എം വീൽബേസ് എന്നിവയാവും ഉണ്ടാവുക. 3 ഡോറിനെ അപേക്ഷിച്ച് എക്സറ്റീരിയറിൽ കാര്യപ്പെട്ട മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല. എന്നാൽ ഫീച്ചറുകളിലും കണക്ടിവിറ്റിയിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

100 ബി.എച്ച്.പി പവറും 130 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന കെ.15 സി 1.5 ലിറ്റർ ഡ്യുവൽ ജെറ്റ് എഞ്ചിനാണ് വാഹനത്തിന്‍റെ കരുത്ത്. ഹൈബ്രിഡ് സാങ്കേതിക വിദ്യയും ഇതിലുണ്ട്. 1.4 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വിദേശരാജ്യങ്ങളിലുള്ളത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളാണ് ഉണ്ടാവുകയെന്നാണ് സൂചന. ജിംനിയുടെ ഇന്ത്യയിലെ പ്രധാന എതിരാളികളായ മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർക്ക എന്നിവക്കും 5 ഡോർ പതിപ്പ് വരുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Upcoming 5-door Maruti Suzuki Jimny spotted in Ladakh, alongside Grand Vitara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.