റെനോ ഡസ്റ്റർ ഹൈബ്രിഡ്

ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ മോഡലുകളെക്കാൾ മികച്ച മൈലേജ്! 'റെനോ ഡസ്റ്റർ ഹൈബ്രിഡ്' ബുക്കിങ് ആരംഭിച്ചു

റെനോയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ ഡസ്റ്റർ സ്ട്രോങ്ങ് ഹൈബ്രിഡ് ഇ-ടെക് 160 എസ്‌യുവിയുടെ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചു. വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് ഒക്ടോബർ 17നാണ് നിശ്ചയിച്ചിരിക്കുന്നത്. 21,000 രൂപ ടോക്കൺ അഡ്വാൻസ് നൽകി റെനോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലർഷിപ്പുകൾ വഴിയോ വാഹനങ്ങൾ ബുക്ക് ചെയ്യാവുന്നതാണ്.

ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ) സാക്ഷ്യപ്പെടുത്തിയതനുസരിച്ച് 29 kmpl ഇന്ധനക്ഷമതയാണ് ഈ ഹൈബ്രിഡ് എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, മാരുതി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് മോഡലുകളുടെ 27.97 kmpl മൈലേജിനെയാണ് ഡസ്റ്റർ സ്ട്രോങ്ങ് ഹൈബ്രിഡ് ഇതിലൂടെ പിന്നിലാക്കിയത്.

1.8 ലിറ്റർ പെട്രോൾ എൻജിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഉൾപ്പെടെ 1.4 kWh ബാറ്ററി അടങ്ങിയതാണ് ഹൈബ്രിഡ് വകഭേദത്തിന്റെ പവർട്രെയിൻ. ഇത് സംയോജിതമായി 160 എച്ച്.പി കരുത്ത് നൽകുന്നു. ബാറ്ററി ചാർജ് ചെയ്യാൻ എക്സ്റ്റേണൽ ചാർജറിന്റെ ആവശ്യമില്ല. സാധാരണ ഡ്രൈവിങ്ങിലൂടെയും ബ്രേക്കിങ് സമയത്തെ ഊർജ്ജ വീണ്ടെടുക്കലിലൂടെയും ബാറ്ററി സ്വയം ചാർജ് ചെയ്യപ്പെടും. ഡസ്റ്ററിന്റെ നിലവിലുള്ള 1.0 ലിറ്റർ പെട്രോൾ എൻജിൻ 19.4 kmpl മൈലേജും, 1.3 ലിറ്റർ പെട്രോൾ എൻജിൻ 17.7 kmpl മൈലേജുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

നിലവിലുള്ള ഡസ്റ്റർ പെട്രോൾ മോഡലുകളുടെ വില 10.49 ലക്ഷം രൂപ മുതൽ 18.69 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം). ഹൈബ്രിഡ് മോഡലിന്റെ വില ഒക്ടോബർ 17ലെ ഔദ്യോഗിക ലോഞ്ച് വേളയിൽ മാത്രമാണ് കമ്പനി പ്രഖ്യാപിക്കുക. റെനോയുടെ 'futuREady' റോഡ്മാപ്പിന്റെ ഭാഗമായി ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യത്തെ ഇ-ടെക് (E-Tech) മോഡലാണിത്. ഡീസൽ എൻജിനുകൾ നൽകിയിരുന്ന മികച്ച ഇന്ധനക്ഷമതയും പ്രകടനവും ആഗ്രഹിക്കുന്ന ഇന്നത്തെ കാലത്തെ ഉപഭോക്താക്കൾക്ക് ഇതൊരു മികച്ച ബദലായിരിക്കുമെന്നാണ് റെനോയുടെ വിലയിരുത്തൽ.

Tags:    
News Summary - Renault Duster Hybrid Open for Booking; Beats Grand Vitara Mileage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.