അഞ്ജുന ബീച്ചിൽ എസ്‌.യു.വിയുമായി അഭ്യാസം; പണി കിട്ടി, ദൃശ്യങ്ങൾ വൈറൽ

ന്യൂ ഡൽഹി: ഗോവയിലെ അഞ്ജുന ബീച്ചിലൂടെ നിയവിരുദ്ധമായി എസ്‌.യു.വി ഓടിച്ച വിനോദസഞ്ചാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാറോടിക്കുന്നതിന്‍റെയും തുടർന്നുണ്ടായ സംഭവങ്ങളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട അഞ്ജുന ബീച്ചിലെ വെള്ളത്തിലൂടെയാണ് എസ്.യു.വിയുമായി സംഘം അഭ്യാസം കാണിച്ചത്.

എന്നാൽ, അധികം വൈകിയില്ല ആദ്യ പണിയെത്തി. അഭ്യാസത്തിനിടെ കാറിന്‍റെ മുൻഭാഗം ഭാഗികമായി മണലിൽ താഴ്ന്നു. കാറിലുണ്ടായിരുന്നവർ മണലിൽ നിന്ന് വാഹനം പുറത്തെടുക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് നടപടി.

കാർ ഓടിച്ച ഡൽഹി സ്വദേശി ലളിത്കുമാർ ദയാലിനെ പിടികൂടിയതായി മപുസ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിവ്ബ ദൽവി അറിയിച്ചു. എസ്‌.യു.വിയുടെ ഉടമയും ഗോവയിലെ മപുസയിൽ താമസക്കാരിയുമായ സംഗീത ഗവദൽക്കറിനെതിരായ റിപ്പോർട്ട് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ സമർപ്പിച്ചു. ഗോവൻ രജിസ്ട്രഷനിലുള്ള വാഹനം പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.

ഗോവയിലെ അഞ്ജുന ബീച്ച് പാരിസ്ഥിതിക പ്രാധാന്യത്താൽ സംരക്ഷിത പ്രദേശമാണ്. നിയമപരമായി ഇവിടെ വാഹനങ്ങൾ ഓടിക്കാൻ അനുമതിയില്ല. ഒലിവ് റിഡ്‌ലി കടലാമകളുടെ പ്രജനന കേന്ദ്രമാണ് ഇവിടം. ഇതിലൂടെ വാഹനം ഓടിക്കുന്നത് ആമകളുടെ ആവാസവ്യവസ്ഥയ്ക്ക് കാര്യമായ നാശമുണ്ടാക്കുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയതാണ്.

നേരത്തെ, ലഡാക്കിലെ തണുത്ത മരുഭൂമിയായ ഹണ്ടറിലൂടെ കാർ ഓടിച്ചതിന് ജയ്പൂർ ദമ്പതികൾക്ക് 50,000 രൂപ പൊലീസ് പിഴ ചുമത്തിയിരുന്നു. ഹണ്ടറിലെ മണൽത്തിട്ടകൾക്ക് മുകളിലൂടെ കാറുകൾ ഓടിക്കരുതെന്ന എസ്.ഡി.എമ്മിന്‍റെ നിർദേശം ലംഘിച്ചായിരുന്നു ദമ്പതികളുടെ നടപടി.

സംഭവത്തെ തുടർന്ന്, ചില വിനോദസഞ്ചാരികൾക്ക് സാമാന്യബുദ്ധിയില്ലെന്ന് വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധിപേർ രംഗത്തെത്തി. നുബ്ര താഴ്‌വരയിലെ ഹണ്ടർ ഗ്രാമം ലഡാക്കിലെ ഉയരത്തിലുള്ള തണുത്ത മരുഭൂമിയാണ്. ലേയിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.

Tags:    
News Summary - Tourist from Delhi drives around on protected Anjuna beach in Goa in SUV; arrested after video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.