ഡിസംബറിൽ ഏറ്റവും കൂടുതൽ വിറ്റ പാസഞ്ചർ കാർ ഇതാണ്​; ആദ്യ 10ൽ എട്ടും ഒരേ കമ്പനി വാഹനങ്ങൾ

ഡിസംബറിലെ വാഹന വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ നേട്ടം കൊയ്ത്​ മാരുതി സുസുകി. വിൽപ്പനയിൽ മുന്നിലെത്തിയ 10 കാറുകളിൽ എട്ടും മാരുതിയുടേതാണ്​. ടാറ്റ, ഹ്യൂണ്ടായ്​ എന്നിവരാണ്​ ലിസ്റ്റിൽ ഇടംപിടിച്ച മറ്റ്​ കമ്പനികൾ. രാജ്യത്തുടനീളമുള്ള കാറുകളുടെ ഉൽപ്പാദനത്തെയും വിതരണത്തെയും പ്രതികൂലമായി ബാധിച്ച സപ്ലൈ ചെയിൻ പ്രശ്‌നങ്ങൾ വ്യവസായത്തെ മുഴുവനായും പിടിമുറുക്കുമ്പോഴും ഇന്ത്യൻ കാർ നിർമ്മാതാക്കളിൽ മാരുതി സുസുകിയുടെ ആധിപത്യം തുടരുകയാണ്​.


വാഗണർ ആണ്​ ഡിസംബർ വിൽപ്പനയിൽ ഒന്നാമതെത്തിയത്​. 2020 ഡിസംബറിൽ വിറ്റ 17,684 യൂനിറ്റുകളിൽ നിന്ന് 2021ലെത്തുമ്പോൾ നേരിയ വർധനയാണ്​ വാഗണറിന്​ ഉണ്ടായത്​. 2021 ഡിസംബറിൽ 19,729 യൂനിറ്റ് വാഗൺ ആർ വിറ്റു.മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് സ്വിഫ്റ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ മാസം, 15,661 യൂനിറ്റ് സ്വിഫ്റ്റ് വിറ്റഴിച്ചു. മുൻ വർഷം ഇതേ കാലയളവിലെ 18,131 യൂനിറ്റുകളുമായി താരതമ്യപ്പെടുത്തിയാൽ വിറ്റ വാഹനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്​.

പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ്​ മൂന്നാം സ്ഥാനത്ത്​. 14,458 യൂനിറ്റ് ബലേനോ ഡിസംബറിൽ വിറ്റഴിച്ചു. ഡിസംബറിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സബ് കോംപാക്റ്റ് എസ്‌യുവിയായി ടാറ്റ നെക്‌സൺ ഉയർന്നു. പട്ടികയിൽ നാലാം സ്ഥാനത്താണ്​ നെക്സൺ ഉള്ളത്​. മികച്ച 10 കാറുകളുടെ പട്ടികയിൽ ഇടം നേടിയ ഒരേയൊരു ടാറ്റ വാഹനവും നെക്‌സനാണ്​. നെക്‌സണിന്റെ 12,899 യൂനിറ്റുകൾ ഡിസംബറിൽ ടാറ്റ വിറ്റഴിച്ചു. ഇത് കമ്പനിയുടെ എക്കാലത്തെയും ഉയർന്ന നിരക്കാണ്.


അഞ്ചാമതായി മാരുതിയുടെ എംപിവി, എർട്ടിഗ ഇടംപിടിച്ചു. കഴിഞ്ഞ മാസം മാരുതി 11,840 എർട്ടിഗ വിറ്റഴിച്ചു. മാരുതിയുടെ ഏറ്റവും പഴയ മോഡലായ ആൾട്ടോ ഡിസംബറിൽ ഏതാനും സ്ഥാനങ്ങൾ താഴേക്ക് പോയി. കഴിഞ്ഞ മാസം 11,170 യൂണിറ്റുകൾ വിറ്റഴിച്ച ആൾട്ടോ നിലവിൽ പട്ടികയിൽ ആറാം സ്ഥാനത്താണ്​. ഏഴാം സ്ഥാനത്ത്​ മാരുതി ഡിസയറാണ്​. എട്ടാമതായി ഹ്യൂണ്ടായ്​ വെന്യൂവും പട്ടികയിൽ ഇടംപിടിച്ചു.

ഹ്യുണ്ടായിയുടെ വിൽപ്പനയിൽ ഇടിവ് വ്യക്തമാണെങ്കിലും മാരുതിയുടെ സബ്-കോംപാക്റ്റ് എസ്‌യുവി ബ്രെസ്സയെ പിന്നിലാക്കാൻ വെന്യൂവിനായി. ഹ്യൂണ്ടായ് കഴിഞ്ഞ മാസം 10,360 യൂനിറ്റ് വെന്യൂ വിറ്റു. മാരുതി ബ്രെസ്സ ഒമ്പതാമതും ഇക്കോ പത്താം സ്ഥാനത്തും ഇടംപിടിച്ചു. 

Tags:    
News Summary - Top 10 cars sold in December: Maruti bags 8 spots, Tata Nexon climbs to 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.