ടെസ്​ല ഗുജറാത്തിലേക്ക്​?; വാഹന നിർമാണം ഉടൻ ആരംഭിക്കും

അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിൽ ഗുജറാത്ത്​ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുമെന്ന്​ സൂചന. 'ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ ഒരു സബ്‌സിഡിയറി കമ്പനി അടുത്തിടെ ടെസ്​ല രജിസ്റ്റർ ചെയ്തിരുന്നു. രാജ്യത്ത് പ്രവർത്തനം ആരംഭിക്കാൻ ഗുജറാത്ത് ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളുമായി ഇവി ഭീമൻ ചർച്ചകൾ നടത്തിയിരുന്നു. ഗുജറാത്ത് സർക്കാർ ടെസ്‌ലയുമായി ചർച്ച നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ദാസ് പറഞ്ഞു. സംസ്ഥാനത്ത് കേന്ദ്രം തുടങ്ങുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും ആനുകൂല്യങ്ങളും ഇവി നിർമാതാവിന് ലഭിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വൈദ്യുത വാഹന നിർമാതാക്കളിലെ വഴികാട്ടിയെന്നറിയപ്പെടുന്ന കമ്പനിയാണ്​ ടെസ്​ല​. ലോകത്തിലെ ഏറ്റവും മൂല്യവത്തായ വാഹന നിർമാതാക്കളെന്നാണ്​ ഈ അ​േമരിക്കൻ കമ്പനി അറിയപ്പെടുന്നത്​. ജനുവരിയിൽ ഇലോൺ മസ്‌കിന്‍റെ നേതൃത്വത്തിലുള്ള ബ്രാൻഡ് രാജ്യത്ത്​എത്തുമെന്നാണ്​ വിവരം. 2021 ജൂൺ-ജൂലൈ മാസങ്ങളിൽ വാഹന ഡെലിവറിയും ആരംഭിക്കും. ടെസ്‌ല ഇന്ത്യയിൽ നിർമാണ പ്ലാന്‍റ്​ സ്ഥാപിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ അതേപറ്റിയുള്ള സൂചനകളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.


അമേരിക്കയിലേത്​പോലെ ഇന്ത്യയിൽ ടെസ്‌ല അതിന്‍റെ നേരിട്ടുള്ള വിൽപ്പന മാതൃക പിന്തുടരുമെന്നാണ്​സൂചന. കമ്പനി സ്വന്തം സെയിൽസ് ചാനലുകൾ നിയന്ത്രിക്കുകയും, ഷോറൂമുകളും സ്വന്തമായി കേന്ദ്രങ്ങൾ വഴിയും കാറുകൾ വിറ്റഴിക്കുകയും ചെയ്യും. ഈ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് ടെസ്‌ലയുടെ സ്വന്തം ജീവനക്കാരാണ്. സർവീസിലും മാറ്റം പ്രകടമായിരിക്കും. ഉപഭോക്താവിന്‍റെ സേവന അഭ്യർഥനകളിൽ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് മോഡൽ സർവീസ് ടെക്നീഷ്യൻമാരുടെ ടീമാണ്. ഇവരും ടെസ്​ലയിലെ മുഴുവൻ സമയ ജോലിക്കാരാണ്.

വാഹനങ്ങളുടെ തകരാറുകൾ വീട്ടിലെത്തി പരിഹരിക്കുന്നതിനും ടെസ്​ലക്ക്​ വിപുലമായ സംവിധാനമുണ്ട്​. ടെസ്‌ല ഇന്ത്യയിൽ ഏതൊക്കെ മോഡലുകളെ അവതരിപ്പിക്കുമേന്ന്​ ഇപ്പോഴും അറിവായിട്ടില്ല. തുടക്കത്തിൽ പരിമിതമായ സംഖ്യയിൽ പരിമിതമായ വാഹനങ്ങളാകും വിപണിയിലെത്തുക. ബംഗളൂരു, ഡൽഹി, മുംബൈ നഗരങ്ങളിലാകും വിൽപ്പന തുടങ്ങുക. തുടർന്ന്​ ഹൈദരാബാദ്, ചെന്നൈ, പുനെ നഗരങ്ങളിലും വ്യാപിപ്പിക്കും. ആംസ്റ്റർഡാം, സിഡ്നി, തായ്‌വാൻ എന്നിവിടങ്ങളിലെ പ്രാദേശിക ഓഫീസുകളിൽ നിന്ന് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനാണ്​ സാധ്യത. ബ്രാൻഡിന്‍റെ വളരെയധികം പ്രചാരമുള്ള സൂപ്പർചാർജർ ശൃംഖല ഇന്ത്യയിലും കാണുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. യുഎസിലെയും യൂറോപ്പിലെയും ബ്രാൻഡിന്‍റെ വിജയത്തിന് ഈ സൗകര്യം അനിവാര്യമായിരുന്നു. ഇന്ത്യയിൽ ഇവ സ്​ഥാപിക്കുക ചെലവേറിയ ജോലിയാണ്.


ടെസ്​ല നേരിട്ട്​ ഇൻസ്റ്റാൾ ചെയ്യുന്ന ഹോം / ഓഫീസ് ബോക്സ് ചാർജറുകളാവും ഇന്ത്യയിൽ നൽകുക. ഇന്ത്യയ്‌ക്കായുള്ള ആദ്യത്തെ ടെസ്‌ല ഓഫർ എൻട്രി ലെവൽ വാഹനമായ മോഡൽ 3 ആയിരിക്കും. മോഡൽ 3 ലോംഗ് റേഞ്ചിന് 560 കിലോമീറ്റർ വരെ ഒറ്റചാർജിൽ സഞ്ചരിക്കാനാകും. 4.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന്​ 100 കിലോമീറ്റർ വേഗത കൈവരിക്കും. തീരെ വിലകുറഞ്ഞ വാഹനങ്ങളല്ല ടെസ്​ലയുടേത്​. മോഡൽ 3 എന്ന ഏറ്റവും കുറഞ്ഞമോഡൽ മെഴ്‌സിഡസ് സി ക്ലാസ് അല്ലെങ്കിൽ ബി‌എം‌ഡബ്ല്യു 3-സീരീസിന് തുല്യമാണ്.55-60 ലക്ഷം രൂപ വരെ ഇവക്ക്​ വിലയുണ്ട്​.

ഇന്ത്യയിലെ ഇവി മാർക്കറ്റ് ഇപ്പോഴും ദുർബലമാണ്​​. പ്രതിമാസം 1000 യൂനിറ്റിൽ താഴെയാണ്​ ഈ വിഭാഗത്തിൽ വിൽപ്പന നടക്കുന്നത്​. ടാറ്റ നെക്സൺ ഇവി, എം‌ജി ഇസെഡ് ഇവി, ഹ്യുണ്ടായ് കോന എന്നിവയാണ് പ്രധാന വാഹനങ്ങൾ. നിലവിൽ രാജ്യത്ത് വിൽക്കുന്ന ഒരേയൊരു ആഢംബര ഇവി മെഴ്‌സിഡസ് ബെൻസ് ഇക്യുസി ആണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.