ഫോർഡിന്‍റെ സാനന്ദ് പ്ലാന്റ് ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്

ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്. ഗുജറാത്ത് സർക്കാരിൽ നിന്ന് ടാറ്റക്ക് അനുമതി ലഭിച്ചതായാണ് റിപ്പോർട്ട്. കരാർ നിലനിർത്തുന്നതിന് രണ്ട് കമ്പനികളും സമർപ്പിച്ച നിർദേശത്തിന് ഗുജറാത്ത് മന്ത്രിസഭ ഈ ആഴ്ച ആദ്യം അനുമതി നൽകിയിരുന്നു. പ്ലാന്റ് ആരംഭിക്കുന്ന സമയത്ത് ഫോർഡിന് അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ടാറ്റ മോട്ടോഴ്‌സിന് ലഭിക്കാനും ഇത് സഹായിക്കും.

പ്രവർത്തനം തുടരുന്നത് ലാഭകരമല്ലെന്ന് കണ്ടെത്തിയ അമേരിക്കൻ കാർ നിർമ്മാതാക്കളായ ഫോർഡ് കഴിഞ്ഞ വർഷമാണ് ഇന്ത്യ വിട്ടത്. ഇന്ത്യയിൽ ഇനി കാറുകൾ നിർമ്മിക്കില്ലെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഫോർഡിന്റെ ഇന്ത്യയിലെ രണ്ട് ഫാക്ടറികളും പ്രവർത്തനരഹിതമായി. തുടർന്നാണ് സാനന്ദിലെ പ്ലാന്റ് ഏറ്റെടുക്കാൻ ടാറ്റ മോട്ടോഴ്‌സ് താൽപ്പര്യം പ്രകടിപ്പിച്ചത്. ഫോർഡിലെ ജീവനക്കാരിൽ ആരെയും പിരിച്ചുവിടില്ലെന്ന് ടാറ്റ മോട്ടോഴ്‌സ് ഗുജറാത്ത് സർക്കാരിന് ഉറപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.

പ്ലാന്റിന്റെ ഏറ്റെടുക്കൽ പൂർത്തിയാകുമ്പോൾ പ്രതിവർഷം രണ്ട് ലക്ഷം ഇലക്ട്രോണിക് വാഹനങ്ങൾ സാനന്ദിൽ നിർമ്മിക്കാനാണ് ടാറ്റ മോട്ടോഴ്‌സ് പദ്ധതിയിടുന്നത്. ഇതിലേക്കായി 2000 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനിയുടെ ഉദ്ദേശ്യം. വരും വർഷങ്ങളിൽ നിരവധി ഇലക്ട്രിക് കാറുകൾ പുറത്തിറക്കാനാണ് ടാറ്റയുടെ തീരുമാനം.

അതേസമയം, മറ്റ് രാജ്യങ്ങളിൽ നിന്ന് വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് ഫോർഡ് തുടരും. പക്ഷെ, മസ്താങ് മാക്-ഇ പോലുള്ള പ്രീമിയം കാറുകൾ മാത്രമേ ഇതിൽ ഉൾപ്പെടൂ.

News Summary - Tata Motors Gets Nod From Gujarat Government To Takeover Ford's Sanand Plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.