സുസുക്കിയുടെ കരുത്തനും ജനപ്രിയനുമായ ഇരുചക്ര വാഹനം 'കറ്റാന' ഇന്ത്യയിലേക്കെത്തുന്നു. സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ ലോഞ്ച് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. അടുത്തിടെ, ജാപ്പനിലെ സമൂഹ മാധ്യമങ്ങളിൽ ലോഞ്ചിങ് സംബന്ധിച്ച ടീസർ വിഡിയോ സുസുക്കി പുറത്തിറക്കിയിരുന്നു.
മലിനീകരണ മാനദണ്ഡങ്ങൾ കാരണം 2006ൽ സുസുക്കി നിർത്തലാക്കിയ കറ്റാന, 13 വർഷത്തിന് ശേഷം രാജ്യാന്തര വിപണിയിൽ റീലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കറ്റാനയുടെ ഇന്ത്യയിലേക്കുള്ള വരവ്.പൂർണമായും ആധുനിക രൂപത്തിലാണ് കറ്റാന എത്തിയതെങ്കിലും പഴയ അടിസ്ഥാന ഡിസൈൻ കാത്തുസൂക്ഷിക്കാൻ ജാപ്പനിസ് നിർമാതാക്കളായ സുസുക്കി മറന്നില്ല.
നിലവിലെ 999 സി.സി എഞ്ചിനിൽ തന്നെയാവും വാഹനം ഇന്ത്യയിലേക്കെത്തുക. 150 എച്ച്.പിയും 105 എൻ.എം ടോർക്കുമാണ് കറ്റാനയുടെ കരുത്ത്. ജി.എസ്.എക്സ് ശ്രേണിയിലെ സുസുക്കിയുടെ മറ്റ് ബൈക്കുകൾക്കും ഇതേ എഞ്ചിൻ തന്നെയാണ് കരുത്ത് പകരുന്നത്. ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററിനൊപ്പം സ്ലിപ്പർ ക്ലച്ചുമുള്ള 6-സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്.
പഴയ വാഹനത്തിൽ ഉണ്ടായിരുന്ന ഇരട്ട-പാർ അലുമിനിയം ഫ്രെയിം, സ്വിംഗ്രം സസ്പെൻഷൻ സജ്ജീകരണം എന്നിവ പുതിയ കറ്റാനയിലും തുടർന്നു. മൂന്ന് റൈഡ് മോഡുകൾ, ഫൈവ്-ലെവൽ ട്രാക്ഷൻ കൺട്രോൾ, ലോ ആർ.പി.എം അസിസ്റ്റ്, കോർണറിങ് എ.ബി.എസ്, പുതിയ എൽ.സി.ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും സവിശേഷതകളാണ്.
മെറ്റാലിക് മാറ്റ് സ്റ്റെല്ലർ ബ്ലൂ, സോളിഡ് അയൺ ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ രാജ്യാന്തര വിപണിയിൽ കറ്റാന ലഭ്യമാണ്. ഇന്ത്യയിൽ ബൈക്കിന്‍റെ ഔദ്യോഗിക ലോഞ്ച് തീയതി സുസുക്കി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എക്സ്-ഷോറൂം വില 11 ലക്ഷം മുതൽ ആരംഭിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.