വേനൽ മഴ: ഇക്കാര്യങ്ങൾ യാത്രക്കാർ ശ്രദ്ധിക്കണേ...

കേരളത്തിൽ വേനൽ മഴയെത്തിയിരിക്കുന്ന സാഹചര്യത്തിൽ വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. കാറിന്റെ പരിപാലനത്തിൽ ഏറെ ശ്രദ്ധ വേണ്ട കാലമാണ്. സുരക്ഷിത യാത്രകൾക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അമിത വേഗതയിൽ വാഹനം ഓടിക്കരുത്. വാഹനങ്ങൾ റോഡിൽ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകട സാധ്യത കൂടുതലാണ്. അൽപമൊന്നു ശ്രദ്ധിച്ചാൽ ഒരുപരിധി വരെ അപകടമൊഴിവാക്കാം.

ക്രൂസ് കൺട്രോൾ: വളരെയേറെ ഉപകാരപ്രദമായ ഫീച്ചറാണ് ക്രൂസ് കൺട്രോൾ. എന്നാൽ, ഏതു സമയത്തും റോഡിൽ വെള്ളം നിറഞ്ഞേക്കാവുന്ന മഴക്കാലത്ത് ക്രൂസ് കൺട്രോൾ അപകട സാധ്യത വർധിപ്പിക്കും. നനഞ്ഞ റോഡിലൂടെ എളുപ്പം വാഹനങ്ങൾ തെന്നി നിയന്ത്രണം നഷ്ടമാവാനും സാധ്യതയുണ്ട്.

ഹസാർഡ് ലൈറ്റ്: മഴ കനക്കുമ്പോൾ ഹസാർഡ് ലൈറ്റ് ഇട്ടുകൊണ്ട് വാഹനങ്ങൾ പോവുന്നത് സാധാരണ കാഴ്ചയായി മാറിയിട്ടുണ്ട്. മറ്റു വാഹനങ്ങൾക്ക് എളുപ്പം കാണുകയെന്ന ലക്ഷ്യത്തിലാണ് പലരും ഇതു ചെയ്യുന്നത്. എന്നാൽ ഇത് മണ്ടത്തരമാണെന്നാണ് വിദഗ്ധാഭിപ്രായം. അടിയന്തര സാഹചര്യത്തിൽ വാഹനം റോഡരികിൽ നിർത്തിയിടേണ്ടി വരുമ്പോഴാണ് അപകടം ഒഴിവാക്കാൻ ഹസാർഡ് ലൈറ്റ് പ്രകാശിപ്പിക്കുക. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ഹസാർഡ് ലൈറ്റ് ഇടുന്നത് മറ്റു വാഹനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കാനും അതുവഴി അപകടമുണ്ടാവാനും ഇടയാക്കും.

കുഴി ശ്രദ്ധിക്കുക: മഴക്കാലത്ത് കുഴികൾ കാണാൻ സാധിക്കില്ലെന്നത് അപകട സാധ്യതയാണ്. കുഴി ശ്രദ്ധയിൽപെട്ടാൽ വഴി മാറി പോവുകയോ സാവധാനം പോവുകയോ മാത്രമാണ് സുരക്ഷിതം. സ്ഥിരം പോവുന്ന വഴിയാണെങ്കിലും മഴക്കാലത്ത് വെള്ളം നിറഞ്ഞിരിക്കുകയാണെങ്കിൽ സുരക്ഷിതമായ വേഗതയിൽ പോവുന്നതാണ് ഉചിതം.

സുരക്ഷിത അകലം: മഴക്കാലത്ത് മറ്റു വാഹനങ്ങളുമായി കൂടുതൽ അകലം പാലിക്കണം. മഴ പെയ്യുമ്പോൾ മുന്നിലെ കാഴ്ചകളും പിന്നിലേയും വശങ്ങളിലേയും കാഴ്ചകളും മങ്ങലോടെയാവും കാണുക. ഇത് പ്രതികരിക്കാനുള്ള സമയം പിന്നെയും കുറക്കും. പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ട സാഹചര്യമുണ്ടായാൽ അത് അപകടത്തിൽ അവസാനിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് സുരക്ഷിത അകലം പാലിക്കാൻ ശ്രദ്ധിക്കുക.

വേഗം: മഴക്കാലത്ത് വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. വെള്ളക്കെട്ടിലേക്ക് ഇറങ്ങും മുമ്പ് മുന്നിലെ വാഹനങ്ങൾ പോവുന്നതും വരുന്നതും ശ്രദ്ധിക്കുക. ഇത് എത്രത്തോളം വെള്ളം മുന്നിലെ റോഡിലുണ്ടെന്നത് തിരിച്ചറിയാൻ സഹായിക്കും. വാഹനത്തിന്റെ പകുതി വരെ മുങ്ങാൻ വെള്ളമുണ്ടെങ്കിൽ മുന്നോട്ട് എടുക്കരുത്. സുരക്ഷിതമെന്ന് കരുതുന്ന വെള്ളക്കെട്ടിലേക്ക് വാഹനം എടുക്കുകയാണെങ്കിൽ താഴ്ന്ന ഗിയറിൽ ഇട്ട് ഒരേ വേഗത്തിൽ വാഹനം മുന്നോട്ടുപോകുക.

Tags:    
News Summary - Summer rains: Precautions for safe travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.