പുതുവർഷമെത്തി; ഈ കമ്പനികളുടെ വാഹനങ്ങൾക്ക്​ വില വർധിക്കും

ലോകം പുതുവർഷത്തിലേക്ക്​ പ്രവേശിക്കാൻ ഇനി ഏതാനും നാളുകൾ മാത്രമേയുള്ളൂ. ഈ നാളുകൾ വാഹന നിർമാതാക്കളെ സംബന്ധിച്ച്​ വിലവർധനവിന്‍റെ സമയം കൂടിയാണ്​. ഉൽപ്പാദന ചെവല്​ വർധിക്കുന്നതിന്‍റെ ഭാഗമായാണ്​ വിലവർധനവും ഉണ്ടാകുന്നതെന്ന്​​ വാഹന നിർമാതാക്കൾ പറയുന്നു​. പല കമ്പനികളും കഴിഞ്ഞമാസങ്ങളിൽ തന്നെ വിലവർധിപ്പിച്ചിട്ടുണ്ട്​. ഇത്തരത്തിൽ വില വർധിപ്പിക്കുന്ന കമ്പനികൾ ഏതെല്ലാമെന്ന്​ പരിശോധിക്കാം.

മാരുതി സുസുക്കി

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ എല്ലാ വാഹനങ്ങൾക്കും പുതുവർഷം വില വർധിക്കുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. അതേസമയം, എത്ര രൂപ വർധിക്കുമെന്ന്​ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഹ്യുണ്ടായ്​ മോ​ട്ടോർ ഇന്ത്യ

ഒക്ടോബറിൽ തന്നെ ഹ്യുണ്ടായ് ഇന്ത്യ സാൻ‌ട്രോ, ഗ്രാൻഡ് ഐ 10 നിയോസ്, ഔറ, വെന്യു എന്നിവക്ക്​ 6000 രൂപ വരെ വില വർധിപ്പിച്ചിട്ടുണ്ട്​. മറ്റ് മോഡലുകളിൽ നിലവിൽ വിലവർധന പ്രഖ്യാപിച്ചിട്ടില്ല.

ടാറ്റ മോ​ട്ടോഴ്​സ്​

വാണിജ്യ വാഹനങ്ങൾക്ക്​ മാത്രമാണ്​ ടാറ്റ മോട്ടോഴ്‌സ്​ നിലവിൽ വിലവർധനവ് പ്രഖ്യാപിച്ചത്​. പാസഞ്ചർ വാഹനങ്ങളുടെ വിലവർധനവ് സംബന്ധിച്ച് കമ്പനി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. കൂടാതെ വാണിജ്യ വാഹനങ്ങൾക്ക്​ എത്ര രൂപയാണ്​ വർധിക്കുകയെന്ന വിവരവും പുറത്തുവിട്ടിട്ടില്ല.

മഹീന്ദ്ര

ആരാധകർ ഏറെ കാത്തിരുന്ന ഥാർ ഉൾപ്പെടെ മഹീന്ദ്രയുടെ എസ്‌.യു.വികൾ 2021 ജനുവരി മുതൽ ചെലവേറിയതായിരിക്കും. ജനുവരി മുതൽ പാസഞ്ചർ വാഹനങ്ങളുടെ വില വർധനവ്​ വരും. എന്നാൽ, എത്ര രൂപയാണ്​ വർധിക്കുകയെന്നത്​ അറിവായിട്ടില്ല.

ഫോർഡ്​ ഇന്ത്യ

ഫോർഡ് ഇക്കോസ്പോർട്ട് സബ് കോംപാക്റ്റ് എസ്‌.യു.വിയുടെ വില 1,500 രൂപ നേരത്തെ തന്നെ വർധിപ്പിച്ചിട്ടുണ്ട്​. പുതുക്കിയ വില 2020 ഒക്ടോബർ ഒന്ന്​ മുതൽ പ്രാബല്യത്തിൽ വന്നതായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു.

എം.ജി മോ​ട്ടോർ

എം‌.ജി മോട്ടോർ 2021 ജനുവരി ഒന്ന്​ മുതൽ വാഹനങ്ങളുടെ വില മൂന്ന്​ ശതമാനം വരെ വർധിപ്പിക്കുമെന്ന് അറിയിച്ചു. ഹെക്ടർ, ഗ്ലോസ്റ്റർ, എം‌.ജി ഇസെഡ് ഇ.വി തുടങ്ങിയ മോഡലുകളിൽ വിലവർധനവ് ബാധകമാണ്​. ഹെക്ടർ ഫേസ്​ലിഫ്റ്റ്, എം‌.ജി ഹെക്ടർ പ്ലസ് സെവൻ സീറ്റർ തുടങ്ങിയവ ജനുവരിയിൽ കമ്പനി അവതരിപ്പിക്കുമെന്നാണ്​ വിവരം.

റെനോ

റെനോ ഇന്ത്യയും തങ്ങളുടെ മോഡലുകൾക്ക്​ 28,000 രൂപ വരെ വർധിപ്പിക്കാൻ പോവുകയാണ്​. വില പരിഷ്കരണം ജനുവരി ഒന്ന്​ മുതൽ പ്രാബല്യത്തിൽ വരും. വേരിയന്‍റുകൾ, മോഡലുകൾ എന്നിവയെ അടിസ്ഥാനമാക്കി വില വർധനവിൽ വ്യത്യസമുണ്ടാകും.

ഇസുസു

ഇസുസു മോട്ടോഴ്സ് ഇന്ത്യ വാണിജ്യ വാഹനങ്ങളുടെ വില നിലവിലെ എക്സ്ഷോറൂം വിലയിൽനിന്ന് 10,000 രൂപയാണ്​ വർധിപ്പിക്കുന്നത്​. ജനുവരി ഒന്ന്​ മുതൽ ഇത്​ പ്രാബല്യത്തിൽ വരും. ഡി-മാക്സ് റെഗുലർ ക്യാബിനും ഡി-മാക്സ് എസ്-ക്യാബിനും വിലവർധനവ് ബാധകമാകും.

ബി.എം.ഡബ്ല്യു

2021 ജനുവരി നാല്​ മുതലാണ്​ ജർമൻ കമ്പനിയുടെ വിലവർധനവ്​ വരുന്നത്​. ബി‌.എം‌.ഡബ്ല്യു മോഡലുകൾക്ക്​ പുറമെ മിനി കൂപ്പർ വേരിയന്‍റുകൾക്കും വിലയിൽ മാറ്റമുണ്ടാകും. രണ്ട് ശതമാനം വരെയാണ്​ വില വർധിക്കുക.

ഔഡി

2021 ജനുവരി ഒന്ന് മുതൽ​ ഔഡി ഇന്ത്യയും രണ്ട് ശതമാനം വരെ വിലവർധനവ് പ്രഖ്യാപിച്ചു. ഇന്ത്യയിൽ ലഭ്യമായ എല്ലാ മോഡലുകൾക്കും വിലവർധനവ്​ ബാധകമാണ്​.

Tags:    
News Summary - New Year has arrived; The prices of these companies' vehicles will go up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.