എം.ജി. മജസ്റ്റർ സുമ്മാവാ... 406.4 ടൺ ഭാരമുള്ള ട്രെയിൻ കെട്ടിവലിച്ച് ഗിന്നസ് വേൾഡ് റെക്കോർഡുമായി മജസ്റ്റർ എസ്.യു.വി -VIDEO

ശ്രീനഗർ: ചൈനീസ് വാഹനനിർമാതാക്കളായ എം.ജിയുടെ ഏറ്റവും പുതിയ എസ്.യു.വിയായ മജസ്റ്റർ, പുതിയ ലോക റെക്കോർഡ് സ്വന്തമാക്കി. ശ്രീനഗറിൽ വെച്ച് നടന്ന പ്രകടനത്തിൽ ലോകത്തെ ഏറ്റവും ഭാരമേറിയ ട്രെയിൻ വലിക്കുന്ന എസ്.യു.വി എന്ന റെക്കോർഡ് ഇനി എം.ജി മജസ്റ്ററിന് സ്വന്തം. ജമ്മു കശ്മീരിലെ റെയിൽവേ ട്രാക്കിൽ 406.4 ടൺ ഭാരമുള്ള ട്രെയിനാണ് മജസ്റ്റർ അനായാസം വലിച്ചത്. 300 അടിയിലധികം ദൂരം ട്രെയിൻ വലിച്ചാണ് ഈ കരുത്തൻ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്.

ഗ്ലോസ്റ്ററിലെ കരുത്തനായ 2.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് മജസ്റ്ററിലും നൽകിയിരിക്കുന്നത്. ഈ എൻജിൻ പരമാവധി 215 എച്ച്.പി കരുത്തും 478 എൻ.എം ഉയർന്ന ടോർക്കും ഉത്പാദിപ്പിച്ച് വാഹനത്തിന് കൂടുതൽ കരുത്ത് പകരും. ZF 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് എസ്.യു.വിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്കായി ഷാർപ് 4x2 (7 സീറ്റർ), സവ്വ്യ 4x2 (7 സീറ്റർ), സവ്വ്യ 4x2 (6 സീറ്റർ), സവ്വ്യ 4x4 (7 സീറ്റർ) എന്നീ നാല് വേരിയന്റുകളിൽ മജസ്റ്റർ ലഭിക്കും.

ഏറ്റവും മികച്ച ഓഫ് റോഡിങ്ങിനായി 'M-Hub' എന്ന ടെറൈൻ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ മജസ്റ്ററിൽ എം.ജി ഒരുക്കിയിട്ടുണ്ട്. ഇതിൽ 10 വ്യത്യസ്ത ഡ്രൈവിങ് മോഡുകൾ ലഭ്യമാണ്. കൂടാതെ, 810 എം.എം ആഴമുള്ള വെള്ളത്തിലൂടെ സഞ്ചരിക്കാനുള്ള 'വാട്ടർ വാഡിങ് കപ്പാസിറ്റി' ശേഷിയും എസ്‌.യു.വിക്കുണ്ട്.

മെറ്റൽ ബ്ലാക്ക്, പേൾ വൈറ്റ്, കോൺക്രീറ്റ് ഗ്രേ, മെറ്റൽ ആഷ് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് മജസ്റ്റർ വിപണിയിലെത്തുന്നത്. വിശാലമായ ഇന്റീരിയർ സജ്ജീകരണത്തോടെ വിപണിയിൽ എത്തുന്ന വാഹനത്തിൽ 12.3 ഇഞ്ച് വലിപ്പമുള്ള വലിയ ഇൻഫോടൈന്മെന്റ് ടച്ച്‌സ്‌ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പനോരമിക് സൺറൂഫ്, ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സുരക്ഷാ സംവിധാനം, മസാജ് ഫങ്ഷനോട് കൂടിയ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 12 സ്പീക്കറുകളുള്ള ജെ.ബി.എൽ ഓഡിയോ സിസ്റ്റം, ജെസ്റ്റർ കൺട്രോൾ വഴി പ്രവർത്തിപ്പിക്കാവുന്ന ടെയിൽഗേറ്റ് തുടങ്ങിയ ഫീച്ചറുകളും എസ്.യു.വിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

യാതൊരുവിധ മാറ്റങ്ങളും വരുത്താത്ത വിപണിയിലിറങ്ങുന്ന അതേ പ്രൊഡക്ഷൻ യൂനിറ്റ് ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്ന് കമ്പനി അറിയിച്ചു. നിലവിൽ ഹ്യൂമൻ പവർ വിഭാഗത്തിൽ 1000 ടൺ ട്രെയിൻ വലിച്ച റെക്കോർഡ് ഉണ്ടെങ്കിലും, ഒരു എസ്.യു.വി വിഭാഗത്തിൽ ഇത്തരമൊരു നേട്ടം ചരിത്രത്തിൽ ആദ്യമാണ്.

എം.ജി ഗ്ലോസ്റ്ററിന് മുകളിലായി പ്രീമിയം ഡി+ സെഗ്‌മെന്റിലാണ് മജസ്റ്റർ സ്ഥാനം പിടിക്കുക. ടാറ്റ സഫാരി, ടാറ്റ കർവ് തുടങ്ങിയ മോഡലുകൾ വിപണിയിൽ തരംഗം സൃഷ്ടിക്കുമ്പോൾ, തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനാണ് എം.ജി ഇത്തരം വമ്പൻ പ്രൊമോഷനുകൾ ലക്ഷ്യമിടുന്നത്. ഏപ്രിൽ 20ന് നടക്കുന്ന ചടങ്ങിൽ വാഹനത്തിന്റെ വിലയും മറ്റ് ഫീച്ചറുകളും ഔദ്യോഗികമായി പുറത്തുവിടും.

Tags:    
News Summary - MG Majestor SUV sets Guinness World Record by pulling a 406.4 ton train -VIDEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.