ബ്രേക്കിങ് തകരാർ; ഇന്ത്യയിൽ 2179 കാറുകൾ തിരിച്ചുവിളിച്ച് മെഴ്‌സിഡസ്-ബെൻസ്

ബ്രേക്കിങ് സംവിധാനത്തിലെ പ്രശ്‌നത്തെ തുടർന്ന്, 2005 ഒക്‌ടോബറിനും 2013 ജനുവരിക്കും ഇടയിൽ നിർമിച്ച ജി.എൽ, എം.എൽ ക്ലാസ് എസ്‌.യു.വികളുടെയും ആർ-ക്ലാസ് എം.പി.വിയുടെയും 2179 യൂനിറ്റുകൾ തിരിച്ചുവിളിച്ചതായി മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ. ജർമനിയിലെ 70,000 വാഹനങ്ങൾ ഉൾപ്പെടെ ലോകമെമ്പാടും 9,93,407 പഴയ വാഹനങ്ങൾ തിരിച്ചുവിളിച്ചെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.


ബ്രേക്ക് ബൂസ്റ്ററിലെ പ്രശ്നം ഏറ്റവും മോശമായ സാഹചര്യത്തിൽ ബ്രേക്ക് പെഡലും ബ്രേക്കിങ് സിസ്റ്റവും തമ്മിലുള്ള ബന്ധം തടസ്സപ്പെടാൻ ഇടയാക്കും. അതിന്റെ ഫലമായി, സർവീസ് ബ്രേക്കിന്‍റെ പ്രവർത്തനം നിന്നുപോകാമെന്ന കണ്ടെത്തലിനെ തുടർന്നാണ് കമ്പനിയുടെ നടപടി. ചില വാഹനങ്ങൾക്ക് മാത്രം ഒറ്റപ്പെട്ട തകരാറുകൾ റിപ്പോർട് ചെയ്തതോടെയാണ് ഈ നീക്കമെന്ന് മെഴ്‌സിഡസ് വ്യക്തമാക്കി.


ഉടൻ വാഹനങ്ങൾ തിരിച്ചുവിളിച്ച് തുടങ്ങുമെന്നും തകരാറിന് സാധ്യതയുള്ള വാഹനങ്ങളുടെ ഉടമകളുമായി ബന്ധപ്പെടുമെന്നും കമ്പനി അറിയിച്ചു. പരിശോധനയ്ക്കായി വാഹനങ്ങൾ കൊണ്ടുവരാൻ ഉടമകളോട് ആവശ്യപ്പെടും. കൂടാതെ, മെഴ്‌സിഡസ്-ബെൻസ് വെബ്‌സൈറ്റ് വഴി തങ്ങളുടെ വാഹനം തിരിച്ചുവിളിക്കപ്പെട്ടിട്ടുണ്ടോയെന്ന് ഉടമകൾക്ക് പരിശോധിക്കാനും കഴിയും.


അപകടസാധ്യതയുള്ള വാഹനങ്ങൾ പരിശോധിച്ച് ആവശ്യമുള്ളിടത്ത് പുതിയ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കും. പരിശോധന പൂർത്തിയാവുന്നത് വരെ ഉപഭോക്താക്കളോട് അവരുടെ വാഹനങ്ങൾ ഓടിക്കരുതെന്നും കമ്പനി അഭ്യർഥിച്ചു. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ എ.എഫ്‌.പിക്ക് അയച്ച പ്രസ്താവനയിലാണ് വാഹനങ്ങളുടെ തിരിച്ചുവിളി മെഴ്‌സിഡസ്-ബെൻസ് ആദ്യം സ്ഥിരീകരിച്ചത്.

Tags:    
News Summary - Mercedes-Benz India To Recall 2179 Units Of The ML, GL and R-Class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.