ഇന്ത്യയിൽ തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് കാറായ ഇ.ക്യൂ.ഇ എസ്.യു.വി എത്തിക്കാനൊരുങ്ങി മെഴ്‌സിഡസ് ബെൻസ്. ഇ.ക്യൂ.എസ് സെഡാനും ഇ.ക്യൂ.ബി എസ്.യു.വിയുമാണ് നിലവിൽ മെഴ്‌സിഡസിന്‍റേതായി ഇന്ത്യയി യിലുള്ളത്. രാജ്യത്തെ ആഡംബര ഇലക്ട്രിക് വാഹന വിപണിയിൽ വലിയ മത്സരത്തിനാവും ഇ.ക്യൂ.ഇ എസ്.യു.വി വരവ് തുടക്കം കുറിക്കുക.
ഇലക്ട്രിക് ലക്ഷ്വറി എസ്.യു.വി സെഗ്‌മെന്റിലെ എതിരാളികളായ ഓഡി ക്യു 8 ഇ-ട്രോൺ, ബി.എം.ഡബ്ല്യു ഐ.എക്‌സ് എന്നിവക്ക് ഇത് വെല്ലുവിളിയാകും. ആഗോള വിപണിയിൽ ഇ.ക്യൂ.വി ഇതിനകം തന്നെ മെഴ്‌സിഡസ് അവതരിപ്പിച്ചു കഴിഞ്ഞു. 2022 ഒക്ടോബറിലായിരുന്നു ഇത്. ഇ.ക്യു.ഇ സെഡാന്റെ അതേ പ്ലാറ്റ്ഫോമിലാണ് ഇ.ക്യു.ഇ എസ്.യു.വിയുടെയും നിർമാണം. ഇ.ക്യു.എസ് സെഡാനും ഇ.ക്യു.ബി എസ്.യു.വിക്കും ഇടയിലാവും ഇ.ക്യു.ഇ എസ്.യു.വിയുടെ സ്ഥാനം. ഏകദേശം ഒരു കോടി രൂപ (എക്സ് ഷോറൂം) ആരംഭ വില പ്രതീക്ഷിക്കാം.
അഞ്ച് സീറ്റുകളുള്ള മോഡലാണ് ഇ.ക്യു.ഇ. എസ് ക്ലാസിന് സമാനമായ പോർട്രെയിറ്റ്-ഓറിയന്റഡ് സ്‌ക്രീനും സ്റ്റിയറിങ് വീലിന് പിന്നിൽ ഫ്ലോട്ടിങ് ഡിജിറ്റൽ കോൺസോളും ലഭിക്കുന്നു. വോയ്‌സ് കമാൻഡ്, റിമോട്ട് സ്റ്റാർട്ട് ആന്റ് സ്റ്റോപ്പ് എന്നിങ്ങനെ നിരവധി അപ്ഡേറ്റുകലും കണക്റ്റിവിറ്റി ഫീച്ചേഴ്സും ഉണ്ട്. ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന വലിയ ഡിസ്പ്ലേകളാണ് വിശാലമായ ക്യാബിന്റെ ഏറ്റവും ആകർഷകമായ സവിശേഷത.
ധാരാളം സുരക്ഷ സംവിധാനങ്ങൾ നിറഞ്ഞതാണ് ഇ.ക്യൂ.ഇ. എയർബാഗുകൾ, 360-ഡിഗ്രി കാമറ, ഇ.ബി.ഡി ,എബിഎസ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിങ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, പാർക്കിങ് അസിസ്റ്റ് എന്നിങ്ങനെ നീളുന്നു ഇത്.
എസ്.യു.വിക്ക് ആഗോളതലത്തിൽ ധാരാളം പവർട്രെയിനുകൾ ലഭിക്കുന്നു. അടിസ്ഥാന വേരിയന്റായ ഇ.ക്യൂ.ഇ 350 പ്ലസിന് 288 ബി.എച്ച്.പി പവറും 565 എൻ.എം പീക്ക് ടോർക്കും നൽകുന്ന സിംഗിൾ-മോട്ടോർ, റിയർ-വീൽ ഡ്രൈവ് സജ്ജീകരണമാണുള്ളത്. 590 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.
കൂടുതൽ ശക്തമായ ഇ.ക്യൂ.ഇ 350 ഫോർ മാറ്റിക്കിൽ 288 ബി.എച്ച്.പി 765 എൻ.എം ടോർക്കുമുള്ള ഡ്യുവൽ മോട്ടോർ സംവിധാനമാണുള്ളത്. 538 കി.മീറ്ററാണ് റേഞ്ച്. ഇ.ക്യൂ.ഇ 500 ഫോർ മാറ്റിക്കാണ് ഏറ്റവും ഉയർന്ന പതിപ്പ്. ഒറ്റ ചാർജിൽ 521കി.മീറ്ററാണ് ഇതിന്‍റെ റേഞ്ച്. 402 ബി.എച്ച്.പി കരുത്തും 858 എൻ.എം ടോർക്കും ഇത് നൽകും. ഓൾ-വീൽ ഡ്രൈവ് (AWD) ഈ പതിപ്പിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.