ഇ.വി നിരയിലേക്ക് പുതിയൊരു വാഹനത്തെക്കൂടി അവതരിപ്പിച്ച് മെഴ്സിഡസ് ബെൻസ്. 74.50 ലക്ഷം രൂപയിൽ ബെൻസ് ഇ.ക്യു.ബി ഇന്ത്യയിൽ എത്തി. വാഹനത്തിന്റെ ബുക്കിങ് നേരത്തേതന്നെ ആരംഭിച്ചിരുന്നു. നിലവിലുള്ള ഇലക്ട്രിക് മോഡലായ ഇ.ക്യു.സിക്ക് താഴെയാണ് ബെൻസ് ഇ.ക്യു.ബിയെ പ്രതിഷ്ടിച്ചിരിക്കുന്നത്.
ഇ.ക്യു.ബി മോഡലിന് സമാനമായാണ് ഇലക്ട്രിക് മോഡലിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈനുകൾ. ഗ്രില്ല് ഹെഡ്ലൈറ്റ്, ടെയിൽ ലൈറ്റ്, ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവയിൽ മറ്റ് ബെൻസ് ഇ.വികൾക്ക് നൽകിയിരിക്കുന്നതുപോലുള്ള മാറ്റങ്ങൾ ഉണ്ട്. മുന്നിലും പിന്നിലും വീതിയുള്ള എൽ.ഇ.ഡി ലൈറ്റ് ബാർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 18 ഇഞ്ച് അലോയ് വീലുകൾ 5 നിറങ്ങളിൽ ലഭ്യമാണ്. കോസ്മോസ് ബ്ലാക്ക്, റോസ് ഗോൾഡ്, ഡിജിറ്റൽ വൈറ്റ്, മൗണ്ടൻ ഗ്രേ, ഇറിഡിയം സിൽവർ എന്നിവയാണവ.
പവർട്രെയിൻ, ബാറ്ററി, റേഞ്ച്
ആഗോളതലത്തിൽ, ഇ.ക്യു.ബി വ്യത്യസ്ത പവർ ഔട്ട്പുട്ടുകളുള്ള രണ്ട് വേരിയന്റുകളിൽ വരും. 228hp ഉം 390Nm ഉം നൽകുന്ന ഇ.ക്യു.ബി 300, 292hp ഉം 520Nm ഉം നൽകുന്ന ഇ.ക്യു.ബി 350 എന്നിവയാണവ. ഇന്ത്യയിൽ ലഭ്യമായിരിക്കുന്നത് കരുത്തുകുറഞ്ഞ വകഭേദമാണ്. ഓൾ-വീൽ ഡ്രൈവ് ലേഔട്ടും ഇന്ത്യൻ വാഹനത്തിന് ലഭിക്കും. ഇരട്ട ഇലക്ട്രിക് മോട്ടോറുകൾ വഴി നാല് ചക്രങ്ങളിലേക്കും പവർ അയയ്ക്കുന്ന സംവിധാനമാണിത്. 0-100kph വേഗത ആർജിക്കാൻ ഇ.ക്യു.ബിക്ക് എട്ട് സെക്കൻഡ് മതിയാകും.
66.5kWh ബാറ്ററി പാക്ക് സജ്ജീകരിച്ചിരിക്കുന്ന ഈ ഇലക്ട്രിക് എസ്.യു.വി 423 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ബാറ്ററി പാക്കിന് 8 വർഷത്തെ വാറന്റി ബെൻസ് നൽകും. 11kW എസി ചാർജർ ഉപയോഗിച്ച് 6 മണിക്കൂർ 25 മിനിറ്റിൽ ഇ.ക്യു.ബി 100 ശതമാനം ചാർജ് ചെയ്യാൻ കഴിയും. 100kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 32 മിനിറ്റിൽ വാഹനം 80 ശതമാനം ചാർജ് ചെയ്യാം.
നിലവിൽ ഇന്ത്യൻ വിപണിയിലുള്ള ഒരേയൊരു ഏഴ് സീറ്റർ ഇലക്ട്രിക് എസ്.യു.വിയാണ് ഇ.ക്യു.ബി. വാഹനത്തിന് നേരിട്ട് എതിരാളികൾ ഒന്നും തന്നെയില്ല. എതിരാളിയായി കണക്കാക്കാവുന്ന വോൾവോ എക്സ്.സി 40 റീചാർജിനേക്കാൾ 17.60 ലക്ഷം രൂപ വില കൂടുതലാണ് ഇ.ക്യുബിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.