15 വർഷം, 25 ലക്ഷം ഡിസയറുകൾ; സെഡാനുകളുടെ ഒരേയൊരു രാജാവ്​

ഇന്ത്യക്കാർക്കിപ്പോൾ എസ്‌.യു.വികളിലാണ്​ കമ്പമെന്നത്​ ആരും നിഷേധിക്കാത്ത സത്യമാണ്​. പല ക്ലാസിക്​ സെഡാനുകളും ഊർധശ്വാസം വലിക്കുമ്പോഴും പതറാതെ മുന്നേറുന്നൊരു മോഡലുണ്ട്​. ഇന്ത്യക്കാരുടെ സ്വന്തം മാരുതിയുടെ ഡിസയർ സെഡാനാണത്​. പുറത്തിറങ്ങി 15 വർഷം പിന്നിടുമ്പോൾ 25 ലക്ഷം വിൽപ്പനയെന്ന ചരിത്ര നേട്ടത്തിലാണ്​ ഡിസയർ.

വിൽപ്പനയുടെ കാര്യത്തിൽ പല സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളേയും പിന്നിലാക്കിയാണ് ഡിസയറിന്റെ കുതിപ്പ്. കോംപാക്‌ട് സെഡാൻ സെഗ്മെന്റിലെ വിപണി വിഹിതത്തിന്റെ 50 ശതമാനത്തോളമാണ് ഡിസയറിന്റെ കൈയിലുള്ളത്. ഡിസയറിന് എതിരാളിയായ ഒരു കോംപാക്റ്റ് സെഡാനും ഇതുവരെ ഇന്ത്യയിൽ 10 ലക്ഷം എന്ന വിൽപ്പനനേട്ടം പോലും പിന്നിട്ടിട്ടില്ല.

2008-09 സാമ്പത്തിക വർഷത്തിലാണ് വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുന്നത്. 15 വർഷത്തിനിടയിൽ മൂന്ന് തലമുറ മാറ്റങ്ങളാണ്​ ഡിസയറിൽ മാരുതി വരുത്തിയത്​. തുടക്കം മുതൽ ജനപ്രിയ വാഹനമായിരുന്നു ഡിസയർ. 2009-10 സാമ്പത്തിക വർഷത്തിൽ തന്നെ സെഡാൻ ഒരു ലക്ഷം വിൽപ്പന നാഴികക്കല്ലും പൂർത്തിയാക്കി. 2012-13 കാലയളവിൽ ഡിസയറിന്റെ വിൽപ്പന അഞ്ച് ലക്ഷം കടന്നു. തുടർന്ന് 2015-16 ൽ 10 ലക്ഷവും 2017-18 ൽ 15 ലക്ഷവും കടന്നിരുന്നു.


ഉപഭോക്താക്കൾ സെഡാനുകളേക്കാൾ എസ്‌യുവികൾ വാങ്ങുന്ന പുതിയ കാലത്തും ഡിസയർ അതിന്റെ വിൽപ്പന നിലനിർത്തുന്നുണ്ട്​. എല്ലാ മാസവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായി വിൽപ്പന ചാർട്ടുകളിലെ സ്ഥിരം സാന്നിധ്യമായും ഡിസയർ തുടരുന്നു. ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ എന്നിവയ്‌ക്കൊപ്പമാണ് മാരുതി സുസുകി ഡിസയറും മത്സരിക്കുന്നത്.

തുടക്കകാലത്ത് ഡീസൽ, പെട്രോൾ എഞ്ചിനുകളോടെയാണ് വാഹനം വിപണനം ചെയ്‌തിരുന്നതെങ്കിൽ ഇന്ന് പെട്രോൾ, സിഎൻജി ഓപ്ഷനുകളിലാണ് ഡിസയർ വാങ്ങാനാവുന്നത്. ടാക്‌സി ഓടുന്നവരുടേയും പ്രിയ വാഹനമാണിത്. മൈലേജ് കിങ് എന്ന ടാഗിനൊപ്പം കുറഞ്ഞ മെയിന്റനെൻസും കാറിന്റെ ഹൈലൈറ്റാണ്. മാരുതി സുസുകി അരീന ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന ഡിസയറിന് 6.53 ലക്ഷം മുതൽ 9.39 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. LXi, VXi, ZXi, ZXi പ്ലസ് എന്നീ വേരിയന്റുകളിൽ എത്തുന്ന വാഹനം ഏഴ് വ്യത്യസ്ത കളർ ഓപ്ഷനുകളിലും വാങ്ങാനാവും. 1.2 ലിറ്റർ പെട്രോൾ, സിഎൻജി എന്നിവയാണ് കാറിലെ എഞ്ചിൻ ഓപ്ഷനുകൾ.


അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി ഗിയർലെസ് ട്രാൻസ്മിഷനുമായി ജോടിയാക്കിയ പെട്രോൾ എഞ്ചിന് 89 ബി.എച്ച്​.പി പവറിൽ പരമാവധി 113 എൻ.എം ടോർക്​ വരെ നൽകാനാവും. സിഎൻജിയിൽ 76 bhp കരുത്തിൽ 98.5 എൻ.എം ടോർക്​ ആണ്​ ലഭിക്കുക. ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഫോൾഡിംഗ് ഔട്ട്‌സൈറ്റ് റിയർവ്യൂ മിററുകൾ, പ്രിസിഷൻ കട്ട് അലോയ് വീലുകൾ തുടങ്ങിയ ഫീച്ചറുകളുമായാണ് മാരുതി സുസുക്കി ഡിസയർ വിപണിയിലെത്തുന്നത്.

Tags:    
News Summary - Maruti Suzuki Dzire reaches 25 lakh units sales milestone, grabs 50% market share

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.